Skip to main content

ഉച്ചക്കൊരൂണ്‍ പദ്ധതിക്ക് ഒരു വയസ്സ്

 

സിവില്‍ സ്റ്റേഷനിലെത്തുന്ന നിര്‍ധനര്‍ക്ക് ആശ്വാസമായി വിശ്വാസ് (വിക്ടിംസ് ഇന്‍ഫര്‍മേഷന്‍, സെന്‍സിറ്റൈസേഷന്‍, വെല്‍ഫെയര്‍ ആന്‍ഡ് അസിസ്റ്റന്‍സ് സൊസൈറ്റി) ഒരുക്കിയ ഉച്ചക്കൊരൂണ്‍ പദ്ധതിക്ക് ഇന്ന് (ജനുവരി 1) ഒരു വയസ് തികയുന്നു. കോടതി ഉച്ചയൂണിന് പിരിയുമ്പോള്‍ കോടതി വരാന്തയിലും മരത്തണലിലും മറ്റും വിശപ്പ് സഹിച്ചിരുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണമൊരുക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നിന് വിശ്വാസിന്റെ പ്രസിഡന്റുകൂടിയായ ജില്ലാ കലക്ടര്‍ ഡി. ബാലമുരളിയാണ് ഉച്ചക്കൊരൂണ്‍ പദ്ധതി ഉദ്ഘാടനം ചെയ്തത്.

സിവില്‍ സ്റ്റേഷനിലെ ഓഫീസുകളിലും കോടതിയിലും വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന നിര്‍ധനര്‍ക്ക് സൗജന്യമായി ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതിയാണ് ഉച്ചക്കൊരൂണ്. ഈ പദ്ധതി ഇപ്പോള്‍ ഒരുപാട് പേരുടെ അന്നദാതാവാണ്. കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ വിശ്വാസ് ആറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പദ്ധതി നടപ്പാക്കിയത്.
സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പ്രവര്‍ത്തിക്കുന്ന പിഡബ്ല്യുഡി കാന്റീനില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ട് വരെ ഉച്ചഭക്ഷണം ലഭിക്കും. സിവില്‍ സ്റ്റേഷനിലുള്ള വിശ്വാസ് ഓഫീസിലും ജില്ലാ കോടതി ശുചിമുറി സമുച്ചയത്തിലും രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് ടോക്കണ്‍ വിതരണം.

വിശ്വാസ് സെക്രട്ടറി കൂടിയായ സീനിയര്‍ അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ പി. പ്രേംനാഥിന്റെ നേതൃത്വത്തില്‍ ഈശ്വര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് ഉച്ചക്കൊരൂണ് പദ്ധതി നടപ്പാക്കുന്നത്.  

date