തോട്ടട - അയ്യാരത്ത് റോഡ് പ്രവൃത്തി വൈകിയത് അന്വേഷിക്കും: മന്ത്രി ജി സുധാകരന്‍ വാരം-കടാങ്കോട്-കരിക്കന്‍ കണ്ടിച്ചിറ റോഡ് പുനരുദ്ധാരണം തുടങ്ങി
രണ്ടു വര്‍ഷം മുമ്പ് പ്രവൃത്തി ആരംഭിച്ച തോട്ടട-കിഴുന്നപ്പാറ-തെരു മണ്ഡപം-അയ്യാരത്ത് റോഡിന്റെ പുനരുദ്ധാരണം വൈകിയതിനെ കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. വാരം-കടാങ്കോട്-കരിക്കന്‍ കണ്ടിച്ചിറ റോഡ് പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
2017 ആഗസ്ത് 29നാണ് നബാര്‍ഡ് സഹായത്തോടെ അഞ്ച് കോടിയുടെ മെക്കാഡം റോഡ് പ്രവൃത്തി തുടങ്ങിയത്. എന്നാല്‍ ഇതുവരെയും പ്രവൃത്തി പൂര്‍ത്തിയായിട്ടില്ല. അമൃത് പദ്ധതിക്കായുള്ള പൈപ്പിടല്‍ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കേരള വാട്ടര്‍ അതോറിറ്റിയും പിഡബ്ല്യുഡിയും തമ്മിലുള്ള തര്‍ക്കമാണ് റോഡ് പ്രവൃത്തി വൈകിയതിനു കാരണം എന്ന രീതിയുള്ള വാര്‍ത്തകള്‍ ശരിയല്ല. വകുപ്പുകള്‍ തമ്മില്‍ എന്തെങ്കിലും തര്‍ക്കമുണ്ടാവേണ്ട കാര്യവുമില്ല. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നോ കരാറുകാരന്റെ ഭാഗത്തുനിന്നോ എന്തെങ്കിലും വീഴ്ചകളുണ്ടായിട്ടോ എന്ന് പരിശോധിക്കും.
റോഡ് പ്രവൃത്തി വൈകുന്നത് നാട്ടുകാര്‍ക്ക് വലിയ പ്രയാസമാണ് സൃഷ്ടിച്ചിട്ടുള്ളത്. പ്രവൃത്തി എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെയും എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെയും മേല്‍നോട്ടത്തില്‍ കൈക്കൊള്ളണമെന്നും മന്ത്രി പറഞ്ഞു.
റോഡ് പ്രവൃത്തിയുടെ കാര്യത്തില്‍ കരാറുകാരന്റെ ഭാഗത്തുനിന്ന് അനാസ്ഥ സംഭവിച്ചതായി പരാതിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ കരാറുകാരന്‍ ജില്ലയിലെ മറ്റു ഭാഗങ്ങളില്‍ ഏറ്റെടുത്ത പ്രവൃത്തികളെ കുറിച്ചും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച് വീഴ്ച കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദ് ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
അടിസ്ഥാന സൗകര്യവികസനത്തിന്റെ കാര്യത്തില്‍ കാലങ്ങളായി തഴയപ്പെട്ടിരുന്ന കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയില്‍ 5000 കോടിയുടെ പ്രവൃത്തികളാണ് പൊതുമരാമത്ത് വകുപ്പ് നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ നഗരത്തില്‍ മാത്രം 736 കോടിയുടെ റോഡ് നിര്‍മാണ പ്രവര്‍ത്തികളാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.
ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന 736 കോടിയുടെ റോഡ് വികസനത്തിന് ആവശ്യമായ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം മുടങ്ങിക്കിടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ജനങ്ങളുടെയും അധികൃതരുടെയും ഭാഗത്തുനിന്ന് അടിയന്തര നടപടികള്‍ ഉണ്ടായിട്ടില്ലെങ്കില്‍ അനുവദിച്ച തുക നഷ്ടപ്പെട്ടുപോവുന്ന അവസ്ഥയാണുണ്ടാവുകയെന്നും മന്ത്രി പറഞ്ഞു.
മേയര്‍ സുമ ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് എന്നിവര്‍ മുഖ്യാതിഥികളായി. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ അഡ്വ. ലിഷ ദീപക്, ഇ ബീന, സി എറമുള്ളാന്‍, പിഡബ്ല്യുഡി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍മാരായ ജി എസ് ദിലീപ് ലാല്‍, ഇ ജി വിശ്വപ്രകാശ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ ജിഷാകുമാരി, എം ജഗദീഷ്, വിവിധ കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments