Skip to main content

ലൈഫ് കുടുംബ സംഗമത്തില്‍ താരമായി കുടുംബശ്രീ ഉല്‍പന്നങ്ങള്‍

ജില്ലയിലെ ആദ്യ ബ്ലോക്ക് തല ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമത്തില്‍ താരമായത് വിവിധ കുടുംബശ്രീ യൂനിറ്റുകള്‍ നിര്‍മിച്ച പലഹാരങ്ങളും ജൈവ പച്ചക്കറികളും. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന സംഗമത്തിലാണ് വിവിധ ഗ്രാമ പഞ്ചായത്തുകളിലെ കുടുംബശ്രീ യൂനിറ്റുകള്‍ വില്‍പനയ്ക്കും പ്രദര്‍ശനത്തിനും വിഭവങ്ങളുമായെത്തിയത്.
കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ വീടിന്റെ മട്ടുപ്പാവില്‍ കൃഷി ചെയ്ത വെണ്ട, തക്കാളി, പച്ചമുളക്, ചിരങ്ങ, മത്തന്‍, കുമ്പളം തുടങ്ങിയ ജൈവ പച്ചക്കറികളുമായാണ് എത്തിയത്. വെളിച്ചെണ്ണ, നല്ലെണ്ണ, പശുവിന്‍ നെയ്യ്, കൂവപ്പൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി, മുളക്‌പൊടി, കാടമുട്ട തുടങ്ങി കുടുംബശ്രീ യൂനിറ്റുകള്‍ തയ്യാറാക്കിയ ഉല്‍പന്നങ്ങളും സ്റ്റാളില്‍ ഇടം പിടിച്ചിരുന്നു.
മാറാക്കര ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ ഓരോ യൂനിറ്റുകളും ഓരോ ഉല്‍പന്നങ്ങളാണ് നിര്‍മിക്കുന്നത്.  ഇത്തരത്തില്‍ വിവിധ യൂനിറ്റുകള്‍ നിര്‍മിച്ച കേക്ക്, അച്ചാര്‍, പലഹാരങ്ങള്‍, വിവിധ തരം പൊടികള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും വില്‍പ്പനയും നടന്നു. കൂടാതെ കുടുംബശ്രീ യൂനിറ്റുകള്‍ നിര്‍മിച്ച തുണി സഞ്ചികള്‍, പലഹാരങ്ങള്‍, വിവിധ തരം പൊടികള്‍, ജൈവ പച്ചക്കറികള്‍ എന്നിവയുമൊരുക്കിയിരുന്നു. 
പച്ചക്കറിതൈകളും വിത്തുകളും വളങ്ങളുമായി കൃഷി വകുപ്പിന്റെ സ്റ്റാളും സംഗമത്തില്‍ ശ്രദ്ധ പിടിച്ചുപറ്റി. വീട്ടുമുറ്റത്തൊരു കൃഷിത്തോട്ടമൊരുക്കാന്‍ മൂന്ന് രൂപയുടെ പച്ചക്കറിത്തൈ മുതല്‍ ജൈവ പച്ചക്കറി കൃഷിയ്ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും വിത്തകുളും തൈകളും സ്റ്റാളിലുണ്ടായിരുന്നു.
 

date