ഗതാഗതരംഗത്തെ മാറ്റങ്ങളും അവസരങ്ങളും വ്യക്തമാക്കി അസെന്റ് 2020
കൊച്ചി: അടുത്ത അഞ്ച് വർഷത്തിനകം കേരളത്തിന്റെ ഗതാഗത രംഗത്തുണ്ടാകുന്ന മാറ്റങ്ങളും ഗതാഗത രംഗത്തെ നിക്ഷേപ സാധ്യതകളും തുറന്ന് കാട്ടുന്നതായിരുന്നു അസെന്റ് 2020 വേദിയിൽ നടന്ന ചർച്ചകൾ. ഇലക്ട്രിക് വാഹന രംഗത്തെ വൻ കുതിച്ച് ചാട്ടങ്ങളും, ഹൈഡ്രജൻ ഇന്ധനമാക്കുന്ന വിവിധ വാഹനങ്ങളുടെ വരവും അവയുടെ സാധ്യതകളുമെല്ലാം വെളിവാക്കുന്നതായിരുന്നു ഗതാഗത രംഗത്തെ അധികരിച്ച് നടന്ന ചർച്ച.
നിർദ്ദിഷ്ട തിരുവനന്തപുരം - കാസർഗോഡ് സിൽവർ ലൈൻ സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ ഭാഗമായുള്ള നിക്ഷേപ സാധ്യതകളും സംസ്ഥാന ഗതാഗത രംഗത്ത് പദ്ധതി ഉണ്ടാക്കുന്ന മാറ്റങ്ങളും ഗതാഗത നിക്ഷേപ സാധ്യതാ ചർച്ചകളിൽ ഏറെ ശ്രദ്ധ നേടി. 532 കിലോമീറ്റർ ഡബിൾ ലൈൻ റെയിൽ യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരം - കാസർഗോഡ് യാത്രാ സമയം നാല് മണിക്കൂറായി ചുരുങ്ങുമെന്ന് പദ്ധതിയും സാധ്യതകളും വിശദീകരിച്ച കേരള റെയിൽ ഡെവലെപ്മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ വി. അജിത് കുമാർ പറഞ്ഞു. 10 പ്രധാന സ്റ്റേഷനുകളും അവയെ ബന്ധിപ്പിച്ചുള്ള 27 ഫീഡർ സ്റ്റേഷനുകളും പദ്ധതിയുടെ ഭാഗമായി നിലവിൽ വരും. നൂറ് ശതമാനം ഹരിത ഊർജ്ജ അധിഷ്ഠിതമായിരിക്കും പുതിയ റെയിൽ പദ്ധതി. ഈ വർഷം ആരംഭിച്ച് 2024 ൽ പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി റോറോ ട്രെയിൻ സർവ്വീസ് മുതൽ വിനോദ സഞ്ചാര മേഖലയെ ലക്ഷ്യമിട്ടുള്ള ആഢംബര ട്രെയിൻ സർവ്വീസ് നടത്തിപ്പ് വരെയുള്ള വിവിധ നിക്ഷേപ സാധ്യതകളാണ് തുറക്കുന്നത്.
തിരക്കൊഴിഞ്ഞ, മാലിന്യമുക്തമായ നവകേരള ഗതാഗതം ലക്ഷ്യമിടുന്ന സർക്കാർ പദ്ധതികൾക്ക് അനുകൂല സാഹചര്യങ്ങളാണ് ഒരുങ്ങുന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതി ലാൽ ചൂണ്ടിക്കാട്ടി. മുതിർന്ന ഉദ്യോഗസ്ഥനായ ഏലിയാസ് ജോർജ്ജ് നയിച്ച ചർച്ചയിൽ ഹ്യൂണ്ടായ് ഇന്ത്യാ വൈസ് പ്രസിഡന്റ് ബി. സി ദത്ത. പോപ്പുലർ മോട്ടോഴ്സ് സി.ഇ. ഒ നവീൻ ഫിലിപ്പ്, വിവിധ വകുപ്പ് മേധാവികൾ, പാരമ്പര്യേതര ഊർജ്ജ രംഗത്തെ വിവിധ നിക്ഷേപകർ, സംരംഭകർ എന്നിവർ പങ്കെടുത്തു.
- Log in to post comments