Skip to main content

കർഷകരെ രക്ഷിക്കാൻ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണവും വിപണവും അനിവാര്യം: കേന്ദ്രസഹമന്ത്രി പർഷോത്തം ഖോദഭായ് റുപാല

ഇന്ത്യയിൽ കാർഷികോൽപാദനം വർദ്ധിക്കുമ്പോഴും കൃഷിക്കാരന് ന്യായവില ലഭിക്കാത്ത സ്ഥിതിയാണുളളതെന്നും ഇത് പരിഹരിക്കാൻ ഉൽപന്നങ്ങളുടെ മൂല്യവർദ്ധനയിലൂടെ മാത്രമേ കഴിയുകയുളളുവെന്നും കേന്ദ്രസഹമന്ത്രി പർഷോത്തം ഖോദഭായ് റുപാല പറഞ്ഞു. വൈഗ 2020 യുടെ ഭാഗമായി സംഘടിപ്പിച്ച കാർഷിക മേഖലയിലെ സ്റ്റാർട്ട്പ്പ് മിഷൻ സംരംഭങ്ങൾ എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്കാണ് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഏളുപ്പം പുറത്തിറക്കാൻ കഴിയുക. അത്തരം കമ്പനികൾക്കുളള നികുതി ഇളവുകൾ സർക്കാർ നൽകും. ബ്രാൻഡിങ്ങിലൂടെ കാർഷികോൽപ്പനങ്ങൾക്ക് കൂടുതൽ വില നേടാൻ കഴിയും. തദ്ദേശീയ ഉൽപ്പന്നങ്ങളെ ബ്രാൻഡിങ് ചെയ്യാൻ നമുക്ക് കഴിയേണ്ടതുണ്ട്. സിക്കിം ആണ് നമുക്കുളള മാതൃക. ജൈവ സംസ്ഥാനമെന്ന പ്രഖ്യാപനമാണ് സിക്കിമിനെ വ്യത്യസ്തമാക്കുന്നത്. സിക്കിം ഉൽപന്നങ്ങൾക്ക് വലിയ വിലയാണ് ലോക വിപണയിൽ ലഭിക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ കലവറായ കേരളത്തിന് ഇക്കാര്യത്തിൽ സിക്കിമിന്റെ മാതൃക പിന്തുടരാവുന്നതാണ്. മന്ത്രി പർഷോത്തം ഖോദഭായ് റുപാല പറഞ്ഞു.
അഭ്യസ്തവിദ്യരായ യുവതലമുറ കൃഷിയിലേക്ക് വരുന്നത് ആശാവഹമാണ്. ബ്രാൻഡിങ്, വിപണനം തുടങ്ങിയ മേഖലകളിൽ നിരവധി നൂതന ആശയങ്ങൾ നടപ്പാക്കാൻ അവർക്ക് കഴിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ എന്ന ആശയം മുൻനിർത്തി കേരള സർക്കാരും സംസ്ഥാന കൃഷി വകുപ്പും നടപ്പിലാക്കിയ വൈഗ അഭിനന്ദനർഹമായ ഒരു ചുവട്‌വെപ്പാണ് മന്ത്രി പറഞ്ഞു.
കൃഷി മന്ത്രി വി എസ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈഗ 2020 യിൽ വർദ്ധിച്ച് വരുന്ന ചെറുപ്പുക്കാരുടെ സ്റ്റാർട്ട് അപ്പ് മിഷനുകളുടെ സാന്നിദ്ധ്യവും 'വൈഗ' എന്ന ആശയം ലക്ഷ്യത്തിലെത്തുന്നതിന്റെ സൂചനയാണെന്ന് മന്ത്രി വി എസ് സുനിൽകുമാർ വ്യക്തമാക്കി. യുവതലമുറ കൃഷിയെ പ്രൊഫഷനായി കാണാൻ ആഗ്രഹിക്കുന്നില്ല എന്ന തിരിച്ചറിവും ഭക്ഷ്യഉൽപന്നങ്ങളുടെ മൂല്യവർദ്ധിത സാധ്യതകൾ ഏറുന്നുവെന്ന കണ്ടെത്തലുമാണ് വൈഗയ്ക്ക് തുടക്കം കുറിക്കാൻ പ്രേരണയായത്. ഭാവി ലോകത്തിന്റെ പുതിയ മേഖലയാണ് കാർഷികരംഗം. മന്ത്രി സുനിൽകുമാർ വ്യക്തമാക്കി.
വിവിധ പദ്ധതികളുടെ പ്രകാശന കർമ്മവും ചടങ്ങിൽ നടന്നു. വൈഗ 2020യുടെ ഭാഗമായി പുറത്തിറിക്കിയ തപാൽ സ്റ്റാമ്പ്, കേരള കാർഷിക സർവകലാശാലയുടെ 2018-19 ൽ നടത്തിയ ഗവേഷണങ്ങളുടെ സമഗ്ര റിപ്പോർട്ട്, ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ഫാം ഗൈഡ്, സ്‌പൈസ് ബോർഡ് ചെയർമാൻ ഡോ. പി രാജശേഖരൻ, ഡോ. എൻ കെ ശശിധരൻ എന്നിവർ സമാഹരിച്ച റൈസ് ഇൻ കേരള, ട്രഡീഷൻ, ടെക്‌നോളജീസ്, ഐഡൻറ്റീസ് എന്ന പുസ്തകം എന്നിവ കേന്ദ്രസഹമന്ത്രി പർഷോത്തം ഖോദഭായ് റുപാല പ്രകാശനം ചെയ്തു. കൃഷി മന്ത്രി വി എസ് സുനിൽകുമാർ ഏറ്റ് വാങ്ങി. എസ്എഎം പദ്ധതി പ്രകാരം നൽകുന്ന ട്രാക്ടറിന്റെ താക്കോൽദാനം, ഓയിൽപാം ഇന്ത്യ ലിമിറ്റഡിന്റെ ഉൽപന്നങ്ങളുടെ ലോഞ്ചിംഗ്, കേരള കാർഷിക സർവകലാശാലയുടെ കേരധാര, സ്റ്റീംപുട്ട് പൊടി എന്നിവയുടെ സാങ്കേതിക വിദ്യാകൈമാറ്റം എന്നിവയും കേന്ദ്രസഹമന്ത്രി നിർവഹിച്ചു.
ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജൻ, ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ, ഡബ്ല്യൂടിഒ സെൽ സ്‌പെഷ്യൽ ഓഫീസർ എൽ ആർ ആരതി, കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ചന്ദ്രബാബു, കൗൺസിലർ എം എസ് സമ്പൂർണ്ണ തുടങ്ങിയവർ സംബന്ധിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ദേവന്ദ്രകുമാർ സിംഗ് സ്വാഗതവും എസ്എഎം ഇടിഐ ഡയറക്ടർ ജി എസ് ഉണ്ണികൃഷ്ണൻ നായർ നന്ദിയും പറഞ്ഞു. തുടർന്ന് രാത്രി കെ കുഞ്ഞിരാമൻ എംഎൽഎയുടെ നേതൃത്വത്തിൽ പൂരക്കളി അരങ്ങേറി.

date