Skip to main content

സീതാറാം മിൽ കുളം ഉടൻ വൃത്തിയാക്കണം : കളക്ടർ

സീതാറാം മില്ലിന്റെ ഉടമസ്ഥതയിലുള്ള കുളം വേഗം വൃത്തിയാക്കണമെന്ന് കളക്ടർ എസ് ഷാനവാസ് നിർദ്ദേശിച്ചു. തൃശൂർ കോർപ്പറേഷൻ കുട്ടംകുളങ്ങര ഡിവിഷനിൽപ്പെട്ട സീതാറാം മിൽ കുളത്തിന്റെ മതിൽ ഇടിഞ്ഞ് കുളത്തിലേക്ക് വീണിട്ടുണ്ട്. സമീപത്തെ റോഡിനും കേടുപാട് സംഭവിച്ചിട്ടുണ്ട്.
അപകടാവസ്ഥയിൽ നിൽക്കുന്ന കുളത്തിന്റെ മതിൽ കെട്ടി സംരക്ഷിക്കണമെന്നും മാലിന്യം നിറഞ്ഞ കുളം വൃത്തിയാക്കണമെന്നും കൗൺസിലർ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് സീതാറാം മില്ലിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്നാണ് കളക്ടറെ ചേമ്പറിൽ യോഗം വിളിച്ചത്. തുടർന്ന് കാട് പിടിച്ച് കിടക്കുന്ന കുളം ഉടൻ വൃത്തിയാക്കി പ്രദേശത്തെ കുടിവെള്ള സ്രോതസിനെ സംരക്ഷിക്കണമെന്ന് കളക്ടർ ഉത്തരവിട്ടു. ഏഴ് ദിവസത്തിനുള്ളിൽ കുളം കോർപ്പറേഷൻ വൃത്തിയാക്കുന്നതിന് സമ്മതമാണെങ്കിൽ സമ്മതപത്രം നൽകാൻ കളക്ടർ നിർദ്ദേശിച്ചു.
കൗൺസിലർ ലളിതാംബിക, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചനീയർ എസ്.എസ്. ശ്രീജ, അസിസ്റ്റന്റ് എഞ്ചനീയർ എം.വി നിബ, ഓവർസിയർ കെ.ആർ.രാജേഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
 

date