പെരിന്തല്‍മണ്ണ ഗവ.പോളിടെക്നിക് കോളജ്: സിവില്‍ ബ്ലോക്ക് ഉദ്ഘാടനവും സില്‍വര്‍ ജൂബിലി കെട്ടിടം ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു
പെരിന്തല്‍മണ്ണ ഗവ.പോളിടെക്നിക് കോളജിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പുതുതായി നിര്‍മ്മിച്ച സിവില്‍ ബ്ലോക്ക് കെട്ടിടത്തിന്റെയും നവീകരിച്ച ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനവും സില്‍വര്‍ ജൂബിലി ബ്ലോക്കിന്റെ ശിലാസ്ഥാപനവും കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു. സിവില്‍ ബ്ലോക്കിന്റെയും സില്‍വര്‍ ജൂബിലി കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ നിര്‍വഹിച്ചു. നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എയും നിര്‍വഹിച്ചു.
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ പഠന മേഖലയില്‍ സാധ്യതകള്‍ ഏറെയാണ്. അവ ഉപയോഗപ്പെടുത്താനാണ് വിദ്യാര്‍ഥികള്‍ ശ്രമിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസത്തിനായി കേരളത്തിന് പുറത്തുനിന്നുള്ള കുട്ടികളെ കൂടി സംസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ഈ വര്‍ഷം ആദ്യം മുതല്‍ പോളിടെക്നിക് കോളജുകളില്‍ ലാട്രല്‍ എന്‍ട്രി സൗകര്യം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയത്. അതു വഴി സംസ്ഥാനത്തെ കുട്ടികള്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും അനുഭവിക്കാന്‍ കഴിയുന്ന സൗകര്യങ്ങള്‍ ലഭിച്ചെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും 2.5 കോടി രൂപ ചെലവഴിച്ചാണ് സിവില്‍ ബ്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. എം.എല്‍.എ ഫണ്ടില്‍ നിന്നും ലഭിച്ച 40 ലക്ഷം രൂപ ഉപയോഗിച്ചാണ് ഓഡിറ്റോറിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.
കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.കെ. റഷീദലി, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.മായാദേവി, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കേശവന്‍, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ യു.രവി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.പി. ഇന്ദിരദേവി, പോളിടെക്‌നിക് പ്രിന്‍സിപ്പല്‍ കെ.മുഹമ്മദ് മുസ്തഫ, മഞ്ചേരി ഗവ.പോളിടെക്നിക് പ്രിന്‍സിപ്പല്‍ എം.രാമചന്ദ്രന്‍, പി.ടി.എ പ്രസിഡന്റ് ശിഹാബ് ആലിക്കല്‍, സ്റ്റാഫ് ക്ലബ് പ്രസിഡന്റ് സി.എച്ച്.മുജീബ് റഹ്മാന്‍, അലൂമിനി അസോസിയേഷന്‍ പ്രസിഡന്റ് സജി കക്കറ, കോളജ് യൂനിയന്‍ ചെയര്‍മാന്‍ പി. മുഹമ്മദ് റിജാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments