ലൈഫ്മിഷന്‍ കുടുംബ സംഗമം ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു
ജില്ലയിലെ ലൈഫ്മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും നടത്തുന്നതിന്റെ ഭാഗമായി ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു. തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ രക്ഷാധികാരിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ചെയര്‍മാനും ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു കണ്‍വീനറുമായാണ് സംഘാടകസമിതി രൂപീകരിച്ചത്. തുടര്‍ന്ന് വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു.
ജില്ലാതല ലൈഫ് സംഗമം ജനുവരി 16ന് രാവിലെ 10 മണിക്ക് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ടാഗോര്‍ സെന്റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്യും. ലൈഫ് ഗുണഭോക്താക്കള്‍ക്കും കുടുംബങ്ങള്‍ക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും ലഭ്യമാകേണ്ട വിവിധ സാമൂഹ്യ സുരക്ഷാ സേവനങ്ങള്‍ കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിന് ഓരോ സംഗമ വേദിയിലും വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സ്റ്റാളുകള്‍ ഉണ്ടായിരിക്കും.
ആധാര്‍, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, റേഷന്‍ കാര്‍ഡ്, പ്രധാനമന്ത്രി ഉജ്വല്‍ യോജന, സ്വച്ഛ്ഭാരത് അഭിയാന്‍, തൊഴില്‍ പരിശീലനം, തൊഴില്‍ കാര്‍ഡ്, ചെറുകിട തൊഴില്‍ സംരംഭങ്ങള്‍, തൊഴില്‍ ക്ഷേമനിധി, പെന്‍ഷനുകള്‍, മത്സ്യകൃഷി, മുളകൃഷി, ഡയറി, കൃഷി, പട്ടികജാതി-വര്‍ഗ, ആരോഗ്യ സാമൂഹ്യക്ഷേമ പദ്ധതികള്‍, സാമൂഹ്യ സുരക്ഷാ സേവനങ്ങള്‍ ലഭ്യമാകും.
എഗ്രിമെന്റ് വച്ച ആകെ ഗുണഭോക്താക്കളുടെ എണ്ണം 18435 പൂര്‍ത്തീകരിച്ച ആകെ വീടുകളുടെ എണ്ണം 13319 ബാക്കി പൂര്‍ത്തീകരിക്കാനുള്ള ആകെ വീടുകളുടെ എണ്ണം 5315 ജനുവരി 26 ന് പൂര്‍ത്തിയാവുന്നത് 15000 വീടുകളാണ്. ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് ജനുവരി 13ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ജനവരി 7 മുന്‍സിപ്പല്‍ ടൗണ്‍ഹാള്‍, വടകര ബ്ലോക്ക് പഞ്ചായത്ത് ജനുവരി 6 ന് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ജനുവരി 15ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിലും മേലടി ബ്ലോക്ക് പഞ്ചായത്ത് ജനുവരി 14 ന് മേപ്പയ്യൂരും, തൂണേരി ബ്ലോക്ക് പഞ്ചായത്ത് ജനുവരി 10 നും കുന്നുമ്മല്‍ ബ്ലോക്ക് ജനുവരി 16നും തോടന്നൂര്‍ ബ്ലോക്ക് ജനുവരി 14 ന് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, പേരാമ്പ്ര ബ്ലോക്ക് ജനുവരി 14 ന്, പന്തലായനി ബ്ലോക്ക് ടൗണ്‍ ഹാള്‍ കൊയിലാണ്ടിയിലും ചേളന്നൂര്‍ ബ്ലോക്ക് ജനുവരി 10, കുന്ദമംഗലം ബ്ലോക്ക് ജനുവരി 11 വടകര മുനിസിപ്പാലിറ്റി, ജനുവരി 13 ടൗണ്‍ ഹാള്‍ ഫറോക്ക് ജനുവരി 14 നും ബ്ലോക്ക്തല കുടുംബ സംഗമവും അദാലത്തും നടത്തും.
കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല സംഘാടക സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, കലക്ടര്‍ സാംബശിവറാവു, പ്രാജക്ട് ഡയറക്ടര്‍ സിജു തോമസ്, ലൈഫ്മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജോര്‍ജ് ജോസഫ്, തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ സ്പെഷല്‍ സ്പോര്‍ട്സ് മീറ്റ് ;
സ്പെഷല്‍ സ്‌കൂളുകള്‍ക്ക് പങ്കെടുക്കാം
നെഹ്റു യുവകേന്ദ്ര കോഴിക്കോട്, ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍, ഉഷ സ്്കൂള്‍ ഓഫ് അത്ലറ്റിക്സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല സ്പെഷല്‍ സ്പോര്‍ട്സ് മീറ്റ് 2020 ജനുവരി 10, 11 തിയ്യതികളില്‍ നടക്കും. ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് പൂനൂര്‍ ലയണ്‍സ് ടര്‍ഫിലും അത്ലറ്റിക് മീറ്റ് കിനാലൂര്‍ ഉഷാ സ്‌കൂള്‍ ഓഫ് അത്ലറ്റിക്സിലുമാണ് നടക്കുക. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷല്‍ സ്‌കൂളുകള്‍, ബഡ്സ് സ്‌കൂളുകള്‍, നെഹ്റു യുവകേന്ദ്രയില്‍ രജിസറ്റര്‍ ചെയ്ത യൂത്ത് ക്ലബ്ബുകള്‍ എന്നിവയ്ക്ക് ടീമിനെ പങ്കെടുപ്പിക്കാം. ഫുട്ബോള്‍ മത്സരത്തിന് പത്തുപേരുടെയും സ്പോര്‍ട്സ് മത്സരങ്ങളില്‍ ഇരുപത് പേരുടെയും ടീമംഗങ്ങളെ പങ്കെടുപ്പിക്കാം. താല്പര്യമുള്ളവര്‍ ജനുവരി അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9895591089,9495645088, 9946661059.
ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിങ്
കോഴിക്കോട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലും എംപ്ലോയിസ് കോമ്പന്‍സേഷന്‍ കമ്മീഷണറും എംപ്ലോയീസ് ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയുമായ കെ.വി രാധാകൃഷ്ണന്‍ ജനുവരി ഏഴ്, 14, 21 തീയതികളില്‍ കണ്ണൂര്‍ ലേബര്‍ കോടതിയിലും 28 ന് തലശ്ശേരി ബാര്‍ അസോസിയേഷന്‍ ഹാളിലും ബൈസെന്റിനറി ഹാളിലും സിറ്റിങ് നടത്തും. 31 ന് കാസര്‍കോട് ജില്ലാ ലേബര്‍ ഓഫീസിലും എട്ട്, ഒന്‍പത് 10,15,16,17 തീയതികളില്‍ ആസ്ഥാനത്തും തൊഴില്‍തര്‍ക്ക കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും എംപ്ലോയീസ് ഇന്‍ഷൂറന്‍സ് കേസുകളും വിചാരണ ചെയ്യും.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്മെന്റിലെ കാഡ് ലാബില്‍ കംപ്യൂട്ടറില്‍ ഇലക്ട്രിക്ക് കണക്ഷന്‍ വര്‍ക്ക് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി നാലിന് ഉച്ചയ്ക്ക് 2 മണി. ഫോണ്‍: 0495 2383220. 0495 2383210.
പ്ലാസ്റ്റിക്കിന് വിട : ബദല്‍ മാര്‍ഗ്ഗങ്ങളുമായി ഉത്പന്ന പ്രദര്‍ശനം
പ്ലാസ്റ്റിക് നിരോധനം നിലവില്‍ വരുമ്പോള്‍ മനസ്സില്‍ ഉയരുന്ന ചോദ്യമാണ് മീനും പച്ചക്കറിയും പലചരക്ക് സാധനങ്ങളും വാങ്ങിക്കാന്‍ എന്തു ചെയ്യുമെന്ന്? അത്തരം ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരമാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത്, ശുചിത്വ മിഷന്‍, ഹരിതകേരള മിഷന്‍, കുടുംബശ്രീ എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനം.
കണ്ടംകുളം ജൂബിലി ഹാളില്‍ നടന്ന മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ സാംബശിവ റാവു ആദ്യ വില്പന നടത്തി. ചടങ്ങില്‍ കുടുംബശ്രീ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.സി കവിത അധ്യക്ഷത വഹിച്ചു. ജനുവരി ഒന്നു മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം നിലവില്‍ വരുന്ന സാഹചര്യത്തിലാണ് പ്ലാസ്റ്റിക് ബദല്‍ ഉത്പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നത്.
