കണ്ണൂര്‍ അറിയിപ്പുകള്‍
അക്രഡിറ്റഡ് എഞ്ചിനീയര്‍ ഒഴിവ്
കണ്ണൂര്‍ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ഓഫീസില്‍ ഡി പി ആര്‍ തയ്യാറാക്കുന്നതിന് ദിവസവേതാടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയറെ നിയമിക്കുന്നു. യോഗ്യത ബി ടെക്ക് സിവില്‍. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി നാലിന് രാവിലെ 11.30 ന് കലക്ടറേറ്റിലുള്ള ഓഫീസില്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. കമ്പ്യൂട്ടര്‍, ഓട്ടോകാഡ്, ക്യു ജി ഐ എസ് എന്നിവയില്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന.
സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2014 ജനുവരി ഒന്ന് മുതല്‍ 2018 ഡിസംബര്‍ 31 വരെ പഞ്ചായത്ത് വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ നിയമന ശുപാര്‍ശ ചെയ്യപ്പെട്ട് സേവനത്തില്‍ പ്രവേശിച്ചവരുടെ സംസ്ഥാനതല കരട് സീനിയോറിറ്റി ലിസ്റ്റ് എല്‍ എസ് ജി ഡി വെബ്‌സൈറ്റിലും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും എല്ലാ ഗ്രാമപഞ്ചായത്ത് ഓഫീസിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റ് സംബന്ധിച്ച ആക്ഷേപാഭിപ്രായങ്ങള്‍ ജനുവരി 15 വരെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്. ഫോണ്‍: 0497 2707903.
താലൂക്ക് വികസന സമിതി യോഗം
കണ്ണൂര്‍ താലൂക്ക് വികസന സമിതി യോഗം ജനുവരി നാലിന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. താലൂക്ക് പരിധിയിലെ മുഴുവന്‍ ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരും ജില്ലാ പഞ്ചായത്ത് അംഗങ്ങളും വികസന സമിതി അംഗങ്ങളും താലൂക്ക് തല ഓഫീസ് തലവന്‍മാരും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
തലശ്ശേരി താലൂക്ക് വികസന സമിതി യോഗം ജനുവരി നാലിന് രാവിലെ 10.30 ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. താലൂക്ക് പരിധിയിലെ മുഴുവന്‍ ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരും ജില്ലാ പഞ്ചായത്ത് അംഗങ്ങളും വികസന സമിതി അംഗങ്ങളും താലൂക്ക് തല ഓഫീസ് തലവന്‍മാരും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കില്ല
സാങ്കേതിക കാരണങ്ങളാല്‍ ജനുവരി ഒമ്പതിന് തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രത്തില്‍ സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് നോര്‍ക്ക റൂട്ട്‌സ് സെന്റര്‍ മാനേജര്‍ അറിയിച്ചു.
ടെക്നീഷ്യന്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും
ബ്രൂണെയിലേക്ക് തൊഴിലവസരം
ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറിക്കാണ്ടി ഓയില്‍ ഫീല്‍ഡ് സര്‍വീസിലേക്ക് വിവിധ തസ്തികകളില്‍ ഇന്ത്യയില്‍ നിന്ന് നോര്‍ക്ക റൂട്ട്സ് മുഖേന നിയമനം നടത്തുന്നു. സെറിക്കാണ്ടി ഓയില്‍ ഫീല്‍ഡ് സര്‍വീസില്‍ നിലവില്‍ ഒഴിവുകളുള്ള ടെക്നീഷ്യന്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും തസ്തികകളിലേക്ക് എഞ്ചിനീയറിങ്ങില്‍ ബിരുദം/ഡിപ്ലോമയും പെട്രോളിയം പ്രകൃതി വാതകമേഖലയില്‍ നിശ്ചിത പ്രവൃത്തി പരിചയവുമുള്ള വിദഗ്ധരായ എഞ്ചിനീയര്‍മാരില്‍ നിന്നും ടെക്നീഷ്യന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദ വിരങ്ങള്‍ക്കും www.norkaroots.org സന്ദര്‍ശിക്കാവുന്നതാണ്. ജനുവരി 12 വരെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.
അറബിക്/ഖുര്‍ ആന്‍ അധ്യാപകരുടെ ഒഴിവ്
മാലിദ്വീപിലെ മിനിസ്ട്രി ഓഫ് എജുക്കേഷനിലേക്ക് അറബിക്/ഖുര്‍ ആന്‍ അധ്യാപകരുടെ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് മുഖേന നിയമനം നടത്തുന്നു. അറബിക്/ഖുര്‍ആന്‍ വിഷയങ്ങളില്‍ ബിരുദവും ഇംഗ്ലീഷില്‍ പ്രാവീണ്യവുമാണ് യോഗ്യത.
വിശദ വിരങ്ങള്‍ www.norkaroots.org ല്‍ ലഭിക്കും. അപേക്ഷ ജനുവരി 15 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.
അപേക്ഷ സമര്‍പ്പിക്കണം
ജില്ലയിലെ ഹൈസ്‌കൂളുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മോട്ടിവേഷനും, പ്ലസ് വണ്‍, പ്ലസ്ടുവിന് പഠിക്കുന്നവര്‍ക്ക് കരിയര്‍ ഗൈഡന്‍സും നല്‍കുന്നു. താല്‍പര്യമുള്ള പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ സ്ഥാപന മേധാവിയുടെ ശുപാര്‍ശ സഹിതം ജനുവരി എട്ടിനകം അപേക്ഷ കണ്ണൂര്‍ ഐ ടി ഡി പി പ്രൊജക്ട് ഓഫീസിലോ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന ഇരിട്ടി, പേരാവൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700357.
കാര്‍ഷിക ചിത്രരചന മത്സരം
ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മട്ടന്നൂരില്‍ നടക്കുന്ന ജില്ലാ ക്ഷീര കര്‍ഷക സംഗമത്തോടനുബന്ധിച്ച് എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് കാര്‍ഷിക ചിത്രരചന മത്സരം നടത്തുന്നു. ജനുവരി ഏഴിന് രാവിലെ 9.30 ന് മട്ടന്നൂര്‍ നഗരസഭ സി ഡി എസ് ഹാളിലാണ് പരിപാടി. താല്‍പര്യമുള്ളവര്‍ രാവിലെ ഒമ്പത് മണിക്ക് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9567726347, 9605300921, 9744590530.
പാലുല്‍പ്പന്ന നിര്‍മ്മാണ പരിശീലനം
ബേപ്പൂര്‍ നടുവട്ടത്തുളള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ള സംരംഭകര്‍ക്കും ക്ഷീരസംഘങ്ങള്‍ക്കും ക്ഷീരകര്‍ഷകര്‍ക്കുമായി പാലുല്‍പ്പന്ന നിര്‍മ്മാണ പരിശീലനം സംഘടിപ്പിക്കുന്നു. ജനുവരി ആറ് മുതല്‍ 17 വരെയാണ് പരിശീലനം. താല്‍പര്യമുളളവര്‍ ആറിന് രാവിലെ 10 മണിക്ക് മുമ്പ് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പു സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തണം. ഫോണ്‍:0495 2414579.
അവലോകന യോഗം മാറ്റി
ജനുവരി ആറിന് രാവിലെ 11 മണിക്ക് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന കെ കെ രാഗേഷ് എം പി യുടെ എം പി ഫണ്ട് അവലോകന യോഗം മാറ്റിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
- Log in to post comments