കർഷകരുടെ വരുമാന വർധനവിന് ഭക്ഷ്യസംസ്‌കരണ മേഖല ശക്തിപ്പെടുത്തണം: തെലങ്കാന മന്ത്രി നിരഞ്ജൻ റെഡ്ഡി
കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യവർധനവിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കാൻ ഭക്ഷ്യ സംസ്‌കരണ മേഖല ശക്തിപ്പെടുത്തണമെന്ന് തെലങ്കാന കൃഷി വകുപ്പ് മന്ത്രി സിംഗിറെഡ്ഡി നിരഞ്ജൻ റെഡ്ഡി പറഞ്ഞു. കേരള കൃഷി വകുപ്പ് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച വൈഗ 2020 സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തെലങ്കാന മന്ത്രി. ഭക്ഷ്യസംസ്‌കരണ മേഖലയിൽ തെലങ്കാന സർക്കാർ ചെയ്യുന്ന വൈവിധ്യവും വിപുലവുമായ പ്രവർത്തനങ്ങളും മറ്റ് വിവിധ കർഷകക്ഷേമ പ്രവർത്തനങ്ങളും മന്ത്രി വിശദീകരിച്ചു. ആധുനിക ലോകം എല്ലാത്തിനും ബദൽ കണ്ടുപിടിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. തലച്ചോറിന് വരെ ബദലായി കൃത്രിമ ബുദ്ധി കണ്ടുപിടിച്ചു. പക്ഷേ, മനുഷ്യന് കഴിക്കാവുന്ന ഭക്ഷണത്തിന് പകരം കണ്ടുപിടിച്ചിട്ടില്ല. അത് നാം പ്രാഥമികമായി കൃഷി ചെയ്ത് ഉൽപാദിപ്പിക്കുക തന്നെ വേണം. കാഴ്ചപ്പാടുകളുടെയും ശാസ്ത്ര സാങ്കേതിക വിദ്യകളുടെയും കൈമാറ്റത്തിനുതകുന്ന രീതിയിൽ നടത്തുന്ന വൈഗ കാർഷിക മേള രാജ്യത്തെ കാർഷിക മേഖലയ്ക്ക് ഏറെ ഗുണപ്രദമാണെന്ന് മന്ത്രി പറഞ്ഞു.
വേദിയിൽ പ്ലാവിൻ തൈക്ക് വെള്ളമൊഴിച്ചാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. സംസ്ഥാന കൃഷിവകുപ്പ് മന്ത്രി അഡ്വ. വി. എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സർക്കാറിന്റെ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് കൃഷി വകുപ്പ് നടപ്പിലാക്കുന്ന 'ജീവനി' പദ്ധതിയുടെ ഹെൽത്തി പ്ലേറ്റ് പദ്ധതിയിലെ തീരദേശ പ്ലേറ്റ് തെലങ്കാന കൃഷി വകുപ്പ് മന്ത്രി പുറത്തിറക്കി. താഴ്വാര മേഖലയ്ക്കുള്ള ഹെൽത്തി പ്ലേറ്റ് ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജനും മലനാടൻ മേഖലയ്ക്കുള്ള ഹെൽത്തി പ്ലേറ്റ് കോർപറേഷൻ മേയർ അജിത വിജയനും പുറത്തിറക്കി. വൈഗയുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സര വിജയികൾക്കുള്ള സമ്മാനവും സംസ്ഥാന കാർഷിക അവാർഡുകളുടെ ഭാഗമായി മണ്ണ് സംരക്ഷണ-മണ്ണ് പര്യവേഷണ വകുപ്പുകൾ നൽകുന്ന മികച്ച ഉദ്യോഗസ്ഥർക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.
ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജൻ, എംഎൽഎമാരായ ഗീതാഗോപി, കെ.വി. അബ്ദുൽഖാദർ, കോർപറേഷൻ മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, വൈസ് പ്രസിഡൻറ് എൻ കെ ഉദയ പ്രകാശ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്സ് അസോസിയേഷൻ പ്രസിഡന്റ് പി എസ് വിനയൻ മാടക്കത്തറ, ജില്ലാ വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ജെന്നി ടീച്ചർ, വിവിധ കക്ഷി നേതാക്കൾ, കർഷക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി ഡോ. രത്തൻ ഖേൽക്കർ സ്വാഗതവും വൈഗ നോഡൽ ഓഫീസർ എൽ.ആർ. ആരതി നന്ദിയും പറഞ്ഞു.
- Log in to post comments