ഓണ്‍ലൈന്‍ ട്യൂഷന് ജില്ലയില്‍ തുടക്കമായി
പഠന നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ പതിനാറു സ്‌കൂളുകളില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ട്യൂഷന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു നിര്‍വഹിച്ചു. തിരുവന്തപുരത്തെ ഓഫീസില്‍ നിന്ന് ഓണ്‍ലൈനായാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വഹിച്ചത്. ജില്ലാ ഭരണകൂടം, ആസൂത്രണ സമിതി, ഐ.ടി മിഷന്റെ കീഴിലുള്ള അക്ഷയ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പഠന സഹായത്തിനും പഠന നിലവാരം മെച്ചപ്പെടുത്താനുമാണ് ഓണ്‍ലൈന്‍ ട്യൂഷന്‍ പദ്ധതി ആരംഭിച്ചിരിക്കുന്നത്.
അദ്ധ്യാപകരുടെ ആശങ്കകള്‍ ചര്‍ച്ചചെയ്ത് പരിഹരിച്ച് അദ്ധ്യാപകര്‍ക്ക് പരമാവധി സൗകര്യപ്രദമായിട്ടാണ് ക്ലാസുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ജി വി എച്ച് എസ് എസ് ദേവിയാര്‍ കോളനി, പത്താംമൈല്‍, ഗവ.എച്ച് എസ് എസ് ബൈസണ്‍വാലി, ഗവ.എച്ച് എസ് പാമ്പനാര്‍, ജി.എച്ച്എസ്എസ് വണ്ടിപ്പെരിയാര്‍, ജിഎച്ച്എസ് ചിന്നക്കനാല്‍, ജിഎച്ച്എസ് മറയൂര്‍, ജിഎച്ച്എസ് കോടിക്കുളം, എസ്എന്‍വിഎംഎച്ച്എസ്എസ് വണ്ണപ്പുറം, ജിവിഎച്ച്എസ്എസ് തട്ടക്കുഴ, ജി.റ്റി.എച്ച്.എസ്.എസ് മുരിക്കാട്ടുകുടി, ജി.എച്ച്.എസ് വളകോട്, ജി.വി.എച്ച്.എസ്.എസ് നെടുങ്കണ്ടം, സെന്റ് സേവ്യേഴ്സ് എച്ച്എസ്എസ് ചെമ്മണ്ണാര്‍, ജിവിഎച്ച്എസ്എസ് വാഴത്തോപ്പ്, സെന്റ് അഗസ്റ്റിന്‍സ് എച്ച്എസ്എസ് കരിങ്കുന്നം, ജിറ്റിഎച്ച്എസ്എസ് പൂമാല എന്നിവിടങ്ങളാണ് ആദ്യ ഘട്ട ഓണ്‍ലൈന്‍ ട്യൂഷന്‍ ക്ലാസ് റൂമുകള്‍. ആദ്യഘട്ടത്തില്‍ 10-ാം ക്ലാസുകളിലെ കുട്ടികള്‍ക്ക് കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ക്കാണ് റിവിഷന്‍ ക്ലാസുകള്‍ നല്‍കുക. പരീക്ഷയ്ക്ക് മുന്‍പ് 30 മണിക്കൂറായിരിക്കും റിവിഷന്‍ ക്ലാസ് ട്യൂഷന്‍ നല്‍കുക.
കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പരിപാടിയില്‍ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡണ്ട് റിന്‍സി സിബി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ മിനി ടി.കെ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെകെ ഷീല, അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആന്റണി സ്‌കറിയ, അക്ഷയ ജില്ലാ പ്രോഗ്രാം മാനേജര്‍ ഷംനാദ് സി.എം, ഡി.പി.സി അംഗം എം ഹരിദാസ്, ഡെപ്യൂട്ടി ഡിപിഒ സാബു വര്‍ഗീസ്, ഡയറ്റ് ലക്ച്ചറര്‍ ജിജോ എം തോമസ്, വിവിധ സ്‌കൂളുകളില്‍ നിന്നും പരിശീലനം ലഭിച്ച അധ്യാപകര്‍, വിവിധ വകുപ്പ് മേലധികാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments