ലൈഫ് മിഷൻ കുടുംബ സംഗമത്തിന് പകിട്ടായി ആദിവാസി നൃത്തവും
ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷൻ കുടുംബ സംഗമത്തിന് പൊലിമയേകി ആദിവാസി നൃത്ത ചുവടുകൾ. പട്ടിക വർഗ്ഗ വകുപ്പ് ചാലക്കുടി മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനികളാണ് ഇരുള നൃത്തം അവതരിപ്പിച്ചത്. അട്ടപ്പാടിയിലെ ഇരുള ആദിവാസി വിഭാഗം ആഘോഷ അവസരങ്ങളിലും മറ്റും അവതരിപ്പിക്കുന്ന നൃത്തരൂപമാണ് ഇരുള നൃത്തം. മുൻകൂട്ടിയ അറിയിപ്പുകൾ ഒന്നും ഇല്ലാതെ ആദിവാസി നൃത്തം അവതരിപ്പിച്ചത് കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് കൗതുകമായി. ഒൻപത് പേരടങ്ങുന്ന സംഘമാണ് നൃത്തം അവതരിപ്പിച്ചത്. രണ്ട് പേർ പാട്ടുപാടി മൂന്നു പേർ സംഗീത ഉപകരണങ്ങൾ വായിച്ച് നൃത്തത്തെ കൊഴുപ്പേകി. പ്‌റെ, ദവിൽ, ങാൽഗ എന്നീ ഉപകരണങ്ങളാണ് ഇരുള നൃത്തത്തിൽ ഉപയോഗിക്കുന്നത്. പത്തു മിനിട്ടാണ് നൃത്തം സ്റ്റേജിൽ അവതരിപ്പിക്കാൻ വേണ്ട സമയം. എം ആർ എസിലെ ആർ മഞ്ജിമ, ആർ കാവ്യ എന്നീ മിടുക്കി കുട്ടികളാണ് തന്റെ കൂട്ടുകാരെ ഇരുള നൃത്തം പഠിപ്പിച്ചു സ്റ്റേജിൽ എത്തിച്ചത്. ടി ഡി ഒ ഇ സന്തോഷ് കുമാറാണ് കുട്ടികൾക്ക് വേണ്ട സഹായങ്ങൾ നൽകിയത്.പട്ടിക ജാതി വികസന വകുപ്പിന്റെ കീഴിൽ വരുന്ന സ്‌കൂളുകളുടെ കലോത്സവമായ സർഗോത്സവം 2019 ൽ ഇരുള നൃത്തം അവതരിപ്പിച്ചു എ ഗ്രേഡ് നേടിയിരുന്നു എം ആർ എസിലെ പ്ലസ് ടു ബയോളജി സയൻസ് വിഭാഗം വിദ്യാർത്ഥിനികളായ ഈ നർത്തകർ . അവതരണത്തിലെ പുതുമകൊണ്ട് ഇരുള നൃത്തം ലൈഫ് കുടുംബ സംഗമ വേദിയുടെ മനം കവർന്നു.
- Log in to post comments