Skip to main content

വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞം സമയബന്ധിതമായി  പൂര്‍ത്തിയാക്കണം: വോട്ടര്‍ പട്ടിക നിരീക്ഷകന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ നിയോഗിച്ച വോട്ടര്‍പട്ടിക നിരീക്ഷകന്‍  ജില്ല സന്ദര്‍ശിച്ചു

പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ ഭാഗമായി വോട്ടര്‍പട്ടിക നിരീക്ഷകന്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി. വേണുഗോപാല്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി. അര്‍ഹരായ മുഴുവന്‍ സമ്മതിദായകരേയും ഉള്‍പ്പെടുത്തി വോട്ടര്‍പട്ടിക പുതുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് മലപ്പുറത്ത് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തില്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. 
2020 ജനുവരി ഒന്നിന് 18 വയസു പൂര്‍ത്തിയായ മുഴുവന്‍ പൗര•ാര്‍ക്കും വോട്ടര്‍പട്ടികയില്‍ അംഗത്വം ഉറപ്പാക്കണം. അനര്‍ഹരുടെയും മരിച്ചവരുടെയും പേരുകള്‍ നീക്കം ചെയ്യുന്നതില്‍ ജാഗ്രത പുലര്‍ത്തണം. സമ്മതിദായകരുടെ പേരുകള്‍ ചേര്‍ക്കുന്നതിനും നീക്കം ചെയ്യുന്നതിനും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ പിന്തുണയും വോട്ടര്‍പട്ടിക നിരീക്ഷകന്‍ അഭ്യര്‍ത്ഥിച്ചു. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കു പുറമെ ബൂത്ത് ലെവല്‍ ഏജന്റുമാരും ഈ പ്രക്രിയയില്‍ പങ്കാളികളാവുന്നതോടെ പരാതികളില്ലാതെ വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞം പൂര്‍ത്തിയാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
വോട്ടര്‍പട്ടിക പുതുക്കുന്നതിനു മുന്നോടിയായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് വിവര ശേഖരണം നടത്തണമെന്ന് പി. ഉബൈദുള്ള എം.എല്‍.എ. നിര്‍ദ്ദേശിച്ചു. വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കാന്‍ രാഷ്ട്രീ പാര്‍ട്ടി പ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. പറഞ്ഞു. വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞത്തെ കുറിച്ച് ജനാവബോധം വളര്‍ത്താന്‍ പ്രത്യേക പ്രചരണ പരിപാടികള്‍ കലാലയങ്ങള്‍ കൂടി ഉള്‍പ്പെടുത്തി നടത്തുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഈ മാസം 15നകം അര്‍ഹരായ മുഴുവന്‍ സമ്മതിദായകരെയും വോട്ടര്‍ പട്ടികയിലുള്‍പ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. 
അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഒ. ഹംസ, താലൂക്ക് തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

date