Skip to main content
ജില്ലയില്‍ ഓഫ് റോഡ് സവാരി നടത്തുന്ന വിനോദ സഞ്ചാകേന്ദ്രങ്ങളിലെ സുരക്ഷ ശക്തമാക്കാന്‍ കളക്റ്ററുടെ ചേമ്പറില്‍ ചേര്‍ന്ന യോഗം

വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷ ശക്തമാക്കും, ഓഫ് റോഡ് റൈഡിന് നിയന്ത്രണം

ജില്ലയില്‍ ഓഫ് റോഡ് സവാരി നടത്തുന്ന വിനോദ സഞ്ചാകേന്ദ്രങ്ങളിലെ സുരക്ഷ ശക്തമാക്കാനും സുരക്ഷ മേഖല തിരിച്ച് ബോര്‍ഡ് വെച്ച് മുന്നറിയിപ്പ് നല്‍കാനും കളക്റ്ററുടെ ചേമ്പറില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. റജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ്, ഫിറ്റ്നസ് എന്നിങ്ങനെ നിയമപരമായ രേഖകളില്ലാത്ത വാഹനങ്ങള്‍ സവാരിയ്ക്ക് അനുവദിക്കില്ല. പോലീസ്, റവന്യു, മോട്ടോര്‍ വാഹന ഗതാഗത വകുപ്പ്, തദ്ദേശ ഭരണ സ്ഥാപനം, വനം വകുപ്പ്, ഡി.റ്റി.പി.സി എന്നീ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ സുരക്ഷാ സമിതി പരിശോധിച്ച് സുരക്ഷാ പ്രദേശങ്ങള്‍ തീരുമാനിക്കും. സുരക്ഷാ സമിതി ജനുവരി 22, രാവിലെ 11 ന് പീരുമേട് താലൂക്ക് ഓഫീസിലും നെടുങ്കണ്ടം താലൂക്ക് ഓഫീസിലും 29 ന് കുമളി ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും യോഗം ചേര്‍ന്ന് യഥാക്രമം വാഗമണ്‍, രാമക്കല്‍മേട്, തേക്കടി എന്നിവിടങ്ങളിലെ സുരക്ഷിതമായ സഫാരി കേന്ദ്രങ്ങള്‍ നിശ്ചയിക്കും. നിയമപരമായ രേഖകളുള്ള വാഹനങ്ങള്‍ക്ക് നിശ്ചിത സംഖ്യ സഞ്ചാരികളെ കയറ്റി സര്‍വ്വീസ് നടത്തുന്നതിന് സ്റ്റിക്കര്‍ നല്‍കും. മൂന്നു മാസത്തിലൊരിക്കല്‍ അനുമതി പുതുക്കി നല്‍കും. പരിധിയില്‍ കൂടുതല്‍ സഞ്ചാരികളെ കയറ്റുകയോ അമിതവേഗത്തിനോ പിടിക്കപ്പെട്ടാല്‍ വാഹനം കണ്ടുകെട്ടുവാനും പിഴ ഈടാക്കുവാനും തീരുമാനിച്ചു. പൂപ്പാറ, ബോഡിമെട്ട്്, നെടുങ്കണ്ടം, കമ്പംമെട്ട്, അണക്കര, കുമളി, പത്തുമുറി, ഓന്നാം മൈല്‍ എന്നിവിടങ്ങളില്‍ വാഹന പരിശോധന ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് യോഗത്തിന് അദ്ധ്യക്ഷത വഹിച്ച ജില്ലാ കലക്ട്രര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. വാഗമണ്‍, രാമക്കല്‍മേട്,കൊളുക്കുമല, ആനച്ചാല്‍, തേക്കടി എന്നിവിടങ്ങളിലാണ് വിനോദ സഞ്ചാരികളെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലേക്ക് ഓഫ്് റോഡ് റൈഡിന് കൊണ്ടുപോകുന്നതായി പരാതി ലഭിച്ചിട്ടുള്ളത്.

 

date