Skip to main content

ലൈഫ്മിഷൻ പ്രവർത്തനങ്ങൾ സമഭാവനയിലൂന്നിയത് : പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ.

എല്ലാ ഗുണഭോക്താക്കളേയും ഒരേപോലെ കണ്ട് സമഭാവനയോടെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ലൈഫ് മിഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതെന്നും ലൈഫ് മിഷന്റെ വിജയത്തിന് കാരണം സമത്വപൂർണ്ണമായ സമീപനമാണെന്നും പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ വെച്ച് നടന്ന ലൈഫ്മിഷൻ കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ പ്രവർത്തനങ്ങളാണ് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷൻ ഭവന നിർമ്മാണ പദ്ധതിയിൽ നടന്നതെന്നും ഇത് സംസ്ഥാനത്തിന് മാതൃകായാണെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് ഘട്ടങ്ങളിലായി ആകെ 312 വീടുകളുടെ നിർമാണമാണ് പൂർത്തീകരിച്ചത്. ആദ്യഘട്ടത്തിൽ ലൈഫ് മിഷന്റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തീകരിക്കാത്ത ഭവനങ്ങളുടെ പണി പൂർത്തീകരിക്കുകയും തുടർന്ന് രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതർക്ക് വീടുകൾ നിർമ്മിച്ചു കൊടുക്കുകയുമാണ് ചെയ്യ്തത്. അടുത്തഘട്ടത്തിൽ ഭൂരഹിത ഭവന രഹിതർക്കാണ് വീടുകൾ നിർമിച്ചു കൊടുക്കുക. വ്യവസായ വകുപ്പ്, വനിത ശിശുവികസന വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, സിവിൽ സപ്ലൈസ്, കുടുംബശ്രീ, കൃഷി വകുപ്പ്, ക്ഷീരവികസന വകുപ്പ്, ശുചിത്വമിഷൻ, ഐ.ടി.വകുപ്പ് (അക്ഷയ കേന്ദ്രം), പബ്ലിക് റിലേഷൻസ്, റവന്യൂവകുപ്പ്, പട്ടികജാതി വികസന വകുപ്പ്, ആരോഗ്യ വകുപ്പ്, പഞ്ചായത്ത് വകുപ്പ്, ഗ്രാമീണ വികസന വകുപ്പ്, ലീഡ് ബാങ്ക് തുടങ്ങി 20-ഓളം വകുപ്പുകൾ കുടുംബ സംഗമത്തിനോട് അനുബന്ധിച്ച് നടന്ന അദാലത്തിൽ പങ്കെടുത്തു. കൂടാതെ അദാലത്തിൽ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ വിന്നേർസ് ക്ലോത്ത് ബാഗ് യൂണിറ്റ് നിർമ്മിച്ച തുണി സഞ്ചികൾ, തുണികൊണ്ട് നിർമ്മിച്ച ഫയലുകൾ കൂടാതെ മറ്റനവധി ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെയും പ്രത്യേകം സ്റ്റാളുകൾ ക്രമീകരിച്ചിട്ടുണ്ട്.
വിവിധ വകുപ്പുകളിൽ സ്വയംതൊഴിൽ സംരംഭങ്ങൾ, തൊഴിലുറപ്പ് പദ്ധതിയിലൂടെ ലഭിക്കുന്ന സേവനങ്ങൾ, റേഷൻ കാർഡ്, ആധാർ കാർഡ്, വോട്ടേഴ്‌സ് തിരിച്ചറിയൽ കാർഡ് എന്നിവയിലെ തെറ്റുതിരുത്തൽ, കുടുംബശ്രീ വകുപ്പ് ഒരുക്കുന്ന സ്വയംതൊഴിൽ പദ്ധതി രജിസ്‌ട്രേഷനും ബോധവൽക്കരണവും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന വാർദ്ധക്യകാല പെൻഷൻ, കാർഷിക തൊഴിലാളി പെൻഷൻ, വിധവാ പെൻഷൻ, ഭിന്നശേഷി പെൻഷൻ, തൊഴിൽ രഹിത വേതനം എന്നിങ്ങനെ തദ്ദേശീയമായി ഇടപെട്ട്‌കൊണ്ട് ഒട്ടേറെ സേവനങ്ങൾ അദാലത്തിൽ കൈകാര്യം ചെയ്തു.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിസണ്ട് വി.എ. മനോജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.കെ. ഉദയ് പ്രകാശ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം ടി.ജി. ശങ്കരനാരായണൻ ലൈഫ്മിഷൻ നിർവ്വഹണ ഉദ്യോഗസ്ഥർക്കുള്ള ഉപഹാരങ്ങൾ സമർപ്പിച്ചു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ സന്തോഷ്, കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ. രമേഷ്, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സരിത സുരേഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് (ഇൻചാർജ്) പി.ഡി.നെൽസൺ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി. കുമാരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മിനി സത്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തോമസ് തത്തപ്പിള്ളി, കെ.വി. രാജൻ, വനജ ജയൻ, അംബുജ രാജൻ, ഷംല അസിസ്, കെ.എ. ജയശ്രീ, മനോഹരൻ, മല്ലിക ചാത്തുകുട്ടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണൻ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി. ശ്രീചിത്ത് നന്ദിയും പറഞ്ഞു.

date