ലൈഫ് മിഷന്‍ അദാലത്ത്: വണ്ടിപ്പെരിയാറില്‍ വന്‍ ജനപങ്കാളിത്തം
ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്കായി വണ്ടിപ്പെരിയാര്‍ കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തിലും അദാലത്തിലും വന്‍ പങ്കാളിത്തം. 1600 ഓളം ഗുണഭോക്താക്കളെയും അവരുടെ ബന്ധുക്കളെയുമാണ് കുടുംബ സംഗമത്തില്‍ ക്ഷണിച്ചിരുന്നത്. എന്നാല്‍ ഹാള്‍ നിറഞ്ഞു കവിഞ്ഞ് ആളുകളുടെ പങ്കാളിത്തം ശ്രദ്ധേയമായി. പാവപ്പെട്ടവരും തോട്ടം തൊഴിലാളികളും സാധാരണക്കാരും ഉള്‍പ്പെടെ വലിയൊരു വിഭാഗം ആളുകള്‍ കുടുംബ സംഗമത്തില്‍ പങ്കെടുത്തു. സര്‍ക്കാരിന്റെ ഇരുപതോളം വകുപ്പുകള്‍ അദാലത്തില്‍ പങ്കെടുത്ത് ഗുണഭോക്താക്കള്‍ക്ക് സഹായങ്ങള്‍ നല്‍കി. സര്‍ക്കാരിന്റെ ധനസഹായ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ വാങ്ങാനും അറിയാനും പി ആര്‍ ഡി സ്റ്റാളില്‍ വലിയ തിരക്കായിരുന്നു. ജനപ്രതിനിധികള്‍ക്കും കുടുംബശ്രീ, അയല്‍കൂട്ടം ഭാരവാഹികള്‍ക്കുമായി സര്‍ക്കാര്‍ ധനസഹായ പദ്ധതികള്‍ എന്ന കൈപ്പുസ്തകം വിതരണം ചെയ്തു. 32 സര്‍ക്കാര്‍ വകുപ്പുകളുടെ 300 ഓളം സേവനങ്ങള്‍ പ്രതിപാദിക്കുന്ന കൈപ്പുസ്തകം എല്ലാ ഗുണ ഭോക്താക്കളും പ്രയോജപ്പെടുത്തണമെന്ന് ഇ എസ് ബിജിമോള്‍ എംഎല്‍എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പിആര്‍ഡി വഴി സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും മികച്ച സേവനമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും അവര്‍ പറഞ്ഞു. ലൈഫ് മിഷനിലൂടെ പൂര്‍ത്തിയാക്കിയ വീടുകളുടെ ഫോട്ടോ പ്രദര്‍ശനവും വിവിധ വകുപ്പുകളുടെ സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
- Log in to post comments