പട്ടയമേള ജനുവരി 24 ന് കട്ടപ്പനയില്‍ സംഘാടകസമിതി യോഗം 16 ന്
ജില്ലയിലെ പട്ടയമേള ജനുവരി 24 ന് കട്ടപ്പന സെന്റ് ജോര്‍ജ്ജ് പാരിഷ്ഹാള്‍ ഓഡിറ്റേറിയത്തില്‍ റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. വൈദുതി വകുപ്പ് മന്ത്രി എം.എം മണി മേളക്ക് അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി മുഖ്യ പ്രഭാഷണവും റോഷി അഗസ്റ്റിൻ എം എൽ.എ മേളക്ക് സ്വാഗതവും പറയും.
പട്ടയമേള വന്‍വിജയമാക്കുന്നതിനുള്ള സംഘാടകസമിതി യോഗം 16 ന് 3.30 ന് കട്ടപ്പന നഗരസഭാ ഹാളില്‍ ചേരും. വൈദ്യുതി മന്ത്രി എംഎം മണി, ജില്ലയിലെ എംഎല്‍എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള ജില്ലയിലെ മൂന്നാമത്തെ പട്ടയമേളയാണിത്. ജില്ലാതല പട്ടയമേളയില്‍ 1964, 1993, എഫ് ആര്‍ സി, മിച്ചഭൂമി എന്നീ വിഭാഗങ്ങളിലായി എണ്ണായിരത്തിലേറെപ്പേര്‍ക്ക്് പട്ടയം നല്‍കാനുള്ള ഒരുക്കത്തിലാണ് ജില്ലാ ഭരണകൂടം. കോളനികളില്‍ മാത്രമായി 1548 പട്ടയങ്ങളാണ് കൊടുക്കുന്നത്. അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പട്ടയം നല്കുക എന്ന ലക്ഷ്യത്തോടെ ഭൂമിപതിവ് ഓഫിസുകളായ പീരുമേട്, കട്ടപ്പന, നെടുങ്കണ്ടം, മുരിക്കാശ്ശേരി, ഇടുക്കി, കരിമണ്ണൂര്‍, രാജകുമാരി എന്നിവയിലും ഇടുക്കി, തൊടുപുഴ, ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് താലൂക്കാഫീസുകള്‍ കേന്ദ്രീകരിച്ചു യുദ്ധകാലാടിസ്ഥാനത്തിലുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയുടെ ചുമതലയുള്ള വൈദ്യുതി മന്ത്രി എം എം മണിയും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും മുന്‍കൈയെടുത്താണ് അര്‍ഹതപ്പെട്ടവര്‍ക്കു പട്ടയം നല്‍കാന്‍ നടപടികളെടുത്തത്. ജില്ലയില്‍ എണ്ണായിരത്തിലേറെപ്പേര്‍ക്ക് പട്ടയം കൊടുക്കാനുള്ള നടപടികള്‍ കളക്ടര്‍ എച്ച്. ദിനേശന്റെ നേതൃത്വത്തില്‍ ജില്ലാഭരണകൂടം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ജനുവരിയില്‍ കുട്ടിക്കാനത്ത് നടന്ന പട്ടയമേളയില്‍ 6065 പട്ടയങ്ങളാണ് നല്‍കിയത്. 1167.6527 ഹെക്ടര്‍ ഭൂമിക്കുള്ള പട്ടയഅവകാശമാണ് ഇതിലൂടെ ജനങ്ങള്‍ക്ക് ലഭിച്ചത്. 1993 റൂള്‍ പ്രകാരം1801 ഉം 1964 റൂള്‍ പ്രകാരം 3958 ഉം കെ.ഡി.എച്ച് പ്രകാരം 50 ഉം, മുനിസിപ്പല്‍ പ്രകാരം 13 ഉം എല്‍.ടി പ്രകാരം 243 ഉം പട്ടയങ്ങള്‍ ആണ് വിതരണം ചെയ്തത്.
ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍മാരായ എസ് ഹരികുമാര്‍, സാബു കെ ഐസക്, എം.എന്‍ രതി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ്‌കുമാര്‍, ജില്ലയിലെ തഹസീല്‍ദാര്‍മാര്‍, സര്‍വെ ഡെപ്യൂട്ടി ഡയറക്ട്രര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments