Skip to main content

കൊടുങ്ങല്ലൂർ നഗരസഭയിൽ 2020 ഫലവൃക്ഷങ്ങൾ തളിരിടും

വൃക്ഷപരിപാലനത്തിന് നൂതന പദ്ധതികൾ ആവിഷ്‌ക്കരിക്കുന്ന കൊടുങ്ങല്ലൂർ നഗരസഭയിൽ നിന്ന് ഈ വർഷവും വ്യത്യസ്തമായ ആശയം. 2020 വർഷ സംഖ്യയെ അടിസ്ഥാനപ്പെടുത്തി 2020 ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുക എന്നതാണ് ആശയം. മേത്തല ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ റെഡ് ബസുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. നഗരസഭയുടെ 44 വാർഡുകളിലുമുള്ള പൊതുസ്ഥലങ്ങളിലും വീടുകളിലുമായാണ് വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുന്നത്. മരങ്ങൾ നട്ട ശേഷം കുറഞ്ഞത് രണ്ടുവർഷമെങ്കിലും അവയെ പരിപാലിക്കുന്നതിനും വൃക്ഷത്തൈകൾക്ക് വെള്ളം, വളം എന്നിവ നൽകുന്നതിനും കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ സേവനവും നഗരസഭ ഉറപ്പുവരുത്തും. നഗരസഭാ പരിധിയിലുള്ള എല്ലാ റസിഡൻസ് അസോസിയേഷനുകളും നഗരസഭയിൽ ഇതിന്റെ ഭാഗമായി അഫിലിയേറ്റ് ചെയ്യണം. നഗരസഭയുടെ വികസന പദ്ധതി രൂപീകരണത്തിലും നിർവ്വഹണത്തിലും അവരെ കൂടി പങ്കാളികളാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മരം വെച്ചു പിടിപ്പിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണവും ഗുണമേന്മയുള്ള അന്തരീക്ഷവായു ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി 21 വാർഡുകളിൽ ഉപ്പ് വെള്ളം തടയുന്നതിനായി 79,000 രൂപ ചെലവിൽ റിംഗ് ബണ്ടുകൾ നിർമ്മിക്കും.
മരം വെച്ചുപിടിക്കലിൽ കൊടുങ്ങല്ലൂർ നഗരസഭയുടെ മാതൃകയ്ക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം 2019ൽ ലഭിച്ചിരുന്നു. പുതിയ കെട്ടിടം നിർമ്മിക്കുന്നവർ കെട്ടിട്ടത്തോടൊപ്പം മരവും വെച്ചു പിടിപ്പിക്കണം എന്ന മുനിസിപ്പാലിറ്റിയുടെ നിബന്ധനയ്ക്കാണ് നിയമ പരിരക്ഷ ലഭിച്ചത്.

date