മാലിന്യത്തില്‍ നിന്ന് വൈദുതി സംയോജിത മാലിന്യസംസ്‌കരണ പദ്ധതി നിര്‍മ്മാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും
മാലിന്യത്തില്‍ നിന്ന് വൈദ്യൂതി ഉല്‍പാദിപ്പിക്കാനുളള സംയോജിത മാലിന്യസംസ്‌കരണ പദ്ധതി കോഴിക്കോട് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ഞെളിയന്‍പറമ്പില്‍ നടപ്പിലാക്കുന്നു. മാലിന്യ സംസ്‌കരണത്തിനായി അത്യാധുനിക മാലിന്യ ശേഖരണ സംവിധാനവും സംസ്‌കരണവും ഉള്‍പ്പെടുത്തിയിട്ടുളള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം ഇന്ന് (ജനുവരി ആറിന്) വൈകീട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അദ്ധ്യക്ഷത വഹിക്കും. പ്രദര്‍ശനോദ്ഘാടനം തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നടത്തും. കോഴിക്കോട് മേഖലയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുളള ജനപങ്കാളിത്ത പദ്ധതി ഉദ്ഘാടനം കേരള ട്രാന്‍സ്പോര്‍ട്ട് വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വ്വഹിക്കും. എം.പി മാരായ എം കെ രാഘവന്‍, എളമരം കരീം, എം.എല്‍എ മാരായ വി.കെ.സി മമ്മദ് കോയ, ഡോ.എം.കെ മുനീര്‍, എപ്രദീപ്കുമാര്‍, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എന്‍ എസ് പിളള, ശാസ്ത്രോപദേഷ്ടാവ് എം ചന്ദ്രദത്തന്‍, സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിങ് ഡയറ്ടര്‍ രാജമാണിക്യം, ജില്ലാ കലക്ടര്‍ സാംബശിവറാവു, സ്റ്റേറ്റ് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. അജിത്ത് ഹരിദാസ് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക്, ഫറോക്ക് മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ കമറു ലൈല, രാമനാട്ടുകര മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ സ്വാഗതവും കോര്‍പ്പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ് നന്ദിയും പറയും.
സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ് വിതരണം ഇന്ന്
തൊഴില്‍ നൈപുണ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ് വിതരണം ഇന്ന് (ജനുവരി ആറ്) രാവിലെ 11 മണിക്ക് ന്യൂ നളന്ദ ഓഡിറ്റോറിയത്തില്‍ തൊഴില്‍ നൈപുണ്യ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷണന്‍ നിര്‍ച്ചഹിക്കും. എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. കേരളത്തിലെ വാണിജ്യ വ്യവസായ സ്ഥാപനങ്ങളും ഫാക്ടറികളും കൂടുതല്‍ തൊഴില്‍ സൗഹൃദമാക്കുന്നതിനായി സംസ്ഥാനത്തുടനീളമുള്ള തൊഴിലിടങ്ങളെ മികവിന്റെ അടിസ്ഥാനത്തില്‍ ആദരിക്കുകയാണ്. സര്‍ക്കാരിന്റെ തൊഴില്‍ നയത്തില്‍ പ്രഖ്യാപിച്ച സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ് പദ്ധതിയില്‍ തൊഴിലിടങ്ങളിലെ വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അപഗ്രഥിച്ച് 2018 വര്‍ഷത്തെ ഗ്രേഡിങ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന മികവിന്റെ വജ്ര- സുവര്‍ണ- രജത- സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. എം.കെ രാഘവന്‍ എം.പി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.
ചീഫ് മിനിസ്റ്റേഴ്‌സ് സ്റ്റുഡന്റ് ലീഡേഴ്‌സ് കോണ്‍ക്ലേവ് ഇന്ന് ഫാറൂഖ് കോളേജില്‍
സംസ്ഥാനത്തിന്റെ ഭാവി വികസനത്തെക്കുറിച്ചുള്ള പുതുതലമുറയുടെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും നേരിട്ടറിയാന്‍ കലാലയങ്ങളിലെ വിദ്യാര്‍ഥി നേതാക്കളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് സംവദിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് സ്റ്റുഡന്റ് ലീഡേഴ്‌സ് കോണ്‍ക്ലേവ് ഇന്ന് (ജനുവരി ആറിന്) രാവിലെ 10 ന് ഫാറൂഖ് കോളേജില്‍ നടക്കും. സംസ്ഥാനത്തിന്റെ വികസന നയം രൂപീകരിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് സ്റ്റുഡന്റ് ലീഡേഴ്‌സ് കോണ്‍ക്ലേവിലൂടെ മുഖ്യമന്ത്രി വിദ്യാര്‍ഥി യൂണിയന്‍ പ്രതിനിധികളുമായി ആശയ വിനിമയം നടത്തുന്നത്.
ഒന്നാംഘട്ട പരിപാടി ഡിസംബര്‍ 10 ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരുന്നു. ഫാറൂഖ് കോളേജില്‍ നടക്കുന്ന രണ്ടാം കോണ്‍ക്ലേവില്‍ കണ്ണൂര്‍, കോഴിക്കോട്, കാര്‍ഷിക, വെറ്റിനറി, മലയാളം, സംസ്‌കൃതം, കേരള കലാമണ്ഡലം സര്‍വ്വകലാശാലകളിലെ യൂണിയന്‍ പ്രതിനിധികളും അവയുടെ കീഴില്‍ വരുന്ന സ്വാശ്രയ കോളേജുകള്‍ ഉള്‍പ്പെടെയുളള എല്ലാ അഫിലിയേറ്റഡ് കോളേജുകളിലേയും യൂണിയന്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി എന്നിവരാണ് പങ്കെടുക്കുക. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍, ഗുണമേന്മക്കുള്ള നിര്‍ദ്ദേശങ്ങള്‍, നവകേരള നിര്‍മ്മിതിക്കുള്ള വിദ്യാര്‍ഥി സമൂഹത്തിന്റെ കാഴ്ചപ്പാടും പങ്കാളിത്തവും എന്നീ വിഷയങ്ങളില്‍ മുഖ്യമന്ത്രി വിദ്യാര്‍ഥി പ്രതിനിധികളുമായി ആശയ വിനിമയം നടത്തും. മുഴുസമയം മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കും.
ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി ജലീല്‍ അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പു സെക്രട്ടറി ഉഷാ ടൈറ്റസ് സ്വാഗതവും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ വി. വിഘ്‌നേശ്വരി നന്ദിയും പറയും. രാവിലെ എട്ടു മണിക്ക് വിദ്യാര്‍ഥി പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും.
സര്‍ഗോത്സവം 2020 - സമാപനം ഇന്ന്
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പ്രീമെട്രിക് ഹോസ്റ്റലുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനുള്ള സംസ്ഥാനതല കലാമേള സര്‍ഗോത്സവത്തിന് ഇന്ന് സമാപനം. സമാപന സമ്മേളനോദ്ഘാടനവും സമ്മാനദാനവും ജനുവരി ആറിന് വൈകീട്ട് അഞ്ചിന് പട്ടികജാതി-പട്ടികവര്‍ഗ പിന്നോക്ക വിഭാഗ ക്ഷേമ-നിയമ-സാംസ്‌കാരിക വകുപ്പു മന്ത്രി എ.കെ.ബാലന്‍ നിര്‍വ്വഹിക്കും. എ.പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. കോഴിക്കോട് ഈസ്റ്റ്ഹില്‍ ഗവ. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ 20 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്നും 114 പ്രീമെട്രിക് ഹോസ്റ്റലില്‍ നിന്നുമായി ആയിരത്തി അഞ്ഞുറോളം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.