ഡിസ്പോസബിള്‍ പാത്രങ്ങള്‍ക്ക് പകരമുള്ള പ്ലേറ്റുകളും ഗ്ലാസുകളും പാത്രങ്ങളും പ്ലാസ്റ്റിക് കവറുകള്‍ പോലുളള കവറുകളും പ്രദര്‍ശനത്തില്‍ കാണാം. കരിമ്പ് ചോളം എന്നിവ അരച്ച് തയ്യാറാക്കുന്ന മാവ് ഉപയോഗിച്ചാണ് പ്ലാസ്റ്റിക്കിന് സമാനമായ ഈ ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. ഉപയോഗിച്ച് കഴിഞ്ഞാല്‍ വെള്ളത്തില്‍ അലിയിച്ചു കളയാം എന്നതാണ് ഈ കവറിന്റെ പ്രത്യേകത. ഒരു കിലോ കവറിന് 400 രൂപ മുതലും പ്ലേറ്റുകള്‍ക്ക് ഒന്നിന് 8 രൂപ മുതലുമാണ് വില. പ്ലാസ്റ്റിക് ടൂത്ത് ബ്രഷിന് പകരം മുളകൊണ്ട് നിര്‍മ്മിച്ച ബ്രഷും ഉപയോഗിച്ച് പേപ്പറുകള്‍ പുനചംക്രമണം നടത്തി നിര്‍മ്മിച്ച നോട്ട് പുസ്തകങ്ങളും കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്.
വൃക്ഷത്തൈകള്‍ നടുന്നതിനായി പാളക്കവറുകളും മേള പരിചയപ്പെടുത്തുന്നു. മൂന്നുവര്‍ഷം വരെ ഇവ ഉപയോഗിക്കാന്‍ സാധിക്കും. വിവിധതരം തുണിസഞ്ചികള്‍, പേപ്പര്‍ ബാഗുകള്‍, പാള പ്ലേറ്റ്, പേപ്പര്‍ പേനകള്‍, മുള കൊണ്ടുള്ള ഉത്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, പേപ്പര്‍ സ്ട്രോ, ചണം ഉത്പന്നങ്ങള്‍, തുണികൊണ്ടുള്ള ബാഗുകള്‍, സ്പൂണിന് പകരമുള്ള ജൈവ ഉത്പ്പന്നം, കരിമ്പിന്‍ ചണ്ടി കൊണ്ടുള്ള പ്ലേറ്റ്, ഗ്ലാസ്, വി സ്‌മൈല്‍ വൊക്കേഷണല്‍ ട്രെയിനിങ് ആന്‍ഡ് പ്ലേസ്മെന്റ് സെന്ററിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച പേപ്പര്‍ ബാഗ്, ഫയല്‍, പേപ്പര്‍ പെന്‍, ചവിട്ടി എന്നിവയും പ്രദര്‍ശനത്തില്‍ ഉണ്ട്.
ഉത്പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനും മേളയില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ജില്ലയിലെ വിവിധ കുടുബശ്രീ യൂണിറ്റുകള്‍, സ്വയംസംരഭക ഗ്രൂപ്പുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവരും പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
സബ്കലക്ടര്‍ ജി പ്രിയങ്ക, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ഇന്‍ചാര്‍ജ് കെ കൃഷ്ണകുമാരി, ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി പ്രകാശന്‍, ശുചിത്വ മിഷന്‍ അസി. കോര്‍ഡിനേറ്റര്‍ ഫെമി ടോം, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ നിയാസ്, ഹരിയാലി ഹരിത സഹായ സ്ഥാപനം കോര്‍ഡിനേറ്റര്‍ മണലില്‍ മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ശുചിത്വമിഷന്‍ ജീവനക്കാര്‍, ഹരിത കേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍മാര്‍ തുടങ്ങിയവര്‍ പ്രദര്‍ശനത്തിന് നേതൃത്വം നല്‍കി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മുനിസിപ്പാലിറ്റി, ബ്ലോക്ക് തലങ്ങളില്‍ എക്സിബിഷന്‍ നടത്തും.
- Log in to post comments