Skip to main content
“ഇന്ത്യ എന്ന റിപ്പബ്ലിക്ക്‌” ഭരണഘടനാസാക്ഷരതാ പദ്ധതി ജില്ലാതല ഉദ്ഘാടനം കണ്ണൂർ ജില്ലാപഞ്ചായത്ത്‌ ഹാളിൽ പ്രസിഡന്റ്‌ കെ.വി സുമേഷ്‌ നിർവ്വഹിക്കുന്നു

ഭരണഘടനാ സാക്ഷരത പരിപാടിക്ക് തുടക്കം

പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെങ്കില്‍ അത് നടപ്പിലാക്കേണ്ട ഉത്തരവാദിത്തം രാജ്യത്തെ പൗരന്‍മാര്‍ക്കോ സംസ്ഥാനങ്ങള്‍ക്കോ ഇല്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ വി സുമേഷ്. സാക്ഷരത മിഷന്റെ ആഭിമുഖ്യത്തില്‍ 'ഇന്ത്യ എന്ന റിപ്പബ്ലിക്' ഭരണഘടനാ സാക്ഷരത പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഭരണഘടനയെക്കുറിച്ച് അറിയാത്തതിന്റെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അത്തരമൊരു അവസരത്തില്‍ ഭരണഘടനയെകുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന്‍ കഴിയുക എന്നത് പ്രാധാന്യം നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ചെറിയ ക്ലാസുകള്‍ മുതല്‍ ഭരണഘടനയെ കുറിച്ച് കൃത്യമായ അവബോധം നല്‍കാന്‍ കഴിയണം. ഭരണഘടന മുന്നോട്ട് വെക്കുന്നത് ജീവിത ക്രമമാണ്. അതിന്റെ ദര്‍ശനത്തിന് വിരുദ്ധമായ അഭിപ്രായങ്ങള്‍ സ്വീകരിക്കേണ്ട ആവശ്യം പൗരന്‍മാര്‍ക്കില്ല എന്നതു പോലെത്തന്നെ ഭൂരിപക്ഷമുള്ള പാര്‍ലമെന്റിനും അത്തരമൊരു നിയമം നടപ്പാക്കാനുള്ള അവകാശം ഇല്ല. ഇന്ത്യയെന്ന ജനാധിപത്യ സോഷിലിസ്റ്റ് രാജ്യത്തെ അതേ അര്‍ത്ഥത്തില്‍ നിലനിര്‍ത്തുക എന്നത് ഓരോ പൗരന്റെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയപാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, അഡ്വ എന്‍ എം രമേശന്‍, വി ആര്‍ വി ഏഴോം എന്നിവര്‍ ഭരണഘടന ക്ലാസ് എടുത്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി ടി റംല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, സാക്ഷര മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ മനോജ് സെബാസ്റ്റിയന്‍, ആര്‍ രമേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലയിലെ സാക്ഷരത പ്രേരക്മാര്‍ക്കും, ഇന്‍സ്ട്രക്ടര്‍മാര്‍ക്കുമായാണ് പരിശീലനം സംഘടിപ്പിച്ചത്.  

date