അമ്മമാര്‍ക്കായി ജില്ലാ പഞ്ചായത്തിന്റെ പുതുവത്സര സമ്മാനം; കലക്ടറേറ്റില്‍ 'അമ്മയ്‌ക്കൊരിട'മായി
പതിഞ്ഞ ശബ്ദത്തില്‍ മധുരമൂറുന്ന മലയാളത്തിലെ താരാട്ടുപാട്ടുള്‍.. കുഞ്ഞുങ്ങളുടെ ഓമനത്വം തുളുമ്പുന്ന ചിത്രങ്ങള്‍.. പുതുവത്സര ദിനത്തില്‍ അമ്മമാര്‍ക്ക് സമ്മാനമായി കലക്ടറേറ്റില്‍ അമ്മ യ്‌ക്കൊരിടം ഒരുക്കി ജില്ലാപഞ്ചായത്ത്. കലക്ടറേറ്റില്‍ നിര്‍മ്മിച്ച അമ്മയ്‌ക്കൊരിടം മുലയൂട്ടല്‍ കേന്ദ്രം ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. കലക്ടറേറ്റില്‍ എത്തുന്ന അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും വിശ്രമിക്കുന്നതിനും മുലയൂട്ടുന്നതിനും വേണ്ടിയാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കേന്ദ്രം ഒരുക്കിയത്. ജില്ലാ പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി. 60 ലക്ഷം വകയിരുത്തി ജില്ലയിലുടനീളം നിര്‍മ്മിക്കുന്ന 15 മുലയൂട്ടല്‍ കേന്ദ്രങ്ങളില്‍ എട്ടാമത്തെ കേന്ദ്രമാണ് കലക്ടറേറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ശീതീകരിച്ച മുറിയില്‍ കുഞ്ഞിനുള്ള തൊട്ടില്‍, അമ്മയ്ക്ക് വിശ്രമിക്കാനുള്ള സൗകര്യം, മ്യൂസിക് സ്റ്റിറ്റം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നിര്‍മ്മിതി കേന്ദ്രയാണ് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയത്. നിലവില്‍, ജില്ലാ ഗവ.ആശുപത്രിയില്‍ മാത്രം മൂന്ന് മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍, ക്ഷേത്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക എന്നതാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യം വെക്കുന്നത്.
ഉദ്ഘാടനച്ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, വൈസ് പ്രസിഡന്റ് പി പി ദിവ്യ, എഡിഎം ഇപി മേഴ്‌സി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments