Skip to main content

ജില്ലയിലെ അഞ്ച് ബ്ലോക്കുകളില്‍ ഇന്ന്  ലൈഫ് ഗുണഭോക്താക്കളുടെ  കുടുംബസംഗമവും അദാലത്തും നടക്കും

ലൈഫ് മിഷന്‍ ഭവന പദ്ധതി പ്രകാരം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ  ബ്ലോക്ക് തല ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ഇന്ന്(ജനുവരി ഏഴ്) രാവിലെ 10 മുതല്‍ ജില്ലയിലെ അഞ്ച് ബ്ലോക്കുകളില്‍ നടക്കും. പെരുമ്പടപ്പ്, അരീക്കോട്, കാളികാവ്, താനൂര്‍, വേങ്ങര ബ്ലോക്കുകളിലാണ് കുടുംബസംഗമവും അദാലത്തും സംഘടിപ്പിക്കുന്നത്. ആധാര്‍, റേഷന്‍ കാര്‍ഡ് തിരുത്തല്‍, തെരെഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കല്‍, ബാങ്കിങ് സേവനം, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ സംബന്ധിച്ച വിവരങ്ങള്‍, റവന്യൂരേഖകള്‍, പ്രധാന മന്ത്രി ഉജ്വല്‍ യോജന പദ്ധതി, പട്ടിക ജാതി - പട്ടിക വര്‍ഗ ക്ഷേമ പദ്ധതികള്‍, ആരോഗ്യം, കൃഷി, തൊഴില്‍ പരിശീലനം, മത്സ്യകൃഷി, ഡയറി വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള സേവനങ്ങള്‍ അദാലത്തില്‍ ലഭ്യമാകും. സംഗമത്തില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തില്‍ എരമംഗലം കിളിയില്‍ പ്ലാസ ഓഡിറ്റോറിയത്തില്‍  സംഘടിപ്പിക്കുന്ന ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും രാവിലെ 10ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ജില്ലാകലക്ടര്‍ ജാഫര്‍ മലിക് എന്നിവര്‍ പങ്കെടുക്കും. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണിതങ്ങള്‍ അധ്യക്ഷനാകും. പെരുമ്പടപ്പ് ബ്ലോക്കിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലായി പദ്ധതിയിലൂടെ വീടുകള്‍ ലഭിച്ച 800 കുടുംബങ്ങള്‍ പങ്കെടുക്കും.
കാളികാവ് ബ്ലോക്ക് പഞ്ചായത്തില്‍ ബി.ബി. ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ നടക്കുന്ന സംഗമം എ.പി. അനില്‍ കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പി.വി. അന്‍വര്‍ എം.എല്‍.എ. അധ്യക്ഷനാവും. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന എം. ഉമ്മര്‍ എം.എല്‍.എ ലൈഫ് ഭവന നിര്‍മ്മാണത്തിനു വേണ്ടി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ അനുമോദിക്കും. ലൈഫ് ഭവന പദ്ധതി പ്രകാരം വീടുകള്‍ ലഭിച്ച 1178 കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കും. 
താനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ കുടുംബസംഗമം താനാളൂരിലെ നെല്ലിക്കല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. രാവിലെ 10 മുതല്‍ ആരംഭിക്കുന്ന സംഗമവും  അദാലത്തും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.എ റസാഖ് അധ്യക്ഷനാകും. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.പി ബാബു റിപ്പോര്‍ട്ട് അവതരിപ്പിക്കും. ലൈഫ് മിഷന്‍ ഗുണഭോക്താക്കളായ 265 പേരുടെയും ഭവന നിര്‍മ്മാണത്തിനായി ഒന്നാം ഘട്ടത്തില്‍ സാമ്പത്തിക സഹായം ലഭിച്ച 120 പേരുടെയും രണ്ടാം ഘട്ടത്തില്‍ സ്വപ്നഭവനം യാഥാര്‍ത്ഥ്യമാക്കിയ 265 കുടുംബങ്ങളും സംഗമത്തില്‍ പങ്കെടുക്കും. 
അരീക്കോട്  ബ്ലോക്ക് പഞ്ചായത്തിലെ കുടുംബസംഗമവും അദാലത്തും രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അരീക്കോട് ജിം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ മുഖ്യാതിഥിയാവും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി അധ്യക്ഷയാവും. ബ്ലോക്കിലെ എട്ട് ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി  ലൈഫ് -പി.എം.എ.വൈ ഭവനനിര്‍മ്മാണ പദ്ധതിയിലൂടെ 650 വീടുകളുടെ  നിര്‍മ്മാണമാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 173 വീടുകളും രണ്ടാം ഘട്ടത്തില്‍ 254 വീടുകളും പി.എം.എ.വൈ ഭവനനിര്‍മ്മാണ പദ്ധതിയിലൂടെ 107 വീടുകളും പട്ടികജാതി വിഭാഗത്തില്‍ 27ഉം പട്ടിക വര്‍ഗ വിഭാഗത്തില്‍ 89 വീടുകളുമാണ് യാഥാര്‍ഥ്യമായിട്ടുള്ളത്.
വേങ്ങര ബ്ലോക്ക് പഞ്ചായത്തില്‍ ചാക്കീരി അഹമ്മദ് കുട്ടിമെമ്മോറിയല്‍ ജി.എം.യു.പി.എസ് ചേറൂരില്‍ സംഘടിപ്പിക്കുന്ന സംഗമവും അദാലത്തും രാവിലെ 9.30ന്  കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയാകും.  വേങ്ങര ബ്ലോക്കില്‍ പദ്ധതി പ്രകാരം ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 241 കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കും.
 

date