Skip to main content
 അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ പാരാ ലീഗല്‍ വൊളന്റിയേഴ്‌സിനായി നടത്തിയ രക്ഷാപ്രവര്‍ത്തന പരിശീലന പരിപാടി പൂര്‍ത്തീകരിച്ചവര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണം ജില്ലാ ജഡ്ജി കെ.പി. ഇന്ദിര നിര്‍വഹിക്കുന്നു.

രക്ഷാപ്രവര്‍ത്തനത്തില്‍ പരിശീലനം നേടിയ പാരാ ലീഗല്‍ വൊളന്റിയേഴ്‌സിനുള്ള  തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു 

ജില്ലാ അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ പാരാ ലീഗല്‍ വൊളന്റിയേഴ്‌സിനായി നടത്തിയ 20 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തന പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തീകരിച്ചവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. ആദ്യ ബാച്ചിന്റെ പരിശീലനമാണ് പൂര്‍ത്തീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് പാരാലീഗല്‍ വൊളന്റിയേഴ്‌സിനായി അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നത് സംബന്ധിച്ച പരിശീലനവും കാര്‍ഡ് വിതരണവും നടത്തുന്നത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ചെയര്‍പേഴ്‌സണുമായ കെ.പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. അപകട ഘട്ടങ്ങളില്‍ സമൂഹം അവശ്യപ്പെടുന്ന സഹായം ഉദ്ദേശ ശുദ്ധിയോടെ നിറവേറ്റാന്‍ പരിശീലനം നേടിയവര്‍ക്ക് സാധിക്കണമെന്ന് ജില്ലാ ജഡ്ജി പറഞ്ഞു.

പാചക വാതക സിലിണ്ടര്‍ ലീക്കായാല്‍ എന്ത് ചെയ്യണം, വെള്ളത്തില്‍ വീണാല്‍, തീപൊള്ളലേറ്റാല്‍, റോഡ് അപകടങ്ങളില്‍പ്പെട്ടാല്‍ ആളുകളെ രക്ഷിക്കുന്നതെങ്ങനെ, കൃത്രിമ ശ്വാസോച്ഛ്വാസവും പ്രാഥമിക ചികിത്സയും നല്‍കുന്നതെങ്ങനെ തുടങ്ങിയവയിലാണ് പരിശീലനം നല്‍കിയത്. 38 പേര്‍ക്കുള്ള ഐ.ഡി.കാര്‍ഡുകളാണ് വിതരണം ചെയ്തത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സബ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ എം.തുഷാര്‍, ജില്ലാ അഗ്‌നിശമന സേനാവിഭാഗം മേധാവി അരുണ്‍ ഭാസ്‌ക്കര്‍, കെ.എസ്. സ്വാമിനാഥന്‍ എന്നിവര്‍ സംസാരിച്ചു.

date