Skip to main content

പത്ത് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ജൂണിനകം കൈമാറും-മന്ത്രി ടിപി രാമകൃഷ്ണന്‍

 

 

 

 

എല്ലാ ജനവിഭാഗങ്ങളെയും ഉള്‍പ്പെടുത്തി ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാറിന് സാധിച്ചതായി തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. കോഴിക്കോട് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ലൈഫ്/ പി.എം.എ.വൈ വീട് പണി പൂര്‍ത്തിയാക്കാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമം ടാഗോര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

 

ദുരിതജീവിതം നയിച്ചിരുന്ന കല്ലുത്താന്‍ കടവ് കോളനിയിലെ കുടുംബങ്ങള്‍ പുതിയ ജീവിതം ആരംഭിച്ചത് ഈയിടെയാണ്. ചോര്‍ന്നൊലിക്കുന്ന വീടില്ലാത്ത നാട് എന്ന ലക്ഷ്യത്തിനായി 56 ഫ്ളാറ്റ് സമുച്ചയങ്ങുടെ പദ്ധതിരേഖ തയ്യാറാക്കി വരികയാണ്. കൂടാതെ 10 ജില്ലകളിലായി 10 ഫ്ളാറ്റ്‌സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിന് ടെണ്ടര്‍ നല്‍കിക്കഴിഞ്ഞു. നിര്‍മാണം പൂര്‍ത്തിയാക്കി ജൂണിനകം ഫ്ളാറ്റുകള്‍ കൈമാറാനാണ് ആലോചിക്കുന്നതെന്നും മന്തി അറിയിച്ചു.

 

സ്വന്തം വീടെന്ന സാധാരണക്കാരുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചു. ഈ രീതിയില്‍ നിരവധി ജനക്ഷേമ പദ്ധതികളാണ് പൂര്‍ത്തിയാക്കിയത്. പ്രകടന പത്രികയില്‍ പറഞ്ഞ 600 വാഗ്ദാനങ്ങളില്‍ 548 വാഗ്ദാനങ്ങളും പൂര്‍ത്തിയാക്കി. ജനകീയ സര്‍ക്കാറിന്റെ മാനുഷിക മുഖമായ നവകേരളം മിഷന്റെ ദൗത്യങ്ങള്‍ വഴി വിജയകരമായ മാറ്റങ്ങള്‍ ജനങ്ങള്‍ അനുവഭിച്ചു വരികയാണ്. അസാധ്യമെന്ന് കരുതിയ പല പദ്ധതികളും യാഥാര്‍ത്ഥ്യമക്കി നാട് മാറ്റങ്ങളുടെ പാതയിലാണെന്നും മന്ത്രി പറഞ്ഞു.

 

വീടും സ്ഥലവും ഇല്ലാത്തവര്‍ക്കും വീട് ഇല്ലാത്തവര്‍ക്കുമായി പ്രത്യേകം പദ്ധതികള്‍ ഉണ്ട്. ഈ പദ്ധതികള്‍ എല്ലാം യാഥാര്‍ത്ഥ്യമായാല്‍, ഇന്ത്യയില്‍ എല്ലാ കുടുംബങ്ങള്‍ക്കും സ്വന്തമായി വീടുള്ള ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേന്ദ്രവിഹിതമടക്കം 93 കോടി കോടി രൂപ വിനിയോഗിച്ചാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകള്‍ പൂര്‍ത്തിയാക്കുന്നത്. ലൈഫ് പദ്ധതി വഴി സംസ്ഥാനത്ത് രണ്ട്് ലക്ഷം വീടുകളുടെ പൂര്‍ത്തീകരണം നടത്തി 26 ന് മുഖ്യമന്ത്രി പ്രഖ്യാപനം നടത്താനിരിക്കുകയാണ്. നിശ്ചിത സമയത്തിനകം എല്ലാ കുടുംബങ്ങള്‍ക്കും തണലേകാന്‍ കോര്‍പ്പറേഷന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

 

ഐക്യരാഷ്ട്രസഭയും നീതി ആയോഗും ചേര്‍ന്ന് തയ്യാറാക്കിയ സുസ്ഥിര വികസന സൂചികയില്‍ കേരളം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഒന്നാംസ്ഥാനത്ത് എത്തിയിരിക്കുകയാണ്. സേവനങ്ങള്‍ കാലതാമസമില്ലാതെ ജനങ്ങളില്‍ എത്തിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. തുടര്‍ച്ചയായി പ്രകൃതിദുരന്തങ്ങള്‍ നേരിടേണ്ടി വന്ന സാഹചര്യത്തില്‍ ദുരന്തപ്രതിരോധ പ്രവര്‍ത്തിനും അതിജീവനത്തിനുമുളള പദ്ധതിള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

 

മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി മേയര്‍ മീര ദര്‍ശക്, കോര്‍പ്പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സീസ്, കോര്‍പ്പേറേഷന്‍ സ്ഥിരംസമിതി ചെയര്‍മാന്‍മാരായ പി.സി രാജന്‍, അനിതാരാജന്‍, കെ.വി ബാബുരാജ്, ടി.വി ലളിതപ്രഭ, എം.സി അനില്‍കുമാര്‍, എം.രാധാകൃഷ്ണന്‍  മാസ്റ്റര്‍, പി.എം സുരേഷ്ബാബു, മറ്റ് കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ സിഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു.

 

വിവിധ വകുപ്പുകളുടെ സേവനങ്ങളും സാമൂഹ്യക്ഷേമപദ്ധതി സേവനങ്ങളും ലഭ്യമാക്കുന്നതിനായി കാനറാബാങ്ക്, ആധാര്‍ ലിങ്കിങ് എന്നിവയുടെയും കൗണ്ടറുകളും സജജീകരിച്ചിരുന്നു.

 

date