സര്‍ഗോത്സവം : മികച്ച റിപ്പോര്‍ട്ടിന് പ്രത്യേക അവാര്‍ഡ്
സര്‍ഗോത്സവത്തില്‍ മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര-ദൃശ്യ മാധ്യമങ്ങള്‍ക്കും എഫ്.എം റേഡിയോകള്‍ക്കും ഇത്തവണ പ്രത്യേക അവാര്‍ഡ് ഏര്‍പ്പെടുത്തി. എന്‍ട്രികള്‍ ഇന്ന് (ജനുവരി ആറിന്) ഉച്ചക്ക് ഒരു മണിക്കകം സര്‍ഗോത്സവം മീഡിയ സെന്ററില്‍ എത്തിക്കണം. പത്രങ്ങള്‍ പത്രകട്ടിംഗുകളും ദൃശ്യമാധ്യമം/ എഫ്.എം റേഡിയോ എന്നിവ പെന്‍ഡ്രൈവിലുമാണ് എന്‍ട്രികള്‍ നല്‍കേണ്ടത്.
തനതു കലകള്‍ അന്യം നിന്നു പോകാതെ തലമുറകളിലേക്ക് പകരാന്‍ സര്‍ഗോത്സവം അവസരമൊരുക്കും; മന്ത്രി ടി.പി രാമകൃഷ്ണന്‍
പാരമ്പര്യകലാരൂപങ്ങളുടെ പ്രദര്‍ശനവേദിയായ സര്‍ഗോത്സവം തനതു കലകള്‍ അന്യം നിന്നു പോകാതെ തലമുറകളിലേക്ക് പ്രസരിപ്പിക്കാന്‍ അവസരമൊരുക്കുമെന്ന് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പ്രീമെട്രിക് ഹോസ്റ്റലുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സംസ്ഥാനതല കലാമേള സര്‍ഗോത്സവം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തനത് കലാരൂപങ്ങളില്‍ പലതും അന്യം നിന്നുപോകാതെ സംരക്ഷിക്കുന്നതിലും ആസ്വാദകരിലേക്ക് എത്തിക്കുന്നതിലും കുട്ടികളുടെ കലാമേളകള്‍ വലിയ പങ്കാണ് വഹിച്ചു വരുന്നത്. തനിമ നഷ്ടമാകാതെയും ഉപേക്ഷിക്കപ്പെടാതെയും തനതു കലാരൂപങ്ങളെ സംരക്ഷിക്കാന്‍ കഴിയണം. അത്തരത്തിലൊരു ബോധം സമൂഹത്തില്‍ വളര്‍ത്തിയെടുക്കാന്‍ സര്‍ഗോത്സവം പോലുള്ള കുട്ടികളുടെ കലോത്സവങ്ങള്‍ വേദിയാകണമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല ഇന്ന് നേട്ടങ്ങളുടെ നെറുകയില്‍ എത്തിനില്‍ക്കുകയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളായി മാറ്റിക്കഴിഞ്ഞു. പിന്നോക്കവിഭാഗത്തില്‍പ്പെട്ടവരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. എസ്.സി എസ്.ടി കുട്ടികള്‍ക്ക് പഠന മുറി, വാത്സല്യനിധി, ഇന്‍ഷുറന്‍സ് എന്നിവ ഏര്‍പ്പെടുത്തി. കുടുംബനാഥന്‍ മരണമടഞ്ഞാല്‍ നല്‍കുന്ന പരിരക്ഷ രണ്ട് ലക്ഷം രൂപയായുംദ്യാഭ്യാസ ആനുകൂല്യങ്ങള്‍ 50 ശതമാനമായും വര്‍ദ്ധിപ്പിച്ചു. നൈപുണ്യവികസന പരിശീലനത്തിലൂടെ സ്വയം തൊഴിലും ജോലിയും ഉറപ്പാക്കുന്ന പദ്ധതികള്‍ നടപ്പാക്കി.
പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി സാമൂഹ്യപഠന മുറികള്‍ ആരംഭിച്ചിട്ടുണ്ട്. ഊരുകളോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന പഠന മുറികളില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് പുറമേ ട്യൂഷന്‍, ലൈബ്രറി, കമ്പ്യൂട്ടര്‍, ഫര്‍ണിച്ചര്‍, ടിവി, ഇന്റര്‍നെറ്റ് കണക്ഷന്‍, വൈറ്റ് ബോര്‍ഡ് എന്നിവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്രത്തില്‍ ഒരു ഫെസിലിറ്റേറ്ററും ഉണ്ടാകും. പട്ടികവര്‍ഗ്ഗ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ആരംഭിച്ച ശ്രദ്ധേയമായ പദ്ധതിയാണ് ഗോത്രബന്ധു. കുട്ടികളെ പഠനത്തില്‍ പിന്നോട്ടടിക്കുന്ന ഭാഷാ പ്രശ്‌നം പരിഹരിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം. ഈ പദ്ധതി പ്രകാരം 241 യുവതീയുവാക്കളെ ടീച്ചര്‍മാരായി വയനാട് ജില്ലയിലും 25 പേരെ അട്ടപ്പാടിയിലും നിയമിച്ചതായി മന്ത്രി പറഞ്ഞു.
എം.ആര്‍.എസ് ഹോസ്റ്റലുകള്‍, ഐടിഐകള്‍ തുടങ്ങി 16 സ്ഥാപനങ്ങള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് നിലവിലുള്ള സൗകര്യങ്ങള്‍ വിപുലീകരിക്കാനും മെച്ചപ്പെടുത്താനും നടപടികള്‍ ആരംഭിച്ചു. കിഫ്ബി മുഖേനയും സ്‌പെഷ്യല്‍ സെന്‍ട്രല്‍ അസിസ്റ്റന്റ് മുഖേനയുമാണ് പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ ഒന്‍പത് എണ്ണത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ഹോസ്റ്റലുകളും അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്താനുള്ള പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. അക്കാദമിക് രംഗത്തും കലാ കായിക രംഗത്തും പരിശീലനം നല്‍കുന്നതിനും മികവുപുലര്‍ത്തുന്നതിനുമുള്ള സംവിധാനങ്ങള്‍ ഇവിടെ ഒരുക്കും. ലഹരിവര്‍ജ്ജനത്തിലൂടെ ലഹരിമുക്തകേരളം കെട്ടിപ്പടുക്കാനുള്ള സര്‍ക്കാരിന്റെ ദൗത്യത്തിന് എല്ലാ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പിന്തുണ ഉണ്ടാകണം. കലാ-സാഹിത്യ-കായിക മേഖലയിലെ സജീവ പങ്കാളിത്തത്തോടൊപ്പം ലഹരിക്കെതിരായ പോരാട്ടത്തിലും വിദ്യാര്‍ത്ഥികള്‍ മുന്‍പന്തിയിലുണ്ടാകണമെന്ന് മന്ത്രി പറഞ്ഞു.
ഈസ്റ്റ്ഹില്‍ ഗവ. ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ എ പ്രദീപ് കുമാര്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യാതിഥിയായി. ജില്ലാ കലക്ടര്‍ സാംബശിവ റാവു, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അംഗം രാധാകൃഷ്ണന്‍ മാസ്റ്റര്‍, കൗണ്‍സിലര്‍ ബീന രാജന്‍, പട്ടികവര്‍ഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി ശശീന്ദ്രന്‍, പട്ടികവര്‍ഗ വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ആര്‍ പ്രസന്നന്‍,ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ സെയ്ദ് നയീം തുടങ്ങിയവര്‍ സംസാരിച്ചു.
കോഴിക്കോടന്‍ രുചി വിളമ്പി കുടംബശ്രീ കൂട്ടായ്മ
കോഴിക്കോടിന്റെ നാടന്‍രുചി വിളമ്പി സര്‍ഗോത്സവമേളയെ സ്വാദിഷ്ടമാക്കുകയാണ് കുടുംബശ്രീ കൂട്ടായ്മ. പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പ്രീമെട്രിക് ഹോസ്റ്റലുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സംസ്ഥാനതല കലാമേളയായ സര്‍ഗോത്സവത്തിന് രുചികരമായ ഭക്ഷണമൊരുക്കുന്നത് കുടുംബശ്രീ ജില്ലാമിഷനും ഐഫ്രമും ചേര്‍ന്നാണ്. ഒരേ സമയം 250ലധികം പേര്‍ക്ക് ഇരിക്കാവുന്ന ഭക്ഷണശാലയാണ് പ്രാധാനവേദിക്കരികില്‍ ഒരുക്കിയിരിക്കുന്നത്. സര്‍ഗോത്സവത്തിന്റെ ആദ്യ ദിനം കോഴിക്കോടിന്റെ തനത് വിഭവമായ കിണ്ണത്തപ്പം നല്‍കി കൊണ്ടാണ് ഭക്ഷണശാല സജീവമായത്. കോഴിക്കോട്ടെ കുടുoബശ്രീ യൂണിറ്റുകളായ നവജ്യോതി, സൗപര്‍ണിക, പാലക്കാട്ട് നിന്നുള്ള ഒരു യൂണിറ്റുമാണ് സര്‍ഗോത്സവത്തിലെത്തുന്ന 2500 ലധികം ആളുകള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുന്നത്. ഭക്ഷണ വിതരണത്തിനായി കുടുംബശ്രീ പിങ്ക് ടാസ്‌ക് ഫോഴ്സിന്റെ സേവനവുമുണ്ട്. പുലര്‍ച്ചെ മൂന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഭക്ഷണ കമ്മിറ്റിയുടെ ഭാരവാഹികള്‍ കെ. സജിത്ത്, വി.കെ ബിജു എന്നിവരാണ്. ഭക്ഷണക്കമ്മിറ്റി അംഗങ്ങളായ കെ.വി രാഘവന്‍, രാജന്‍, ബീരാന്‍, ഗണേഷ് കുമാര്‍ എന്നിവരും നേതൃത്വത്തില്‍ മുന്‍നിരയിലുണ്ട്.
സംഘാടക മികവില്‍ തിളങ്ങി സര്‍ഗോത്സവം
ഏഴാമത് സര്‍ഗോത്സവം കോഴിക്കോട് നടക്കുമ്പോള്‍ ഇതിനു പിന്നിലെ സംഘാടക മികവ് പ്രശംസനീയമാണ്. 1500 ലധികം വിദ്യാര്‍ഥികളും അധ്യാപകരും അനധ്യാപകരുമുള്‍പ്പെടെ 1800 പേരാണ് ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളജില്‍ സര്‍ഗവാസനകളെ ഉത്സവമാക്കാന്‍ എത്തിയിരിക്കുന്നത്. പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ സംഘാടകര്‍ ചിട്ടയോടെയാണ് നടത്തിയത്. മത്സരങ്ങളുടെ സമയക്രമവും നല്ല നിലയില്‍ പാലിക്കാന്‍ കഴിഞ്ഞു. സുരക്ഷിതത്വവും നിലവാരമുള്ളതുമായ നഗരത്തിലെ ഹോസ്റ്റലുകളിലും ഹോട്ടലുകളിലുമായിട്ടാണ് എല്ലാവര്‍ക്കും താമസ സൗകര്യമൊരുക്കിയിരിക്കുന്നത.് മത്സരത്തിന്റെ തലേ ദിവസം മുതല്‍ കോഴിക്കോടന്‍ തനിമയുള്ള ഭക്ഷണമാണ് മത്സരാര്‍ഥികള്‍ക്കായി സംഘാടകര്‍ ഒരുക്കിയത്. ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, എന്‍എസ്എസ്, എസ്പിസി ഉള്‍പ്പെടെ 150 വളണ്ടിയര്‍മാരാണ് മേളയുടെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ വകുപ്പ്, പോലീസ്, ഫയര്‍ഫോഴ്സ്, പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളുടെയും സമ്പൂര്‍ണ സഹകരണം ഉറപ്പാക്കി ഗ്രീന്‍ പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചാണ് സര്‍ഗോത്സവം നടക്കുന്നത്. പട്ടികവര്‍ഗ വികസന ഡയറക്ടര്‍ ഡോ. പി പുഗഴേന്തിയുടെ നേതൃത്വത്തിലുള്ള വകുപ്പ് ഉദ്യോഗസ്ഥരും എ പ്രദീപ് കുമാര്‍ എംഎല്‍എ ചെയര്‍മാനായും ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു ജനറല്‍ കണ്‍വീനറുമായ സംഘാടക സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
സര്‍ഗോത്സവം ഇവിടെ ഹരിതോത്സവമാണ്
പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയ ശേഷമുള്ള ആദ്യ സര്‍ഗോത്സവം പ്ലാസ്റ്റിക്കിനെ പൂര്‍ണ്ണമായി ഒഴിവാക്കി നിര്‍ത്തി ഹരിത കേരളത്തിന് മാതൃകയാവുന്നു. വേദികളെല്ലാം പ്ലാസ്റ്റിക് വിമുക്തമാണെന്നതിനു പുറമെ, മാലിന്യങ്ങള്‍ നിക്ഷേപിക്കാനായി വെച്ചിരിക്കുന്ന ഓലക്കുട്ടകളും മേളയെ ഹരിത പൂര്‍ണമാക്കുന്നു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളിലേക്കെത്തിക്കാനായി വേദികളുടെ പരിസരങ്ങളിലായി കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാരും പ്രമോട്ടര്‍മാരും സ്റ്റുഡന്റ് കൗണ്‍സിലര്‍മാരും തയ്യാറാക്കിയ പോസ്റ്ററുകളുമുണ്ട്.
കലയുടെ സര്‍ഗോത്സവത്തിന് ഇന്ന് (ജനു .6) സമാപനം
കോഴിക്കോടിന് ഉത്സവ വിരുന്നൊരുക്കിയ സര്‍ഗോത്സവത്തിന് ഇന്ന് (ജനു. 6) സമാപനം. ഗോത്ര കലാരൂപങ്ങളുടെ തുടിതാളത്തിലായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോഴിക്കോട്. രണ്ടാംദിനത്തില്‍ ഡോ അംബേദ്കര്‍ മെമ്മോറിയല്‍ ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തിരുനന്തപുരം 78 പോയന്റുമായി മുന്നിട്ടു നില്‍ക്കുന്നു. 77 പോയന്റുമായി തിരുവനന്തപുരം ഞാറനീലി ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സിബിഎസ്ഇ സ്‌കൂളാണ് രണ്ടാംസ്ഥാനത്ത്. 71 പോയന്റുമായി ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പറവനടുക്കം കാസര്‍ഗോഡ് മൂന്നാം സ്ഥാനത്തുണ്ട്.
പട്ടികവര്‍ഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ സര്‍ഗോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ പരമ്പരാഗത ഗാനം, നാടകം, മിമിക്രി തുടങ്ങിയ പ്രധാന ഇനങ്ങളാണ് അരങ്ങിലെത്തിയത്. മാനാഞ്ചിറ വേദിയില്‍ രാവിലെ ഉദ്ഘാടന ചടങ്ങോടു കൂടിയാണ് പരിപാടികള്‍ക്ക് തുടക്കമായത്. തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ കലാമേള ഉദ്ഘാടനം ചെയ്തു. എ പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ഒന്നാം വേദി പരമ്പരഗത ഗാനത്തിലേക്ക് മാറി. രണ്ടാം വേദിയായ സരോവരത്തില്‍ നാടകം അരങ്ങുണർത്തി. മൂന്നാംവേദിയായ കാപ്പാടിൽ ലളിതഗാനവും മിമിക്രിയും നാലാം വേദിയിയായ 'ബേപ്പൂരി'ല്‍ ജലഛായവും പെന്‍സില്‍ ഡ്രോയിംഗും 'തുഷാരഗിരി'യെന്ന അഞ്ചാം വേദിയില്‍ ഇംഗ്ലീഷ് ഉപന്യാസ രചനയും കഥാരചനയും നടന്നു.
കലാമേള രണ്ടാം ദിനം പിന്നിട്ടപ്പോൾ പരാതികളൊന്നു മില്ലാതെയാണ് മത്സരങ്ങള്‍ നടന്നത്. മത്സരങ്ങളുടെ സമയക്രമവും നല്ല നിലയില്‍ പാലിക്കാനുംകഴിഞ്ഞു. ആരോഗ്യ വകുപ്പ്, പോലീസ്, ഫയര്‍ഫോഴ്സ്, പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളുടെയും സമ്പൂര്‍ണ സഹകരണം ഉറപ്പാക്കി ഗ്രീന്‍ പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചാണ് സര്‍ഗോത്സവം നടക്കുന്നത്.
കലോത്സവത്തിന്റെ അവസാന ദിനമായ ഇന്ന് (ജനു. 6) രണ്ട് ഇനങ്ങളിലാണ്ത്സരം. സമാപന സമ്മേളനോദ്ഘാടനവും സമ്മാനദാനവും വൈകീട്ട് നാലിന് പട്ടികജാതി-പട്ടികവര്‍ഗ പിന്നോക്ക വിഭാഗ ക്ഷേമ-നിയമ-സാംസ്‌കാരിക വകുപ്പു മന്ത്രി എ.കെ.ബാലന്‍ നിര്‍വ്വഹിക്കും. എ.പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷനാകും.
സര്‍ഗോത്സവ വേദിയില്‍ ഗോത്ര ശീലുകള്‍ ഉയര്‍ത്തി പരമ്പരാഗത ഗാനം
തുടികൊട്ടിക്കയറിയ താളത്തിനൊപ്പം ഗോത്ര നൃത്തച്ചുവടുകളാണ് സര്‍ഗോത്സവ വേദിയിൽ ഉയര്‍ന്നു കേട്ടത്. വേദിയും ചുറ്റുപാടും ഒരു നിമിഷം ഗോത്ര തന്മയത്തിലേക്ക് ലയിച്ചു ചേര്‍ന്നു. പട്ടികവര്‍ഗ്ഗ പരമ്പരാഗത ഗാനമാണ് സര്‍ഗോത്സവ വേദിയിലെത്തിയവര്‍ക്ക് വേറിട്ട അനുഭവമായി മാറിയത്. ആഘോഷ വേളകള്‍, മരണാനന്തര ചടങ്ങുകള്‍, കല്യാണം തുടങ്ങിയ ചടങ്ങുകള്‍ക്കാണ് ഗോത്ര ഊരുകളില്‍ പരമ്പരാഗത ഗാനം ആലപിക്കുക.
ഗോത്ര ഊരുകളുടെ തനത് സംഗീതത്തില്‍ കാണികള്‍ താളമിട്ടപ്പോള്‍ അതിനൊപ്പം വിദ്യാര്‍ത്ഥികളും പാടിക്കയറി. ബൈറ, തവില്, ജാല്‍റ, തുടി തുടങ്ങിയ തനത് വാദ്യോപകരണങ്ങളാണ് ഇതില്‍ ഉപയോഗിക്കുന്നത്. മണിക്കൂറുകള്‍ നീളുന്ന പരമ്പരാഗത ഗാനത്തെ പത്തുമിനിറ്റില്‍ ചുരുക്കിയാണ് മത്സരാര്‍ത്ഥികള്‍ വേദിയില്‍ അവതരിപ്പിച്ചത്.
എ പ്ലസ് മധുരവുമായി നന്ദിനി
ഇടുക്കിയിലെ ഇടമലക്കുടിയില്‍ നിന്നും സര്‍ഗോത്സവം മത്സരവേദിയിലെത്തി എ പ്ലസ് കരസ്ഥമാക്കി കൊച്ചു മിടുക്കി നന്ദിനി. പ്രളയം പഠിപ്പിച്ച പാഠം എന്ന വിഷയത്തില്‍ ഉപന്യാസ രചന മത്സരത്തിലാണ് നന്ദിനിക്ക് ഗ്രേഡ് ലഭിച്ചത്. കേരളത്തിലെ ഏക ട്രൈബല്‍ പഞ്ചായത്തായ ഇടമലക്കുടിയില്‍ നിന്നാണ് നന്ദിനി മത്സരത്തിനായി എത്തിയത്. പ്രത്യേക പരിശീലനം ഒന്നും ലഭിക്കാതെ ഹോസ്റ്റല്‍ വായനശാലയിലെ പുസ്തകങ്ങള്‍ വായിച്ച അറിവുകള്‍ മാത്രമാണ് നന്ദിനിക്ക് കൂട്ടായുള്ളത്. ചാലക്കുടി പ്രീമെട്രിക് ഹോസ്റ്റലില്‍ നിന്നു പഠിക്കുന്ന കുട്ടിചാലക്കുടി ഗവ ഈസ്റ്റ് സ്‌കൂളിലെഏഴാം ക്ലാസുകാരിയാണ്.
സര്‍ഗോത്സവം പോലൊരു വേദിയിലേക്ക് ആദ്യമായാണ് നന്ദിനി മത്സരിക്കാന്‍ എത്തുന്നത്. ആദ്യ മത്സരത്തില്‍ തന്നെ എ ഗ്രേഡ് കരസ്ഥമാക്കിയതിന്റെ സന്തോഷത്തിലാണ് നന്ദിനി. പ്രസംഗ മത്സരത്തിലും നന്ദിനി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. രാമരാജന്‍ സീതാദേവി ദമ്പതികളുടെ മകളായ നന്ദിനിക്ക് പഠിച്ച് ഡോക്ടറാകാ നാണ് ആഗ്രഹം.
സ്വാഗതഗാനം ആലപിച്ച് കയ്യടി നേടി ചാലക്കുടി എംആര്‍എസ്
സര്‍ഗോത്സവ വേദിയില്‍ ആലപിച്ച സ്വാഗത ഗാനത്തിന് പതിനഞ്ച് വര്‍ഷത്തെ പഴക്കമുണ്ട്. ഏഴാം സര്‍ഗോത്സവ വേദിക്കു കൂടി സ്വാഗതമോതിയതോടെ നാലാം തവണയാണ് ചാലക്കുടി എം.ആര്‍ എസിന്റെ ഗാനം മേളയിലെത്തുന്നത്. നാല്‍പത്തിയഞ്ചു കുട്ടികള്‍ അണിനിരന്നു പാടിയ ഗാനം എഴുതിയത്, 2005 ല്‍ ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്ന ആറു പേര്‍ ചേര്‍ന്നാണ്. കുട്ടികളുടെ ഗാനത്തിന് അധ്യാപകന്‍ എം.കെ ഹരി മോഹനരാഗത്തില്‍ ഈണം നല്‍കി. ആദ്യമായി സ്വന്തം സ്‌കൂളിലെ ഉദ്ഘാടന ചടങ്ങിനു തന്നെ ആലപിച്ചു. ശ്രോതാക്കള്‍ ഏറ്റുപിടിച്ച ഗാനം പിന്നീട് സര്‍ഗോത്സവത്തില്‍ എത്തുകയായിരുന്നു. 'പരശുരാമന്‍ മഴുവെറിഞ്ഞ നാള്‍ എന്ന് തുടങ്ങുന്ന ഗാനം ആതിഥ്യം വഹിക്കുന്ന സ്ഥലത്തിനനുസരിച്ച് പേരുകള്‍ മാറ്റി ചേര്‍ക്കാം എന്നത് കൂടുതല്‍ ജനപ്രിയമാക്കി.
- Log in to post comments