Skip to main content

പോലീസ് സ്റ്റേഷനുകളും മലപ്പുറം വിജിലൻസ് ഓഫീസും മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു വനിതാ സുരക്ഷ പോലീസിന്റെ പ്രധാന പരിപാടി: മുഖ്യമന്ത്രി

വനിതകളുടെ സുരക്ഷ ഉറപ്പാക്കലാണ് 2020ൽ കേരള പോലീസിന്റെ പ്രധാന പരിപാടികളിൽ ഒന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ പോലീസ് അക്കാദമിയിൽ നടന്ന ചടങ്ങിൽ സംസ്ഥാനത്തെ 14 പോലീസ് സ്റ്റേഷനുകളും മലപ്പുറം വിജിലൻസ് ഓഫീസും വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം, കേരളത്തിൽ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തേണ്ടത് പോലീസിന്റെ മാത്രം ചുമതയല്ല. എന്നാൽ പ്രധാന ചുമതല പോലീസിനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആപൽസാധ്യത ശ്രദ്ധയിൽപെട്ടാൽ പോലീസിനെ അറിയിക്കുന്ന സംസ്‌കാരം വളർന്നു വരണം. ഇത് സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ വളരെ ഗുണം ചെയ്യും. പക്ഷെ, പൊതുജനം നേരിട്ട് നിയമം കയ്യിലെടുക്കരുത്. പോലീസ് ചെയ്യേണ്ടത് മറ്റാരും ചെയ്യാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസ് സ്റ്റേഷനുകൾക്ക് സ്വന്തം കെട്ടിടം ഇല്ലാത്ത സ്ഥലങ്ങളിൽ കെട്ടിടം നിർമ്മിക്കാൻ മുൻഗണന നൽകും. 13 വർഷം മുടങ്ങിക്കിടന്ന തിരുവനന്തപുരം തമ്പാനൂർ പോലീസ് സ്റ്റേഷൻ നിർമ്മാണം 2017ൽ പുനരാരംഭിച്ച്, കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. ചെലവ് കുറഞ്ഞ രീതിയിൽ പരിസ്ഥിതി സൗഹൃദമായി കെട്ടിടങ്ങൾ നിർമ്മിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇരിങ്ങാലക്കുടയിൽ തൃശൂർ റൂറൽ ജില്ലാ പോലീസ് കമാൻഡ് ആൻഡ് കൺട്രോൾറൂം, അരുവിക്കര, വിളപ്പിൽശാല, പുതൂർ, മീനാക്ഷിപുരം പോലീസ് സ്റ്റേഷനുകൾ, മലപ്പുറം വനിതാ പോലീസ് സ്റ്റേഷൻ, തിരൂർ, വടകര, കണ്ണൂർ, കോഴിക്കോട് സിറ്റി പോലീസ് കൺട്രോൾ റൂമുകൾ, കോഴിക്കോട് സിറ്റി സൈബർക്രൈം പോലീസ് സ്റ്റേഷൻ, കോഴിക്കോട് സിറ്റി സൈബർഡോം ഓഫീസ്, വയനാട് ക്രൈംബ്രാഞ്ച്, കമ്മ്യൂണിറ്റി പൊലീസിങ് റിസോഴ്‌സ് സെന്റർ പന്തളം എന്നിവയുടെയും മലപ്പുറം വിജിലൻസ് ഓഫീസിന്റെയും ഉദ്ഘാടനമാണ് ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചത്.
കൃഷി വകുപ്പ് മന്ത്രി അഡ്വ. വി. എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ സ്വാഗതവും പോലീസ് അക്കാദമി ഡയറക്ടർ ഡോ. ബി. സന്ധ്യ നന്ദിയും പറഞ്ഞു.
തത്സമയം എല്ലായിടത്തും ചടങ്ങുകൾ നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 490ഓളം സ്റ്റേഷൻ ഹൗസ് ഓഫീസർമാർ പങ്കെടുത്തു.

date