Skip to main content

വീടിനൊപ്പം  അന്തസ്സാര്‍ന്ന ജീവിതവും''      ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ജില്ലയില്‍ തുടങ്ങി ആദ്യ കുടുംബ സംഗമത്തിന് കുറ്റിപ്പുറം ബ്ലോക്ക് വേദിയായി

ലൈഫ് മിഷന്‍ ഭവന പദ്ധതി ഗുണഭോക്താക്കളുടെ ബ്ലോക്ക് തല കുടുംബ സംഗമത്തിന് ജില്ലയില്‍ തുടക്കമായി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ലൈഫ് കുടുംബ സംഗമവും അദാലത്തും ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  ലൈഫ് ഗുണഭോക്താക്കള്‍ക്കുള്ള താക്കോല്‍ ദാനവും  സ്‌നേഹസമ്മാന വിതരണവും   എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെയും ലൈഫ് പദ്ധതിയ്ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെയും  എം.എല്‍.എ ആദരിച്ചു.
ആറ് പഞ്ചായത്തുകളില്‍ നിന്നായി 391 ലൈഫ് ഗുണഭോക്താക്കളുടെ സംഗമമാണ് കുറ്റിപ്പുറം ബ്ലോക്കില്‍ സംഘടിപ്പിച്ചത്. ആധാര്‍, റേഷന്‍ കാര്‍ഡ് തിരുത്തല്‍, ബാങ്കിങ് സേവനം, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിവരം, റവന്യൂരേഖകള്‍, ആരോഗ്യ വകുപ്പ് പദ്ധതികള്‍ തുടങ്ങി വിവിധ സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ക്കും സേവനങ്ങള്‍ക്കുമായി ഇരുപതോളം സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകള്‍ ഗുണഭോക്താക്കള്‍ക്കായി ഒരുക്കിയിരുന്നു. കൃഷി വകുപ്പിന്റെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും സ്റ്റാളുകളും സംഗമത്തിലുണ്ടായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി അധ്യക്ഷനായ ചടങ്ങില്‍ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date