Skip to main content
മട്ടന്നൂര്‍ നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ ഉയരെ 2020 മേളയില്‍ വയോജന സംഗമവും മെഡിക്കല്‍ ക്യാമ്പും  ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

ചികിത്സാ പദ്ധതികള്‍ താഴേത്തട്ടില്‍ എത്തുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പ് വരുത്തണം: ആരോഗ്യവകുപ്പ് മന്ത്രി

സര്‍ക്കാര്‍ നടപ്പിലാക്കുന്ന അമൃതം ആരോഗ്യം പോലുള്ള ചികിത്സാ പദ്ധതികള്‍ സമൂഹത്തിന്റെ താഴേത്തട്ടിലുള്ള ജനങ്ങള്‍ക്ക് ഫലപ്രദമായി ലഭ്യമാകുന്നുണ്ടെന്ന് തദ്ദേശസ്ഥാപങ്ങള്‍ ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. മട്ടന്നൂര്‍ നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ ഉയരെ 2020 മേളയില്‍ വയോജന സംഗമവും മെഡിക്കല്‍ ക്യാമ്പും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നാം ഇന്ന് നേരിടുന്ന ആരോഗ്യപ്രശ്ങ്ങളില്‍ വലിയൊരു ശതമാനവും ജീവിതശൈലി രോഗങ്ങളാണ്. ഇതില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കായി അമൃതം ആരോഗ്യം പോലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. ഇവ ജനങ്ങളില്‍ വേണ്ടരീതിയില്‍ എത്തുന്നുണ്ടെന്ന് നഗരസഭയിലെ ഓരോ വാര്‍ഡ് അംഗങ്ങളും പരിശോധിക്കണം. നമുക്ക് ലഭ്യമാകുന്ന സൗകര്യങ്ങളും സാധ്യതകളും വേണ്ട വിധത്തില്‍ ഉപയോഗപ്രദമാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
വയോജനങ്ങള്‍ക്കായുള്ള മെഡിക്കല്‍ ക്യാമ്പില്‍ 400ഓളം പേര്‍ പരിശോധനയ്ക്കായി എത്തി. പല്ല്, കണ്ണ്,  ജീവിതശൈലി രോഗങ്ങള്‍ക്കുള്ള പരിശോധനകളാണ് ക്യാമ്പില്‍ സംഘടിപ്പിച്ചത്. തുടര്‍ന്ന് വയോജനങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.
ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍ അധ്യക്ഷനായി. നഗരസഭ സെക്രട്ടറി വി എന്‍ അനീഷ്, സ്ഥിരം സമിതി അധ്യക്ഷമാരായ എം റോജ,  ഷാഹിന സത്യന്‍, പി കെ നിഷ എന്നിവര്‍ സംസാരിച്ചു. കുടുംബംശ്രീ അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date