മുൻപേ പായും സംരഭകർക്കായി അഗ്രി ബിസിനസ് ഇൻക്യൂബേറ്റർ
മുൻപേ പായും സംരംഭകർക്കായി അഗ്രി ബിസിനസ് ഇൻക്യൂബേറ്ററുമായി കേരള കാർഷിക സർവകലാശാല. കാർഷിക മേഖലയിലെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുകയും നവ സംരംഭകരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുകയും പുത്തൻ ആശയങ്ങളെ കണ്ടെത്തി വളർത്തുകയുമാണ് ഇതിന്റെ ലക്ഷ്യം. സാങ്കേതിക വിദ്യാ വികസനം, പരിശീലനം, വികസിപ്പിച്ച സാങ്കേതിക വിദ്യകളുടെ കൈമാറ്റം, വ്യവസായവത്ക്കരണം, സംരംഭകത്വ വികസനം എന്നിവയാണ് ഇൻക്യൂബേറ്റർ ലക്ഷ്യം വെക്കുന്നത്. കാർഷിക സംരംഭകത്വ മേഖലയിലെ സ്ത്രീമുന്നേറ്റം മുൻ നിർത്തി സ്ത്രീ സൗഹൃദ യന്ത്രങ്ങളുടെ വികസനം, പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം എന്നിവയും ഇൻക്യൂബേറ്റർ ലക്ഷ്യമിടുന്നു.
കാർഷിക സർവകലാശാലയുടെയും അഗ്രി ബിസിനസ് ഇൻക്യൂബേറ്ററിന്റെ സഹായത്തോടെ നിർമ്മിച്ച ചക്ക ചുളകൾ അരിഞ്ഞെടുക്കുന്ന യന്ത്രം ശ്രദ്ധേയമാകുകയാണ്. ചക്ക ചുളകൾ അരിയുന്നതിനുള്ള ബുദ്ധിമുട്ടുകൾ മറികടക്കുന്നതിനാണ് ഈ യന്ത്രം. ഇത് ഉപയോഗിച്ച് ഉയർന്ന ക്ഷമതയിലും, ബുദ്ധിമുട്ടില്ലാതെയും തികച്ചും അപകടരഹിതമായും ചക്ക ചുളകൾ അരിഞ്ഞെടുക്കാം. ഒരാളുടെ സഹായത്താൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന യന്ത്രം ഉപയോഗിച്ച് മണിക്കൂറിൽ 50 കിലോ ഗ്രാം ചക്ക ചുളകൾ അരിഞ്ഞെടുക്കാം. ഏകദേശം 60,000 രൂപ വില വരുന്ന യന്ത്രം ഉപയോഗിച്ച് പച്ചക്കറികളും നീളത്തിൽ അരിഞ്ഞെടുക്കാം. ഫ്രൂട്ട് സലാഡുകൾക്ക് അനുയോജ്യമായ സ്ലയ്ഡർ കം ഡയ്സറും രൂപകല്പന ചെയ്തിട്ടുണ്ട്. ചക്ക ചുളകളുടെ പുഴുങ്ങലും, ഉണക്കലും ലളിതമായി ചെയ്യാവുന്ന ബ്ലാഞ്ചർ കം ഡ്രയറും അഗ്രി ബിസിനസ് ഇൻക്യൂബേറ്ററിൽ വികസിപ്പിച്ചിട്ടുണ്ട്. 20-30 കിലോ ഉൽപ്പന്നങ്ങൾ ഇങ്ങനെ ഉണക്കി എടുക്കാം. തനതായ നിറവും രുചിയും നില നിർത്തി ഫ്രൈഡ് ചിപ്സുകൾ ഉണ്ടാക്കാവുന്ന വാക്വം ഫ്രൈയിങ് യന്ത്രവും ഇൻക്യൂബേറ്ററിന്റെ കണ്ടുപിടുത്തമാണ്. ദീർഘ കാലം സംഭരിച്ചുവെക്കാൻ സാധിക്കുന്ന ഉൽപ്പന്നങ്ങളുടെ നിർമാണത്തിനായി റിടോർട് പൗച് സാങ്കേതിക വിദ്യയും റിടോർട്ട് മെഷീനും ലഭ്യമാണ്. കയറ്റുമതി സാധ്യതകൾ ഏറെയുള്ള ചക്ക വരട്ടി, ഇടിയൻ ചക്ക എന്നിവ സംഭരിച്ചുവെക്കുന്നതിനായും ഈ യന്ത്രം ഉപയോഗിക്കാം.
- Log in to post comments