അയ്യങ്കാളി മെമ്മോറിയൽ സ്‌കോളർഷിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികവർഗ്ഗ വകുപ്പ് നടപ്പിലാക്കി വരുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് സ്‌കീം 2020-2021 സ്‌കോളർഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് ഏഴിന് ഉച്ചയ്ക്ക് രണ്ട് മുതൽ നാല് മണിവരെയാണ് പരീക്ഷ. പട്ടികവർഗ വിഭാഗത്തിൽ മാത്രം ഉൾപ്പെടുന്നവരും 2019 -2020 അധ്യയന വർഷം നാലാം ക്ലാസിൽ പഠിക്കുന്ന വാർഷിക വരുമാനം 50000 രൂപയിൽ കവിയാത്തവരുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രത്യേക ദുർബല ഗോത്രവർഗത്തിൽപ്പെട്ടവർക്ക് വരുമാന പരിധിയില്ല.
പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പട്ടികവർഗ വിദ്യാർത്ഥികൾ തങ്ങളുടെ പേര്, രക്ഷിതാവിന്റെ പേര്, മേൽവിലാസം, ഫോൺ നമ്പർ, സമുദായം, കുടുംബ വാർഷിക വരുമാനം, വയസ്, ആൺകുട്ടിയോ പെൺകുട്ടിയോ പഠിക്കുന്ന ക്ലാസ്, സ്‌കൂളിന്റെ പേര്, വിലാസം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടെ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സ്‌കൂൾ മേധാവിയുടെ സാക്ഷ്യപ്പെടുത്തൽ സഹിതം സമർപ്പിക്കണം. ചാലക്കുടി ട്രൈബൽ ഓഫീസിലോ ആമ്പല്ലൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ ഫെബ്രുവരി 5 ന് മുൻപായി അപേക്ഷ ലഭിക്കണം.
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പത്താംതരം വരെയുള്ള പഠനത്തിനുള്ള സ്‌റ്റൈപ്പന്റും പഠനോപകരണങ്ങൾ, ഫർണിച്ചർ, എന്നിവ വാങ്ങുന്നതിനും പ്രത്യേക ട്യൂഷൻ നൽകുന്നതിനുമുൾപ്പെടെ ധനസഹായവും ലഭിക്കും. അപേക്ഷകൾ അയക്കേണ്ട വിലാസം- ജില്ലാ പട്ടികവർഗ വികസന ഓഫീസർ, പട്ടികവർഗ വികസന ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി-680307.
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾ സ്‌കോളർഷിപ്പ് കൈപ്പറ്റുന്നതിന് മുൻപായി തങ്ങളുടെ ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെ അസ്സൽ ചാലക്കുടി ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ മുമ്പാകെ ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾ ചാലക്കുടി, ആമ്പല്ലൂർ എന്നിവിടങ്ങളിലെ ട്രൈബൽ ഡവലപ്മെന്റ് ഓഫീസുകളിൽ ലഭിക്കും. ഫോൺ- 0480 2706100, 9496070362.
- Log in to post comments