ലൈഫ് മിഷന്‍ : ഏറ്റുമാനൂര്‍ ബ്ലോക്കില്‍ നിര്‍മ്മിച്ചത് 480 വീടുകള്‍
സംസ്ഥാന സര്‍ക്കാരിന്‍റെ സമ്പൂര്‍ണ്ണ പാര്‍പ്പിട മിഷനായ ലൈഫ് മുഖേന ഏറ്റുമാനൂര്‍ ബ്ലോക്കില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത് 480 വീടുകള്‍. ഒന്നാം ഘട്ടത്തില്‍ -82, രണ്ടാം ഘട്ടത്തില്‍ -355, പി.എം.എ.വൈ പദ്ധതിയില്‍- 43 എന്ന ക്രമത്തിലാണ് നിര്‍മ്മാണം നടത്തിയത്.
അയ്മനം ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ വീടുകളുള്ളത്. 178 വീടുകളാണ് ഇവിടെ പൂര്‍ത്തീകരിച്ചത്. തിരുവാര്‍പ്പ്- 111, അതിരമ്പുഴ-63, ആര്‍പ്പൂക്കര- 51, നീണ്ടൂര്‍-19, കുമരകം- 58 എന്നിങ്ങനെയാണ് മറ്റു പഞ്ചായത്തുകളിലെ കണക്ക്. ഈ കുടുംബങ്ങള്‍ ജനുവരി 11 ന് രാവിലെ 10 ന് അതിരമ്പുഴ സെന്‍റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ലൈഫ് സംഗമത്തില്‍ പങ്കെടുക്കും.
ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ സംഗമം ഉദ്ഘാടനം ചെയ്യും. അഡ്വ. കെ. സുരേഷ്കുറുപ്പ് എം.എല്‍.എ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുന്‍ എം.എല്‍.എ വൈക്കം വിശ്വന്‍, ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സജി തടത്തില്‍, വൈസ് പ്രസിഡന്‍റ് ലളിത സുജാതന്‍, പി.എ.യു പ്രോജക്ട് ഡയറക്ടര്‍ പി. എസ്. ഷിനോ, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.എന്‍. സുഭാഷ്, എഡിസി ജനറല്‍ ജി. അനീസ്, പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടര്‍ പി. ജയരാജന്‍, തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാരിന്‍റെ തുടര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സംഗമത്തോടനുബന്ധിച്ച് അദാലത്തും സംഘടിപ്പിച്ചിട്ടുണ്ട്.
- Log in to post comments