Skip to main content

ലൈഫ് ഭവനനിര്‍മ്മാണ പദ്ധതി ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും 9,10,11 തീയതികളില്‍

അങ്കമാലി: ലൈഫ് ഭവനനിര്‍മ്മാണ പദ്ധതി ഗുണഭോക്തക്കളുടെ ബ്ലോക്ക് തല കുടുംബസംഗമവും അദാലത്തും 9,10,11 തീയതികളില്‍ നടക്കും. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കറുകുറ്റി, മൂക്കന്നൂര്‍, തുറവൂര്‍, മഞ്ഞപ്ര, അയ്യംമ്പുഴ, മലയാറ്റൂര്‍, കാലടി, കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ ലൈഫ് ഭവനനിര്‍മ്മാണ പദ്ധതിയില്‍ വാസയോഗ്യമായ  ഭവനങ്ങള്‍ നിര്‍മ്മിച്ച 318 കുടുംബങ്ങളാണ് ബ്ലോക്ക് തലത്തില്‍ സംഗമിക്കുന്നത്.
ലൈഫ് പദ്ധതിയില്‍ ഗുണഭോക്തക്കളുടെ ജീവിതാന്തസ്സ് വര്‍ദ്ധിപ്പിക്കുന്നതിനും പുതിയഭവനങ്ങളില്‍  താമസമാരംഭിക്കുമ്പോള്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് സാമ്പത്തിക, സാമൂഹ്യ മേഖലങ്ങളില്‍ മുന്നേറുവാന്‍ പ്രാപ്താരാക്കുന്നതിനാണ് സംഗമവും അദാലത്തും സംഘടിപ്പിച്ചിട്ടുള്ളത്. കുടുംബസംഗമത്തിലും അദാലത്തിലും സിവില്‍ സപ്ലൈസ്, വൈദ്യുതിബോര്‍ഡ്, ആരോഗ്യം വ്യവസായം, കുടുംബശ്രീ തുടങ്ങി 18 വകുപ്പുകളുടെ സജ്ജീവ പങ്കാളിത്തം ഉണ്ടാകും. റേഷന്‍ കാര്‍ഡുകളിലെ തെറ്റ് തിരുത്തല്‍ മുതല്‍ സ്വയം തൊഴില്‍ പദ്ധതികള്‍ക്കുള്ള സബ്‌സിഡി വിതരണം വരെ സംഗമവേദിയില്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
കുടുംബസംഗമത്തിന് മുന്നോടിയായി 9 ന് രാവിലെ 9.30 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വ്യവസായ സംരംഭകത്വ സെമിനാറും ഉല്‍പ്പന്ന പ്രദര്‍ശനവും നടത്തും. തൃശ്ശൂര്‍ ജില്ല വ്യവസായകേന്ദ്രം അസി. രജിസ്ട്രാര്‍ ലിനോ ജോര്‍ജ്ജ് സെമിനാറിന് നേതൃത്വം നല്‍കും.
10 ന് രാവിലെ 9.30 ന് സി. എസ്. എ ഹാളില്‍ ഗുണഭോക്തക്കളുടെ കുടുംബസംഗമവും അദാലത്തും റോജി എം. ജോണ്‍ എം. എല്‍. എ. ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ടി. പോള്‍ അദ്ധ്യക്ഷത വഹിക്കും. അന്‍വര്‍ സാദത്ത് എം. എല്‍. എ. മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത്  പ്രസിഡന്റുമാരും ത്രിതല പഞ്ചായത്ത് പ്രതിനിധികളും ആശംസകളര്‍പ്പിക്കും.
തുടര്‍ന്ന് 18 സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ അദാലത്ത് നടക്കും.
11 ന് ഉച്ചകഴിഞ്ഞ് 2 ന് വ്യാപാരഭവന്‍ ആഡിറ്റോറിയത്തില്‍ 9,10,11, 12 ക്ലാസ്സുകളിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സെമിനാര്‍ സംഘടിപ്പിക്കും. പ്രശസ്ത ' കരിയര്‍ വിദഗ്ധന്‍ പ്രൊഫ. പി. ആര്‍. വെങ്കിട്ടരാമന്‍ സെമിനാറിന് നേതൃത്വം നല്‍കും.
റോജി എം. ജോണ്‍ എം. എല്‍. എ. രക്ഷാധികാരിയും ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് പി. ടി. പോള്‍ ചെയര്‍മാനും സെക്രട്ടറി  എ. ജെ. അജയ് കണ്‍വീനറുമായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചിട്ടുണ്ട്.

date