ദേശീയ സരസ് മേളയ്ക്ക് ചൊവ്വാഴ്ച സമാപനം
മാങ്ങാട്ടുപറമ്പ് ഗവ. എഞ്ചിനീയറിങ്ങ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന അഞ്ചാമത് ദേശീയ സരസ് മേളയ്ക്ക് ചൊവ്വാഴ്ച (ഡിസംബര്‍ 31) തിരശീല വീഴും. 400 ഓളം വരുന്ന ചെറുകിട സംരംഭകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങളും കഴിവും പ്രദര്‍ശിപ്പിക്കാനുള്ള വേദിയാണ് സരസിലൂടെ ലഭിച്ചത്. ഡിസംബര്‍ 20ന് ആരംഭിച്ച മേളയില്‍ ഇതുവരെ 12 ലക്ഷം പേര്‍ എത്തി. ഇതിനോടകം തന്നെ ഒമ്പത് കോടി രൂപയുടെ വരുമാനവും നേടി.
കണ്ണൂര് പൊളിയാണ്
കണ്ണൂര് പൊളിയല്ലേ.. ഇവിടെ പെശകുകള്‍ ഇല്ല... ആള്‍ക്കാര്‍ അടിപൊളിയാണ്. ഗ്രാമപ്രദേശമാണെന്നറിഞ്ഞപ്പോള്‍ ആദ്യം ഒന്ന് പേടിച്ചു. ഇപ്പൊ അതൊക്കെ മാറി - അഞ്ചാമത് ദേശീയ സരസ് മേളയിലെ പാലക്കാടു നിന്നുള്ള അഞ്ജുവിന്റെ വാക്കുകളാണിത്. തികഞ്ഞ ഗ്രാമീണാന്തരീക്ഷത്തില്‍ മാങ്ങാട്ടുപറമ്പിലെ ഗവ. എഞ്ചിനീയറിങ്ങ് കോളേജ് ഗ്രൗണ്ടില്‍ മേള സംഘടിപ്പിക്കാനൊരുങ്ങിയപ്പോള്‍ അഞ്ജുവിന്റെ മാത്രമല്ല മുഴുവന്‍ സംരംഭകരുടെയും സംഘാടകരുടെയും പേടി ഇത് തന്നെയായിരുന്നു. ചെറുകിട സംരംഭകരുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണി ഒരുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മേളയില്‍ കച്ചവടം നടന്നില്ലെങ്കില്‍ പണി പാളും. എന്നാല്‍ മേളയ്ക്ക് തിരശ്ശീല വീഴാന്‍ ഒരു ദിനം മാത്രം ശേഷിക്കേ ആശങ്കകള്‍ക്ക് പകരം നിറഞ്ഞ പുഞ്ചിരിയാണ് ഏവരുടേയും മുഖത്ത്. വരുമാനം കൊണ്ട് മാത്രമല്ല ജനപങ്കാളിത്തം കൊണ്ടും സരസ് മേളയുടെ ചരിത്രത്തില്‍ തന്നെ പുതിയൊരു അധ്യായമാണ് കണ്ണൂര്‍ എഴുതിച്ചേര്‍ക്കുന്നത്.
മേള അവസാനിക്കാനിരിക്കെ തികഞ്ഞ സംതൃപ്തിയിലാണ് മേള നഗരിയിലെത്തിയ ഓരോ ചെറുകിട സംരംഭകനും. പലര്‍ക്കും കൊണ്ടുവന്ന ഉല്‍പന്നങ്ങള്‍ തികഞ്ഞില്ലെന്ന സങ്കടം മാത്രമാണ് ബാക്കി. മുത്തുമാലയുമായെത്തിയ കോട്ടയത്തെ ഗോപാലേട്ടന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത് കണ്ണൂരില്‍ നിന്നാണ്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് അദ്ദേഹം സരസ് മേളയുടെ ഭാഗമാകുന്നത്. പാലക്കാട് നിന്നും വിവിധ തരം സ്‌ക്വാഷുകളുമായി മേളയിലെത്തിയ സിന്ധുവിനും യമുനയ്ക്കും സമാനമായ കഥയാണ് പറയാനുള്ളത്. നെല്ലിക്ക സിറപ്പിനും കാന്താരി സിറപ്പിനും ആവശ്യക്കാര്‍ ഏറെയായിരുന്നു. ആലപ്പുഴയില്‍ നിന്ന് ആയുര്‍വേദ ഉല്‍പന്നങ്ങളുമായി എത്തിയ വിജിയും ആശയും ആദ്യം പ്രശംസിച്ചത് ഇവിടുത്തെ ഓട്ടോ ചേട്ടന്മാരെയാണ്. വഴി പറഞ്ഞു കൊടുക്കാനും കൊറിയര്‍ എത്തിക്കാനും തുടങ്ങി എന്താവശ്യത്തിനും ഓടിയെത്താന്‍ ഓട്ടോ ചേട്ടന്മാര്‍ മുന്നിലുണ്ടായിരുന്നെന്ന് അവര്‍ പറയുന്നു. മികച്ച വില്‍പനയ്‌ക്കൊപ്പം കണ്ണൂരിനെ കുറിച്ചുള്ള അഭിപ്രായം തന്നെ മാറാന്‍ മേളയിലൂടെ സാധിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇവരെപ്പോലെ കേരളത്തിനകത്തും പുറത്തും നിന്നെത്തിയ ഓരോ സംരംഭകനും പറയാനുള്ളത് നല്ല അനുഭവങ്ങള്‍ മാത്രമാണ്.
കൈയ്യടി കുടുംബശ്രീക്ക്
'സരസ് മേളയുടെ വിജയകരമായ നടത്തിപ്പില്‍ കൈയ്യടി നേടുന്നത് താഴേത്തട്ട് മുതലുള്ള കുടുംബശ്രീ പ്രവര്‍ത്തകരുടെ കഠിനാധ്വാനവും ആത്മസമര്‍പ്പണവുമാണ്. പ്രചരണം മുതല്‍ എല്ലാ കാര്യങ്ങളിലും തങ്ങളുടെ സംഘടനാ ശക്തി പ്രകടിപ്പിക്കാന്‍ കുടുംബശ്രീക്ക് സാധിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി തീര്‍ത്തും ഗ്രാമീണ സ്വഭാവമുള്ള പ്രദേശത്ത് സംഘടിപ്പിക്കുന്നതിനാലും പ്രദേശം ഇത്തരത്തിലുള്ള വിപണന മേളയ്ക്ക് ഇതുവരെ ആതിഥ്യമരുളാത്തതിനാലും ആളുകള്‍ എത്തുമോ എന്നതായിരുന്നു ഞങ്ങളുടെ ആശങ്ക. ആ ആശങ്ക തന്നെയാണ് അസാധാരണമായ വിജയത്തിലെത്താന്‍ കണ്ണൂര്‍ സരസിനെ പ്രേരിപ്പിച്ചതും' - കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത് പറയുന്നു. സരസിന്റെ വിജയകരമായ നടത്തിപ്പിന് കുടുംബശ്രീയുടെ സംഘടനാ ശക്തിയെ പരമാവധി പ്രയോജനപ്പെടുത്തുക എന്നതായിരുന്നു ആദ്യപടി. ജില്ലയിലെ 20,000 അയല്‍ക്കൂട്ടങ്ങളെയും ഇതിനായി സജ്ജമാക്കുകയും അവരെ മേളയുടെ പ്രവര്‍ത്തകരും പ്രചാരകരുമാക്കി മാറ്റുകയും ചെയ്തു. അതാത് സി ഡി എസ്സുകളായിരുന്നു ഇതിന്റെ നേതൃത്വം വഹിച്ചത്. അയല്‍ക്കൂട്ട സംവിധാനത്തെ കേന്ദ്രീകരിച്ചു കൊണ്ടായിരുന്നു മുഴുവന്‍ പ്രവര്‍ത്തനങ്ങളും. നാമമാത്രമായ പ്രചാരണം മാത്രമാണ് ജില്ലാ തലത്തില്‍ സംഘടിപ്പിച്ചത്. 20 ആര്‍ച്ചുകള്‍, 25,000 നോട്ടീസുകള്‍, നൂറോളം പ്രചരണ ബോര്‍ഡുകള്‍, 500 ബാനര്‍ എന്നിവ മാത്രമാണ് സംഘാടക സമിതി തയ്യാറാക്കിയത്. ബാക്കി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുഴുവനും സി ഡി എസ്സിന്റെ നേത്യത്വത്തിലായിരുന്നു. മേളയുടെ പ്രചാരണം ഏറ്റവും അടിത്തട്ടില്‍ വരെയും എത്തിക്കാനായി എന്നതാണ് പ്രധാന നേട്ടം - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലക്ഷക്കണക്കിന് മനുഷ്യരെ ജാതിയോ മതമോ വസ്ത്രമോ ഭാഷയോ വേര്‍തിരിവില്ലാതെ ഒന്നിച്ചു നിര്‍ത്താനായി എന്നതാണ് സരസ് മേളയുടെ സാമൂഹിക വിജയം. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും പൊതു ഇടമായി മാറാന്‍ മേളയ്ക്ക് സാധിച്ചു. യാതൊരുവിധ അച്ചടക്ക പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല എന്നതും ഏറെ അഭിനന്ദനാര്‍ഹമാണ്.
- Log in to post comments