ക്ലീൻ പുത്തൻചിറ: സമഗ്ര മാലിന്യ നിർമ്മാർജ്ജനം ഒന്നാം ഘട്ടം പൂർത്തിയായി
പുത്തൻചിറ ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന സമഗ്രമാലിന്യ നിർമാർജ്ജന പദ്ധതിയായ 'ക്ലീൻ പുത്തൻചിറ'യുടെ ഒന്നാം ഘട്ടം പൂർത്തിയായി. പൂർത്തീകരണ പ്രഖ്യാപനവും, പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും മാലിന്യവിവരശേഖരണ സർവ്വേ നടത്തിയ പുത്തൻചിറ ജി.വി.എച്ച്.എസ്. സ്‌കൂളിലെ എൻ.എസ്.എസ്.യൂണിറ്റുകളെ അനുമോദിക്കലും ബെന്നി ബെഹനാൻ എംപി നിർവ്വഹിച്ചു. തലമുറകളെ സർവ്വനാശത്തിലേക്ക് നയിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കമുള്ള അജൈവ മാലിന്യങ്ങൾ നീക്കി ആരോഗ്യ പൂർണ്ണമായ പുത്തൻചിറയെ വീണ്ടെടുക്കുന്നതിനായി ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതാണ് 'ക്ലീൻ പുത്തൻചിറ'. ഇതിന്റെ ഭാഗമായി ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് പ്ലാസ്റ്റിക് സംഭരണ കേന്ദ്രം നിർമ്മിച്ചത്. ആദ്യ ഘട്ടത്തിൽ കാരുണ്യത്തിന്റെ പുതിയ സന്ദേശം നൽകി കുഞ്ഞുവാവക്കൊരു കളിപ്പാട്ടം പദ്ധതി നടപ്പിലാക്കിയിരുന്നു. പൊതു ഇടങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങളടക്കം ബഹുജന പങ്കാളിത്തത്തോടെ 111 ടൺ അജൈവ മാലിന്യങ്ങളാണ് ഗ്രാമപഞ്ചായത്തിൽ നിന്നും നീക്കം ചെയ്യാൻ സാധിച്ചത്. പ്ലാസ്റ്റിക്, ഇ മാലിന്യം, ടൈലുകൾ, കുപ്പിച്ചില്ലുകൾ, ബാഗുകൾ, ചെരുപ്പുകൾ, സ്പോഞ്ച്, കിടക്കകൾ തുടങ്ങി മറ്റു കേന്ദ്രങ്ങളിൽ നൽകാൻ കഴിയാത്ത മാലിന്യങ്ങൾ വരെ നീക്കം ചെയ്തു. വാർഡ് മെമ്പർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, വ്യാപാരികൾ, തൊഴിലാളികൾ, സംഘടനകൾ, ആരോഗ്യ പ്രവർത്തകർ, നാട്ടുകാർ, എൻ.എസ്.എസ്. വിദ്യാർഥികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊതു ഇടങ്ങൾ വൃത്തിയാക്കി. മുന്നൊരുക്ക യോഗങ്ങൾ, സർവേ, ചുമതല വീതിച്ചു നൽകൽ എന്നിങ്ങനെ ശക്തമായ മുന്നൊരുക്കത്തോടെയാണ് ശുചീകരണത്തിന് പഞ്ചായത്ത് തുടക്കം കുറിച്ചത്. അജൈവ മാലിന്യ ശേഖരണത്തിന്റെ പ്രചാരണത്തിനായി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫ്ളാഷ് മോബ്, നാടകം, ബോധവത്കരണ ക്ലാസ്സുകൾ, എന്നിവ നടന്നു. കൂടാതെ പ്രത്യേകമായി തയ്യാറാക്കിയ രണ്ട് മാലിന്യ വിരുദ്ധ ഗാനങ്ങളുമായി പാട്ടുവണ്ടി പഞ്ചായത്തിലാകെ പ്രചാരണം നടത്തി. വലിച്ചെറിയാതെ ചാക്കുകളിൽ വൃത്തിയായി കെട്ടി വിവിധ കേന്ദ്രങ്ങളിലായി എത്തിയ അജൈവ മാലിന്യങ്ങൾ നീക്കം ചെയ്തതോടെ ക്ലീൻ പുത്തൻചിറയുടെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായിരുന്നു. തുടർപ്രവർത്തനമായി വ്യാപാരികൾ, വ്യവസായികൾ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേകം യോഗം ചേർന്നു. പ്ലാസ്റ്റിക് കവർ ഒഴിവാക്കി തുണിസഞ്ചി പ്രോത്സാഹിപ്പിക്കാനുള്ള നിർദ്ദേശവും നൽകി. നിയമവശങ്ങളെ സംബന്ധിച്ച ബോധവത്കരണവും നടത്തി.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എ.നദീർ അധ്യക്ഷത വഹിച്ചു. ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ ടി.എസ്.ശുഭ മുഖ്യാതിഥിയായി. ഗവ. യു.പി.സ്‌കൂൾ ശാസ്ത്ര രംഗം യൂണിറ്റിനെ വൈസ് പ്രസിഡന്റ് ബീന സുധാകരൻ അനുമോദിച്ചു. സൗജന്യ തുണി സഞ്ചി വിതരണം ഡിലൈറ്റ് ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ ഹസീസ് താനത്ത് പറമ്പിൽ നിർവ്വഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ വി.എൻ.രാജേഷ്, പി.ഐ. നിസാർ, റോമി ബേബി, ജനപ്രതിനിധികളായ ഗീത മനോജ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.എം.ഹസീബ് അലി, ഹെൽത്ത് ഇൻസ്പെക്ടർ കെ.ടി.ഹരിദാസൻ, കുടുംബശ്രീ വൈസ് ചെയർപേഴ്സൻ സിനി അനിൽകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് റിയാസ് സ്രാമ്പിയേക്കൽ, നിഷാദ് അലി എന്നിവരുടെ നേതൃത്വത്തിൽ സർക്കാർ അംഗീകാരമുള്ള ക്യാരി ബാഗുകളുടെ പ്രദർശനവും ബോധവൽക്കരണവും നടന്നു.
- Log in to post comments