ജില്ലയിലെ ആദ്യ ലൈഫ് മിഷൻ അദാലത്തും കുടുംബ സംഗമവും ഇന്ന് (ജനു. 4) പുഴയ്ക്കൽ ബ്ലോക്കിൽ
ലൈഫ് മിഷൻ ഒന്നാം ഘട്ടം ജില്ലയിൽ ആദ്യം പൂർത്തീകരിച്ച പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൽ ജില്ലയിലെ ആദ്യത്തെ ലൈഫ് മിഷൻ അദാലത്തും കുടുംബസംഗമവും ഇന്ന് (ജനുവരി നാല്) നടക്കും. രാവിലെ 10.30 ന് രമ്യ ഹരിദാസ് എം പി അദാലത്ത് ഉദ്ഘാടനം ചെയ്യും. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി വി കുരിയാക്കോസ് അധ്യക്ഷത വഹിക്കും. തുടർന്ന് അദാലത്ത് നടക്കും.
ഉച്ചയ്ക്ക് രണ്ടിന് മേയർ അജിത വിജയൻ കുടുംബസംഗമം ഉദ്ഘാടനം ചെയ്യും. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി വി കുരിയാക്കോസ് അധ്യക്ഷത വഹിക്കും. ഗുണഭോക്താക്കൾക്കുള്ള ഉപഹാര സമർപ്പണം അനിൽ അക്കര എം എൽ എ നിർവഹിക്കും. പ്രതിഭാ പുരസ്‌കാര സമർപ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് വിതരണം ചെയ്യും. ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ ലിൻസ് ഡേവിസ് പദ്ധതി വിശദീകരണം നടത്തും. ജില്ലാ പഞ്ചായത്തംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, അംഗങ്ങൾ, ലൈഫ് മിഷൻ ജില്ലാതല വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുക്കും.
ലൈഫ് മിഷൻ സമ്പൂർണ പാർപ്പിട പദ്ധതിയിലൂടെയും പ്രധാനമന്ത്രി ആവാസ് യോജന - ഗ്രാമീൺ പദ്ധതിയിലൂടെയും പൂർത്തീകരിച്ച ഭവന ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തുമാണ് പുഴയ്ക്കലിൽ നടക്കുന്നത്. പാർപ്പിട ഗുണഭോക്താക്കൾക്ക് വിവിധ വകുപ്പുകളിൽ നിന്നും ലഭിക്കേണ്ട സേവനങ്ങൾ 20 വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ അദാലത്തിലൂടെ പരിഹരിക്കപ്പെടും. രണ്ട് ഘട്ടങ്ങളിലായി 201 ഭവനങ്ങളുടെ നിർമാണമാണ് ഇവിടെ പൂർത്തീകരിച്ചിട്ടുള്ളത്. അദാലത്തിലൂടെ ഗ്രാമ പഞ്ചായത്ത്, വില്ലേജ് ഓഫീസ്, പട്ടികജാതി വികസന ഓഫീസ്, സിവിൽ സപ്ലൈസ് ഓഫീസ്, സാമൂഹ്യനീതി വകുപ്പ്, വ്യവസായ വകുപ്പ്, ഗ്രാമ വികസന വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാം. വിവിധ വകുപ്പുകളിലെ സ്വയം തൊഴിൽ പദ്ധതികൾ, തൊഴിലുറപ്പ് പദ്ധതിയിലെ സേവനങ്ങൾ, റേഷൻ കാർഡ്. ആധാർ കാർഡ്, വോട്ടേഴ്‌സ് തിരിച്ചറിയൽ കാർഡ് എന്നിവയിലെ തെറ്റുതിരുത്തൽ തുടങ്ങിയ സേവനങ്ങളും അദാലത്തിലൂടെ ലഭ്യമാകും.
ലൈഫ് പദ്ധതിയിലൂടെ ഭവന നിർമാണം പൂർത്തീകരിക്കാൻ സാധിക്കാത്ത ഗുണഭോക്താക്കളെ സഹായിക്കുന്നതിനായി സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവയുടെ സഹായത്തോടെ ഗൃഹോപകരണങ്ങൾ, വാട്ടർ ടാങ്കുകൾ, വൈദ്യുതീകരണ സാമഗ്രികൾ, പ്ലംബിങ് സാമഗ്രികൾ, തൊഴിലുറപ്പ് പദ്ധതി മുഖേന ബ്രിക്‌സ് നിർമിച്ചു നൽകൽ എന്നിവയും പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ഇതിന്റെ ഭാഗമായി നടപ്പാക്കിയ മാതൃകാ പ്രവർത്തനങ്ങളാണ്.
- Log in to post comments