ലൈഫ് മിഷന് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും നടത്തി
ലൈഫ് മിഷന് ഗുണഭോക്താക്കളുടെ തൊടുപുഴ നഗരസഭാ തല കുടുംബ സംഗമവും അദാലത്തും മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ചു. പി.ജെ.ജോസഫ് എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. ലൈഫ് മിഷന് ഭവന നിര്‍മാണം തുടര്‍ പ്രക്രിയ ആവശ്യമുള്ള പദ്ധതിയാണെന്ന് പി.ജെ. ജോസഫ് പറഞ്ഞു. ഒരു വര്‍ഷം ഒരു ലക്ഷത്തിലേറെ പുതിയ വീടുകള്‍ ആവശ്യമുള്ള കേരളത്തില്‍ ലൈഫ് പദ്ധതി ഒട്ടേറെ നിര്‍ദ്ധനര്‍ക്ക് ആശ്വാസമാണെന്നും എം.എല്‍.എ. പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്സണ്‍ ജെസി ആന്റണി ചടങ്ങില്‍ അദ്ധ്യക്ഷയായി. ലൈഫ് മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. പ്രവീണ്‍ പദ്ധതി വിശദീകരിച്ചു. വൈസ് ചെയര്മാന് എം.കെ.ഷാഹുല്‍ ഹമീദ് സ്വാഗതം ആശംസിച്ചു. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെസി ജോണി, ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ആര്.ഹരി, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റിനി ജോഷി, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുമോള്‍ സ്റ്റീഫന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിര്‍മ്മലാ ഷാജി, മുന്‍ നഗരസഭാ ചെയര്മാന്മാരായ എ.എം. ഹാരിദ്, രാജീവ് പുഷ്പാംഗദന്, ബാബു പരമേശ്വരന്, നഗരസഭാ സെക്രട്ടറി രാജശ്രീ.പി.നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തൊടുപുഴ നഗരസഭയില്‍ പി.എം.എ.വൈ. ലൈഫ് പദ്ധതിയില്‍ 789 ഗുണഭോക്താക്കളുണ്ട്. ഇതില്‍ നിര്‍മ്മാണം ആരംഭിച്ച 755 വീടുകളില്‍ 600 എണ്ണം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 155 വീടുകളുടെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. അറുനൂറാമത്തെ വീടിന്റെ താക്കോല്‍ വാണിയപ്പുരയില്‍ എം.ബി. ബീനക്കും ഹരിത ഭവന പുരസ്കാരം കൊച്ചുകല്ലോലിക്കല് അനുപ്രിയക്കും ചടങ്ങില്‍ കൈമാറി.
- Log in to post comments