തിളക്കമാര്‍ന്ന നേട്ടവുമായി കണ്ണൂരിലെ സരസ് മേള; വിറ്റുവരവ് 9.72 കോടി
ജനപങ്കാളിത്തത്തിലും വിറ്റുവരവിലും തിളക്കമാര്‍ന്ന നേട്ടങ്ങളുമായി കണ്ണൂര്‍ സരസ് മേള. ഡിസംബര്‍ 20 മുതല്‍ 31 വരെ മാങ്ങാട്ടുപറമ്പ് ഗവ. എഞ്ചിനീയറിംഗ് കോളജ് ഗ്രൗണ്ടില്‍ നടന്ന മേളയില്‍ 12 ലക്ഷത്തിലേറെ പേര്‍ സന്ദര്‍ശകരായെത്തിയപ്പോള്‍ വിവിധ സ്റ്റാളുകളിലും ഫുഡ്‌കോര്‍ട്ടിലുമായി ലഭിച്ച വിറ്റുവരവ് 9.72 കോടി രൂപയാണ്. സരസ് മേളയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമാണിത്. കഴിഞ്ഞ വര്‍ഷം നടന്ന കുന്നംകുളം സരസ് മേളയിലെ വിറ്റുവരവ് 7.8 കോടി രൂപയായിരുന്നു.
ആന്തൂര്‍ സരസ് മേളയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ഫുഡ്‌കോര്‍ട്ടില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നതും. മേളയിലെ ഫുഡ്‌കോര്‍ട്ടിലുണ്ടായിരുന്ന 23 സ്റ്റാളുകളില്‍ മാത്രം ഒരു കോടിയോളം രൂപയുടെ വില്‍പ്പന നടന്നു.
അട്ടപ്പാടിയുടെ സ്വന്തം വനസുന്ദരിയ്ക്കാണ് ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ടായിരുന്നതെങ്കിലും കണ്ണൂരിന്റെ സ്വന്തം തലശ്ശേരി ബിരിയാണിയുടെ സ്റ്റാളിനാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത്- 10,85,440 രൂപ. അതേസമയം 70,000ത്തോളം പേരാണ് അട്ടപ്പാടി സ്റ്റാളിലെ ചിക്കന്‍ വിഭവമായ വനസുന്ദരി വാങ്ങിക്കഴിച്ചത്. 6,96,230 രൂപയാണ് ഈ സ്റ്റാളില്‍ നിന്ന് ലഭിച്ചത്. തൊട്ടു പിറകില്‍ കാസര്‍ഗോഡ് സ്റ്റാളിലെ ഇളനീര്‍ ജ്യൂസും മലപ്പുറം ജില്ലയുടെ കുഞ്ഞിത്തലയണയുമായിരുന്നു.
തുണിത്തരങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവയുടെ സ്റ്റാളുകളും വിറ്റുവരവിന്റെ കാര്യത്തില്‍ നല്ല പ്രകടനമാണ് കാഴ്ചവച്ചത്. കുടുംബശ്രീ വിഭാഗത്തില്‍ ഏറ്റവും മികച്ച സ്റ്റാളായി തൃശൂരില്‍ നിന്നുള്ള വിസ്മയ ഹാന്റ്‌ലൂം തെരഞ്ഞെടുക്കപ്പെട്ടു. ജമ്മുകശ്മീരില്‍ നിന്നുള്ള സ്റ്റാളിനാണ് മികച്ച സറ്റാള്‍ അലങ്കാരത്തിനുള്ള അവാര്‍ഡ് ലഭിച്ചത്. പുതുമയുള്ള ഉല്‍പ്പന്നങ്ങളുടെ വിഭാഗത്തില്‍ പശ്ചിമബംഗാളില്‍ നിന്നുള്ള രാമകൃഷ്ണ വൈദ്യ നിര്‍മിച്ച ഉണക്കിയ പുഷ്പങ്ങള്‍ കൊണ്ടുള്ള കരകൗശല വസ്തുക്കള്‍ മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടു.
ആദ്യദിനം മുതല്‍ തന്നെ വന്‍തിരക്കായിരുന്നു മേളയില്‍ അനുഭവപ്പെട്ടത്. കണ്ണൂര്‍ നഗരത്തില്‍ നിന്ന് മാറിയാണ് മേള നടന്നതെങ്കിലും രാവിലെ മുതല്‍ രാത്രി വൈകി വരെ അണമുറിയതാത്ത ജനപ്രവാഹമായിരുന്നു ഓരോ ദിവസവും അനുഭവപ്പെട്ടത്. സന്ദര്‍ശകരെത്തിയ വാഹനങ്ങളുടെ ബാഹുല്യം കാരണം ധര്‍മശാല ദേശീയപാതയില്‍ പലപ്പോഴും വലിയ ഗതാഗതത്തിരക്കാണ് അനുഭവപ്പെട്ടത്. അവസാന ദിവസം പുലര്‍ച്ചെ 1.30 വരെ മേള നീണ്ടു. സമാപന സമ്മേളനം ജെയിംസ് മാത്യു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആന്തൂര്‍ നഗരസഭാ അധ്യക്ഷ കെ പി ശ്യാമള ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ടി വി രാജേഷ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത്, അസിസ്റ്റന്റ് മിഷന്‍ കോസിനേറ്റര്‍ എ വി പ്രദീപന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജെയിംസ് മാത്യു എംഎല്‍എ ചെയര്‍മാനും കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത് ജനറല്‍ കണ്‍വീനറുമായ സംഘാടക സമിതിയുടെ മികച്ച രീതിയിലുള്ള സംഘാടനവും ജനങ്ങളില്‍ നിന്ന് ലഭിച്ച നല്ല സഹകരണവും സരസ് മേളയുടെ വിജയത്തില്‍ നിര്‍ണായകമായി.
- Log in to post comments