Skip to main content

കേരളം വികസന മുന്നേറ്റത്തിന്റെ പുതിയ മാതൃകകള്‍ സൃഷ്ടിച്ചു; മന്ത്രി എ കെ ശശീന്ദ്രന്‍

 

 

 

 

കേരളം വികസന മുന്നേറ്റത്തിന്റെ പുതിയ മാതൃകകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന നീര്‍ച്ചാലുകളുടെ പുനരുജ്ജീവനം 'ഇനി ഞാന്‍ ഒഴുകട്ടെ' പദ്ധതിയുടെ ഭാഗമായി കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ മീന്‍മുട്ടി പാതിരിപ്പറ്റ തോടിന്റെ ജനകീയ ശുചീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വികസനപ്രവര്‍ത്തനമെന്നത് സര്‍ക്കാറിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥ•ാരുടെയും ഔദ്യോഗികമായ ചുമതലകള്‍ മാത്രമാണെന്നാണ് കഴിഞ്ഞ കുറേ കാലമായി നാം ശീലിച്ചുപോന്നിരുന്നത്.  ജനകീയ ഇടപെടലില്ലാത്ത വികസന സമീപനത്തിന്റെ ഭാഗമായി ഓരോ ദിവസം കഴിയുന്തോറും നമ്മുടെ നാടിന്റെ വിശുദ്ധി നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്തു. ജീവിതത്തെ ആധുനികതയുമായി ചേര്‍ത്തുവെക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ പാരമ്പര്യങ്ങളും സംസ്‌കാരങ്ങളും നാട്ടിന്‍പുറത്തെ വിശുദ്ധിയും ഇല്ലാതാകും.  ഇതിന് ഇങ്ങനെ പരിഹാരം കാണാന്‍ കഴിയും. വികസനത്തിന് പൊതു സമീപനം എന്തായിരിക്കണം. ഈ കാഴ്ചപ്പാടോടു കൂടിയാണ് മൂന്നര വര്‍ഷം മുമ്പ് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയ സമീപനങ്ങള്‍ സ്വീകരിച്ചത്.

 

കേരളത്തിന്റെ ഹരിതാഭ നിലനിര്‍ത്തുന്ന വിധത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നമുക്കാവശ്യം എന്ന നിലപാടിനാണ് സര്‍ക്കാര്‍ പ്രാാധാന്യം നല്‍കിയത്. തുടര്‍ന്നാണ് നവകേരള മിഷന്‍ എന്നൊരു കാഴ്ചപ്പാടോടുകൂടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. കേരളം ഇതുവരെ സഞ്ചരിച്ച പാതയിലൂടെ സാധാരണ മട്ടില്‍ മുന്നോട്ടു പോയാല്‍ പോരാ.  പുതിയ കേരളത്തെ സൃഷ്ടിക്കണമെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. നമ്മുടെ നാടിനെ നശിപ്പിച്ച മാനദണ്ഡങ്ങള്‍ക്കും അപ്പുറം നാടിനെ വീണ്ടെടുക്കാനുള്ള വികസനപ്രക്രിയയില്‍ ജനകീയ പങ്കാളിത്തം ഉറപ്പു വരുത്തി എങ്ങനെ നാടിനെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്നതിന്റെ പുതിയ മാതൃകയായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

മീന്‍മുട്ടി-പാതിരിപ്പറ്റ തോട് മൂന്ന് കി.മീ നീളത്തില്‍ വന്‍ ജനപങ്കാളിത്തത്തോടെയാണ് ശുചീകരിച്ചത്. ഹരിത കര്‍മ സേന, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവരടക്കം 2000ത്തിലധികം പേരാണ് ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. 'ഇനി ഞാന്‍ ഒഴുകട്ടെ' പദ്ധതിയുടെ മുഴുവന്‍ ജലസ്രോതസ്സുകളും മാലിന്യം നീക്കം ചെയ്ത് ശുചീകരിച്ച് സംരക്ഷിക്കാനാണ് തീരുമാനം. ജില്ലയില്‍ 100 തോടുകള്‍ ശുചീകരിക്കുന്നതിലൂടെ 242 കി.മീ ദൂരത്തിലുള്ള തോടുകള്‍ക്കാണ് പുതുജീവന്‍ കൈവരിക. ഡിസംബര്‍ 15ന് ഒളവണ്ണയില്‍ തുടക്കം കുറിച്ച പദ്ധതിയുടെ ഭാഗമായി 52 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 130 കി.മീ ദൂരത്തില്‍ 70 തോടുകള്‍ ശുചീകരിച്ചു കഴിഞ്ഞു. ശുചീകരിച്ച ജലസ്രോതസുകളുടെ സംരക്ഷണം തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തും. തുടര്‍ന്ന് ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെകുറിച്ച് പ്രതിജ്ഞയുമെടുത്തു.

 

പാതിരിപ്പറ്റ മീത്തല്‍വയലില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജന്‍ അധ്യക്ഷത വഹിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സജിത്ത് മുഖ്യാതിഥിയായി. ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി പ്രകാശ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാധിക ചിറയില്‍, പഞ്ചായത്ത് അംഗം അഷ്റഫ് മാസ്റ്റര്‍,  പി രവീന്ദ്രന്‍ മാസ്റ്റര്‍, കെ കെ സുരേഷ്, കെ വാസു മാസ്റ്റര്‍, ടി സുധീര്‍, ഹരിത കേരള മിഷന്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ പി പി ശശീന്ദ്രന്‍, പി എന്‍ കീര്‍ത്തന തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍  വി വിജിലേഷ് സ്വാഗതവും പഞ്ചായത്ത് അസി. സെക്രട്ടറി വി പി രാജീവന്‍ നന്ദിയും പറഞ്ഞു.

 

date