Skip to main content
തുരുത്തിമുക്ക് പാലം പ്രവൃത്തി ഉദ്ഘാടനം മന്ത്രി ജി സുധാകരൻ നിർവഹിക്കുന്നു

സൂപ്പര്‍ ന്യൂമറി തസ്തികയില്‍ പ്രവേശനം ഫെബ്രുവരിയോടെ: മന്ത്രി ഇ പി ജയരാജന്‍ കിസാന്‍കൊവ്വല്‍ സ്റ്റേഡിയം മന്ത്രി നാടിന് സമര്‍പ്പിച്ചു

കായിക താരങ്ങളെ സംരക്ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വിവിധ വകുപ്പുകളില്‍ സൃഷ്ടിച്ച സൂപ്പര്‍ ന്യൂമറി തസ്തികയിലേക്കുള്ള പ്രവേശനം ഫെബ്രുവരിയോടെ ആരംഭിക്കുമെന്ന് കായിക വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. പയ്യന്നൂര്‍ കണ്ടോത്ത് കിസാന്‍ കൊവ്വല്‍ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനത്തെ കായിക താരങ്ങള്‍ നേരിട്ടു കൊണ്ടിരുന്ന അവഗണന വളരെ വലുതായിരുന്നു. ഇവിടെ നിന്നാണ് സംസ്ഥാനത്തിന് തന്നെ അഭിമാനമായ കായിക താരങ്ങള്‍ക്ക് കൈത്താങ്ങായി പോലീസില്‍ ഉള്‍പ്പടെ വിവിധ വകുപ്പുകളില്‍ സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് ജോലി നല്‍കാന്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ 286 പേര്‍ക്ക്
ജോലി നല്‍കുന്നതിനുള്ള എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയായതായും ഫെബ്രുവരി മാസത്തോടെ പ്രവേശനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ജനതയുടെ കായിക ക്ഷമത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ജില്ലയിലും രണ്ട് വീതം ഫിറ്റ്‌നസ് സെന്റര്‍ സര്‍ക്കാറിന്റെ പരിഗണനയിലാണ്. ഫിറ്റ്‌നസ് സെന്ററിന്റെ പ്രാരംഭ ഘട്ടം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കായിക രംഗത്തിന് കരുത്തായി പ്രവാസികള്‍ ഉള്‍പ്പടെ രംഗത്ത് വരുന്ന പ്രവണതയെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന കേരളോത്സവത്തില്‍ ഫുട്‌ബോളില്‍ ഒന്നാം സ്ഥാനം നേടിയ പയ്യന്നൂര്‍ ടീമിനെയും സ്റ്റേഡിയത്തിന്റെ പ്രവൃത്തി നടത്തിയ കരാറുകാരന്‍ സി സുകുമാരനെയും ചടങ്ങില്‍ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു.
      ചടങ്ങില്‍ സി കൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായി. നഗരസഭ ചെയര്‍ മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍, വൈസ് ചെയര്‍ പേഴ്‌സണ്‍ കെ പി ജോതി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാര്‍, കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

date