Skip to main content

മഞ്ഞപ്പിത്തത്തിനെതിരെ  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി -  ഡി.എം.ഒ

 

 

 

നരിപ്പറ്റ പഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ നിന്നും മഞ്ഞപ്പിത്തകേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി അറിയിച്ചു.  റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മഞ്ഞപ്പിത്തകേസുകളില്‍ ഭൂരിഭാഗവും വിവാഹങ്ങളിലും, സല്‍ക്കാരങ്ങളിലും ആഘോഷചടങ്ങുകളിലും പങ്കെടുത്ത് പാനീയങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങള്‍ കഴിച്ചവര്‍ക്കാണ്.  മഞ്ഞപ്പിത്തരോഗം പിടിപ്പെട്ട ആളുകളുടെ രോഗം പൂര്‍ണമായി മാറാതെ ഇത്തരം ചടങ്ങുകളില്‍ പങ്കെടുത്ത് ആഹാരസാധനങ്ങള്‍ വിളമ്പുകയും തയ്യാറാക്കുകയും ചെയ്തവരില്‍ നിന്നാണ്  രോഗം മറ്റുള്ളവരിലേയ്ക്ക് പകര്‍ന്നിട്ടുള്ളത്.  രോഗം പൂര്‍ണമായും ഭേദമാകാതെ ചടങ്ങുകളില്‍ പങ്കെടുത്ത് ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യാന്‍ പാടുള്ളതല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പനി, വയറുവേദന, ഓക്കാനം,  ഛര്‍ദ്ദി, വിശപ്പില്ലായ്മ,  വയറിളക്കം, മൂത്രത്തിന് നിറവ്യത്യാസം, കണ്ണിന് മഞ്ഞനിറം, എന്നിവയാണ് മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍.

 

തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, തണുത്തതും പഴകിയതുമായ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക. വിവാഹം, സല്‍ക്കാരം, ആഘോഷങ്ങളില്‍ ഉപയോഗിക്കുന്ന ഐസും, വെള്ളവും ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക, പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിക്കുക,   രോഗം ബാധിച്ചവരും ഭേദമായവരും  ആഹാര പദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കുക, ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് അസുഖങ്ങളില്ല എന്ന് ഉറപ്പ് വരുത്തുക, മലമൂത്ര വിസര്‍ജനത്തിന് ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക, വ്യക്തി ശുചിത്വം, പരിസരശുചിത്വം, ആഹാരശുചിത്വം പാലിക്കുക, തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം നടത്താതിരിക്കുക, പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക, കുടിവെള്ള സ്രോതസ്സുകള്‍ ശുദ്ധീകരിക്കുക എന്നിവയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

 

മഞ്ഞപ്പിത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്രദേശങ്ങളിലെ വീടുകളും ആരോഗ്യസ്ഥാപനങ്ങളും നാദുപുരം നിയോജകമണ്ഡലം എം.എല്‍.എ ഇ.കെ വിജയനും,  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി യും ജനപ്രതിനിധികളും ആരോഗ്യ പ്രവര്‍ത്തകരും സന്ദര്‍ശിച്ചു.  പ്രദേശത്ത് നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തുകയും ഇനിയും നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.  കൂടാതെ രോഗികളെ അഡ്മിറ്റ് ചെയ്ത നാദാപുരം താലൂക്ക് ആശുപത്രിയും സംഘം സന്ദര്‍ശിച്ചു.

 

date