മാതൃകയായി നാച്ചിവയല്‍ ഹോസ്റ്റല്‍; കല്ലാര്‍കുട്ടിയിലും ഹോസ്റ്റല്‍ ഈ മാസം
മറയൂര്‍ പഞ്ചായത്തില്‍ മൂന്നാറില്‍ നിന്നും ഉടുമല്‍പേട്ടയിലേക്കുള്ള ദേശീയപാതയില്‍ നാച്ചിവയലില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സമഗ്രശിക്ഷയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റല്‍ വിജയകരമായ രണ്ട് വര്‍ഷം പിന്നിടുന്നു. സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലാ ഓഫീസിന്റെയും മൂന്നാര്‍ ബി.ആര്‍.സിയുടേയും മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ഒരു കൂട്ടം അര്‍പ്പണ മനോഭാവമുള്ള ഉദ്യോഗസ്ഥരുടെ അധ്വാനത്തിന്റെ ഫലമാണ്.
2017 ല്‍ ഇടമലക്കുടിയിലും മറ്റ് ഉള്‍പ്രദേശങ്ങളിലും വസിക്കുന്ന ആണ്‍കുട്ടികളുടെ തുടര്‍ പഠനം ഉറപ്പാക്കാന്‍ ഹോസ്റ്റല്‍ ആവശ്യമാണെന്ന ബോധ്യത്തെ തുടര്‍ന്നാണ് കേന്ദ്രമാനവശേഷി വകുപ്പിന്റെ സഹായത്തോടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നാച്ചിവയലില്‍ ഇതിന് തുടക്കമിട്ടത്.
2017 നവംബറില്‍ വാടക കെട്ടിടത്തില്‍ 30 കുട്ടികളോടുകൂടി ഹോസ്റ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസര്‍. സി. രവീന്ദ്രനാഥാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കേരളത്തില്‍ തന്നെ സമഗ്രശിക്ഷയുടെ നേതൃത്വത്തില്‍ ഇത്തരത്തിലുള്ള ആദ്യ സംരഭമാണ് ഇത്. ഇപ്പോള്‍ 50 കുട്ടികള്‍ ഇവിടെ താമസിച്ച് മറയൂരിന് സമീപമുള്ള സ്‌കൂളുകളില്‍ 5 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലായി പഠിക്കുന്നു. ദേവികുളം താലൂക്കിലെ ഇടമലക്കുടി, ചിലന്തിയാര്‍,കാന്തല്ലൂര്‍,കൊട്ടക്കാമ്പൂര്‍,കോഴിയിളക്കുടി,നെല്ലിപ്പെട്ടിക്കുടി മുതലായ 25 കുടികളിലോ , ഗ്രാമങ്ങളിലോ നിന്നുള്ള കുട്ടികള്‍ ഇവിടെയുണ്ട്. മറ്റുള്ളവരുമായി ഇടപഴകി ജീവിക്കുന്നതിലും ആരോഗ്യ സംരക്ഷണത്തിലും ഹോസ്റ്റല്‍ ജീവിതം അവരെ പ്രാപ്തരാക്കി. കുട്ടികളുടെ ഉന്നമനത്തിനായി വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. അക്കാദമിക മുന്നേറ്റത്തിനായി പ്രത്യേക ട്യൂട്ടറുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. പഠനത്തില്‍ വളരെ നല്ല നിലവാരം ഉയര്‍ത്തുന്ന ചില കുട്ടികളും ഇവിടെയുണ്ട്. കരാട്ടെ, സംഗീതം, ഉപകരണ വാദനം എന്നിവയില്‍ പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. സ്‌കൂള്‍, സബ്ജില്ല, ജില്ലാതല കായിക മല്‍സരങ്ങളില്‍ വിജയികളായ കുട്ടികളും ഇവിടെയുണ്ട്.
ഈ ഹോസ്റ്റലിന്റെ മാതൃകാപരമായ പ്രവര്‍ത്തനം കണക്കിലെടുത്ത് കേന്ദ്രമാനവശേഷി വകുപ്പ് അടിമാലിക്കടുത്ത് കല്ലാര്‍കുട്ടിയില്‍ ഇത്തരം മറ്റൊരു ഹോസ്റ്റല്‍ തുടങ്ങുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. ഈ മാസം തന്നെ ഹോസ്‌ററല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സമഗ്ര ശിക്ഷാ അധികൃതര്‍ അറിയിച്ചു.
- Log in to post comments