ഞെളിയന്‍ പറമ്പ് മാലിന്യസംസ്‌കരണ പ്ലാന്റ് കേരളത്തിന് മാതൃക : ആറ് മെഗാവാട്ട് വൈദ്യൂതി ലഭ്യമാകും : മുഖ്യമന്ത്രി
ഞെളിയന്‍ പറമ്പില്‍ വൈദ്യൂതി - സംയോജിത മാലിന്യ സംസ്‌കരണ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പഴയ അവസ്ഥ മാറുമെന്നും ഇതില്‍ നിന്ന് ആറ് മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭ്യമാകുമെന്നും പ്ലാന്റിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോഴിക്കോട് ഞെളിയന്‍ പറമ്പില്‍ സ്ഥാപിക്കുന്ന പ്ലാന്റ് കേരളത്തിന് തന്നെ മാതൃകയാണ്. ഇത്തരത്തിലുളള പ്ലാന്റുകള്‍ സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ സ്ഥാപിക്കും. കേന്ദ്രീകൃത മാലിന്യ സംസ്‌കരണമാണ് ഇതു വഴി സാധ്യമാകുക. ഞെളിയന്‍ പറമ്പില്‍ മാലിന്യ പ്ലാന്റ് വരുന്നതോടെ 300 ടണ്‍ മാലിന്യം സംസ്‌ക്കരിക്കാനാവും. സമീപ മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങളും സംസ്‌ക്കരിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാലിനജലം, ദുര്‍ഗന്ധം എന്നിവയുണ്ടാകുമെന്ന ആശങ്ക വേണ്ട. ഈ മാതൃക പ്ലാന്റില്‍ നിന്ന് മലിനീകരണമുണ്ടാകില്ല. ലോകത്തുനടപ്പാക്കിയ പ്ലാന്റിന്റെ മാതൃകയാണ് ഇവിടെ നടപ്പാക്കുന്നത്. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ കോഴിക്കോടെത്തുന്നവരെ ആകര്‍ഷിക്കുന്ന ഒന്നായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. മലബാര്‍ വേയ്സ്റ്റ് മാനേജ്മെന്റ് കമ്പനിയാണ് പ്ലാന്റ് നിര്‍മ്മിക്കുന്നത്. മാലിന്യ ശേഖരണം, ശാസ്ത്രീയ സംസ്‌ക്കരണം ഉറപ്പാക്കുന്ന രീതിയിലാണ് പ്ലാന്റിന്റെ നിര്‍മ്മാണം. ഇതിലൂടെ മാലിന്യ പ്രശ്നങ്ങള്‍ക്ക് വലിയതോതില്‍ പരിഹാരം കാണാനാവുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ 800 കോടിയുടെ ഇന്‍വെസ്റ്റ്മെന്റ് കമ്മിറ്റുമെന്റ് മുഖ്യമന്ത്രിയ്ക്ക് കമ്പനി ഉടമകള്‍ കൈമാറി. തദ്ദേശ സ്വയം ഭരണവകുപ്പുമന്ത്രി എ.സി മൊയതീന്‍ അധ്യക്ഷത വഹിച്ചു. വികസനത്തിന്റെ ഒരു പ്രശ്നമാണ് മാലിന്യനിര്‍മ്മാര്‍ജനം. ഞെളിയന്‍ പറമ്പിലേതു പോലുളള പ്ലാന്റുകള്‍ സംസ്ഥാനത്ത് അധികമായി വരുന്നതോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. കൊച്ചി ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണെന്നും 18 മാസം കൊണ്ട് ഞെളിയന്‍ പറമ്പിലെ പ്ലാന്റ് യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം അറിയിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് ആമുഖ പ്രഭാഷണവും കേരളത്തിലെ ആധുനിക മാലിന്യ സംസ്‌കരണ പദ്ധതികളെ ക്കുറിച്ചുളള വിശകലനവും നടത്തി.
വി.കെ സി മമ്മദ്കോയ എം.എല്‍, സംസ്ഥാന ഇലക്ട്രിസിറ്രി ബോര്‍ഡ് ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എന്‍.എസ് പിളള, ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു, ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക്, മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍മാരായ കമറുലൈല (ഫറോക്ക്), വാഴയില്‍ ബാലകൃഷ്ണന്‍ (രാമനാട്ടുകര), അഡ്വ. സത്യന്‍ കെ (കൊയിലാണ്ടി), ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ തങ്കമണി കെ (ഒളവണ്ണ), ലീനക്കുട്ടി സി (കുന്ദമംഗലം), സി.കെ അജയകുമാര്‍ (കടലുണ്ടി), സ്ഥിരം സമിതി അംഗങ്ങള്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ സ്വാഗതവും സെക്രട്ടറി ബിനു ഫ്രാന്‍സിസ് നന്ദിയും പറഞ്ഞു.
- Log in to post comments