ചുമര്‍ചിത്ര രചനയിലൂടെ ലഹരി വിരുദ്ധ പ്രചാരണവുമായി കോന്നി ഗ്രാമപഞ്ചായത്ത്
കോന്നി ഗ്രാമപഞ്ചായത്തിന്റെയും എക്‌സൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ വിമുക്തി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചുമര്‍ചിത്ര രചനയ്ക്ക് തുടക്കം കുറിച്ചു. എന്റെ ഗ്രാമം ശുചിത്വ സുന്ദര സുരക്ഷിത ഗ്രാമം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി സുരക്ഷ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ജീവിതം തന്നെ ലഹരി എന്ന സന്ദേശം ചുമര്‍ചിത്രരചനയിലൂടെ സമൂഹത്തിന് പകര്‍ന്നു നല്‍കുകയാണ് കോന്നി ഗ്രാമപഞ്ചായത്ത്.
ചുമര്‍ചിത്ര രചനയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.രജനി ചിത്രം വരച്ച് നിര്‍വഹിച്ചു. ജീവിതം തന്നെ ലഹരിയാക്കിയ ആരോഗ്യവും ബുദ്ധിയും കൈമുതലായുളള യുവതലമുറയെ വാര്‍ത്തെടുക്കാന്‍ സമൂഹത്തോടൊപ്പം കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ക്കുക എന്നതാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രജനി പറഞ്ഞു. ഗ്രാമ പഞ്ചായത്ത്, എക്‌സൈസ് വകുപ്പ്, കോന്നി ജനമൈത്രി പോലീസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, കൂടല്‍ ഗവ.വി.എച്ച്.എസിലെ നാഷണല്‍ സര്‍വീസ് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചുമര്‍ ചിത്രരചനയ്ക്ക് തുടക്കം കുറിച്ചത്.
കല, സാഹിത്യം, സംസ്‌കാരം, കായികം, സംഗീതം എന്നീ മേഖലകളിലൂടെ ജീവിതം ലഹരിയായി ആസ്വദിക്കാന്‍ യുവതലമുറയ്ക്ക് പ്രചോദനമാകുന്ന തരത്തിലാണ് ചുമര്‍ ചിത്രരചന ഒരുക്കുന്നത്. മഹാത്മാ ഗാന്ധിയുടെ എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നതിലൂടെ ആരംഭിച്ച് കഥകളിയും വോളിബോള്‍ കളിക്കളവും പൂര കാഴ്ചകളും പഴയകാലത്തെ അനുസ്മരിപ്പിക്കുന്ന കോളാമ്പി സംഗീതവും, തകഴിയുടെ രണ്ടിടങ്ങഴിയും, കാര്‍ഷിക മേഖലയും, തണലാകുന്ന കുടുംബ ബന്ധങ്ങളുമൊക്കെ ചുവര്‍ ചിത്രമായി പരിണമിക്കുകയാണ് ഇവിടെ. രാജു, ടി.ഡി സന്താഷ് എന്നിവരാണ് ചുമര്‍ചിത്രരചന നടത്തുന്ന കലാകാരന്‍മാര്‍.
വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയില്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ദീനാമ്മ റോയ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മോഹനന്‍ കാലായില്‍ പഞ്ചായത്ത് അംഗങ്ങളായ എന്‍.എന്‍. രാജപ്പന്‍, തുളസി മോഹന്‍, ബിജി.കെ.വര്‍ഗീസ്, സുലേഖ.വി.നായര്‍, റ്റി.സൗദാമിനി, ഇ.പി ലീലാമണി, ശോഭ മുരളി, ജനമൈത്രി പോലീസ് അംഗം ജയശ്രീ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിശീലകന്‍ സുബാഷ്, എന്‍.എസ്.എസ് കോ-ഓഡിനേറ്റര്‍ ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
- Log in to post comments