വിവിധ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു
തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു. ചെറുക്കള - കൊടിലേരി പാലം - കാഞ്ഞിരങ്ങാട് - ചെനയന്നൂര്‍ - മാവിച്ചേരി- നടുവയല്‍ റോഡ്, പുഷ്പഗിരി - നെല്ലിപ്പറമ്പ്- വെള്ളാവ് - കുറ്റ്യേരിക്കടവ്- ചിതപ്പിലെ പൊയില്‍ - നടുവയല്‍, മാവിച്ചേരി റോഡ്, കോലത്തുവയല്‍ - പാളിയത്തുവളപ്പ് - ചെറുപാന്തോട്ടം - വെള്ളിക്കീല്‍ കടവ് റോഡ് എന്നിവയുടെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. പരിയാരം, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന ചൊറുക്കള കൊടിലേരിപ്പാലം- കാഞ്ഞിരങ്ങാട് ചെനയന്നൂര്‍ - മാവിച്ചേരി നടുവയല്‍ റോഡിന്റെ നിര്‍മ്മാണത്തിന് 11.84 കോടി രൂപയും പരിയാരം ഗ്രാമപഞ്ചായത്തിലൂടെ കടന്നു പോകുന്ന പുഷ്പഗിരി നെല്ലിപ്പറമ്പ് വെളളാവ് കുറ്റ്യേരിക്കടവ് ചിതപ്പിലെപൊയില്‍ - നടുവയല്‍ - മാവിച്ചേരി റോഡ് നിര്‍മ്മാണത്തിന് 10 കോടി രൂപയും തളിപ്പറമ്പ് മണ്ഡലത്തില്‍പ്പെട്ട കണ്ണൂര്‍ പൊതുമരാമത്ത് റോഡ്‌സ് സബ് ഡിവിഷനു കീഴില്‍ വരുന്ന കോലത്തുവയല്‍ - പാളിയത്തു വളപ്പ് ചെറുപാന്തോട്ടം വെളളിക്കീല്‍ക്കടവ് റോഡിന് ആറ് കോടി രൂപയുടെയും ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. ആവശ്യമായ സ്ഥലങ്ങളില്‍ ഓവുചാലുകളും പാര്‍ശ്വ ഭിത്തികളും നിര്‍മ്മിച്ചും കലുങ്കുകള്‍ പുതുക്കിപ്പണിതും സുരക്ഷ സംവിധാനങ്ങളൊരുക്കിയും 10 മീറ്റര്‍ വീതിയിലാണ് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുക.
ഏറ്റെടുത്ത പ്രവൃത്തികള്‍ കരാറുകാര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ഒരേ സമയം ഒന്നിലധികം പ്രവൃത്തികള്‍ ഏറ്റെടുത്ത് ഒരു പ്രവൃത്തിയും സമയത്ത് പൂര്‍ത്തിയാകാത്ത നിരവധി ഉദാഹരണങ്ങളുണ്ട്. അത് സ്വീകാര്യമായ കാര്യമല്ല. ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ ചെയ്യാന്‍ തക്ക തൊഴിലാളികളും ആവശ്യമായ യന്ത്രങ്ങളും ഉണ്ടായിരിക്കണം. അതില്ലാതെ ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ മൂന്നും നാലും വര്‍ഷമെടുക്കുന്നത് അനുവദിക്കാനാവില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ കരാര്‍ റദ്ദാക്കി പുതിയ കരാര്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
45,000 കിലോമീറ്റര്‍ റോഡില്‍ 6.23 ശതമാനം റോഡില്‍ മാത്രമാണ് അറ്റകുറ്റപ്പണി ബാക്കിയുള്ളത്. വിദേശ രാജ്യങ്ങളിലെ റോഡുകളെക്കാള്‍ മികച്ച ചില റോഡുകള്‍ കേരളത്തിലുണ്ടെന്ന് വിദേശ മലയാളികള്‍ പറയാറുണ്ട്. എല്ലാ മേഖലകളിലും വലിയ വികസനമാണ് കേരളത്തില്‍ നടക്കുന്നത്. തീരദേശ ഹൈവേയും മലയോര ഹൈവേയുമടക്കം 1500 ല്‍ പരം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ മാത്രം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ ഓരോ മണ്ഡലത്തിലും വിവിധ പ്രവൃത്തികള്‍ നടന്നുവരുന്നുണ്ട്. 2024 ആകുമ്പോഴേക്ക് കേരളത്തിലെ മുഴുവന്‍ റോഡുകളും മികവുറ്റതാകും. ആവശ്യമായ മുഴുവന്‍ സ്ഥലങ്ങളിലും പാലങ്ങളും നിര്‍മ്മിക്കും. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കെല്ലാം പുതിയ രൂപവും ഭാവവും വരും. 30 വര്‍ഷത്തോളം കേടുപറ്റാതെ നിലനില്‍ക്കുന്ന കോണ്‍ക്രീറ്റ് റോഡുകള്‍ നിര്‍മ്മിക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കുറ്റ്യേരി നടുവയലില്‍ നടന്ന ചടങ്ങില്‍ ജെയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ജിഷാകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നിരത്തുകള്‍ വിഭാഗം നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ ഇ ജി വിശ്വപ്രകാശ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ രാജേഷ്, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഐ വി നാരായണന്‍, നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി ദേവേശന്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments