Skip to main content

ബാലുശ്ശേരി ബ്ലോക്ക്പഞ്ചായത്തില്‍ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമം നടത്തി

 

 

 

 

ബാലുശ്ശേരി ബ്ലോക്ക്പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയില്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും പുരുഷന്‍ കടലുണ്ടി എം. എല്‍. എ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി പ്രതിഭ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് മുഹ്‌സിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യപ്രഭാഷണം നടത്തി. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായി അദാലത്തും സംഘടിപ്പിച്ചു.

 

രണ്ട് ഘട്ടങ്ങളിലായി 1758 വീടുകളാണ് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. കൃഷി വകുപ്പിന്റെ ജീവനി പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി തൈ വിതരണം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിച്ചു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെയും വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും ആരോഗ്യ പ്രവര്‍ത്തകരെ ചടങ്ങില്‍  ആദരിച്ചു. 

 

വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ രൂപരേഖ കൊമ്പിലാട്,  വി എം കമലാക്ഷി,  ഷാജു ചെറുകാവില്‍,  ഗീത ചന്ദ്രന്‍,  ജില്ലാ പഞ്ചായത്തംഗങ്ങളായ ഷീജ പുല്ലരിക്കല്‍, നജീബ് കാന്തപുരം, എ വേലായുധന്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

 

 

നിയമസഭ സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ സമിതി 15 ന്

 

 

 

കേരള നിയമസഭയുടെ സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ സമിതി ജനുവരി 15 ന് രാവിലെ 11 ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുമെന്ന് ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു അറിയിച്ചു. 2012 ലെ കേരള സംസ്ഥാന സേവനാവകാശ നിയമനത്തിന്റെ കീഴിലെ ചട്ടങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് റവന്യൂ, തദ്ദേശസ്വയംഭരണം, കൃഷി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികള്‍, സര്‍വ്വീസ് സംഘടനാ നേതാക്കള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്ന് അഭിപ്രായങ്ങള്‍/നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും. താല്‍പര്യമുളളവര്‍ക്ക് അന്നേദിവസം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എത്തി ഈ വിഷയം സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമിതി മുമ്പാകെ സമര്‍പ്പിക്കുന്നതിനുളള അവസരം ഉണ്ടായിരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

 

 

 

പാല്‍ ഉപഭോക്തൃ മുഖാമുഖം പരിപാടി ഇന്ന്

 

 

 

ക്ഷീരവികസന വകുപ്പിന്റെ 2019-20 വാര്‍ഷിക പദ്ധതിയിന്‍ കീഴിലുള്ള ഗുണനിയന്ത്രണ ലാബുകളുടെ ശാക്തീകരണ പദ്ധതി പ്രകാരം പാല്‍ ഉപഭോക്തൃ മുഖാമുഖം ഇന്ന് (ജനുവരി 14)  രാവിലെ 10 ന് കോഴിക്കോട് പ്രോവിഡന്‍സ് കോളേജില്‍ നടത്തുമെന്ന് ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മില്‍മ പി ആന്‍ഡ് ഐ സീനിയര്‍ മാനേജര്‍ കെ സി ജെയിംസ്, ക്ഷീര പരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ ആര്‍ രാംഗോപാലും സെമിനാറില്‍ വിഷയം അവതരിപ്പിക്കും.  

കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ.പി.എം സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. പ്രോവിഡന്‍സ് കോളേജ്  പ്രിന്‍സിപ്പാള്‍ ഡോ സിസ്റ്റര്‍ ജെസീന ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ രശ്മി ആര്‍ സ്വാഗതവും ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷീബ ഖമര്‍ ആമുഖ പ്രഭാഷണം നടത്തും. പ്രോവിഡന്‍സ് കോളേജ്   സുവോളജി വിഭാഗം മേധാവി ഡോ നിഷി ആന്‍ ആശംസയും ക്ഷീരവികസന ഓഫീസര്‍ ശ്രീകാന്തി നന്ദിയും പറയും.

 

 

 

പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്  

കോഴിക്കോട് ഉപജില്ലാ ഓഫീസ്  

 

 

 

ഒ.ബി.സി./മതന്യൂനപക്ഷ വിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി  സ്ഥാപിതമായ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന് ജില്ലയില്‍ ഉപജില്ലാ ഓഫീസ് ആരംഭിക്കുന്നതിന് അനുമതി നല്‍കിയതായി മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.  കോഴിക്കോട് ജില്ലയില്‍ നാദാപുരത്താണ്  പുതിയ ഓഫീസ്.  ഇതോടെ  ഓഫീസുകളുടെ എണ്ണം 35 ആയി.  

കുറഞ്ഞ പലിശ നിരക്കിലും ലളിതമായ വ്യവസ്ഥയിലും സ്വയം തൊഴില്‍,

ബിസിനസ്സ്, വിദ്യാഭ്യാസം, പ്രവാസികള്‍ക്കും പ്രൊഫഷണലുകള്‍ക്കുംവേണ്ടിയുള്ള പ്രത്യേക സ്വയം തൊഴില്‍ വായ്പാ പദ്ധതികള്‍, ഗൃഹനിര്‍മ്മാണം, പെണ്‍കുട്ടികളുടെ വിവാഹം, മൈക്രോ ഫിനാന്‍സ് തുടങ്ങി വൈവിധ്യങ്ങളായ വായ്പാ ക്ഷേമ പദ്ധതികള്‍ കോര്‍പ്പറേഷന്‍ നടപ്പിലാക്കിയിട്ടുണ്ട്. പുതുതായി സംരംഭം ആരംഭിക്കുന്നവര്‍ക്ക് 30 ലക്ഷം രൂപവരെ വായ്പ അഞ്ച് മുതല്‍ എട്ട് ശതമാനം പലിശ നിരക്കില്‍ കോര്‍പ്പറേഷനില്‍ നിന്ന് ലഭിക്കും. നിലവിലുള്ള സംരംഭകര്‍ക്ക് പ്രവര്‍ത്തന മൂലധനത്തിനും ബിസിനസ്സ് വിപുലീകരിക്കുന്നതിന്  വായ്പയും നല്‍കുന്നുണ്ട്. മൂന്നു മുതല്‍ നാല് ശതമാനം പലിശ നിരക്കില്‍ 20 ലക്ഷം രൂപവരെ വിദ്യാഭ്യാസ വായ്പ നല്‍കുന്ന പദ്ധതിയുമുണ്ട്. ഈ സാമ്പത്തിക വര്‍ഷം 500 കോടി രൂപയുടെ വായ്പാ വിതരണമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതില്‍ ജനുവരി 10 വരെ 380 കോടി രൂപ

വിതരണം ചെയ്തു കഴിഞ്ഞു.

 

 

 

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ യോഗം ഇന്ന്

 

 

 

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം ജില്ലയില്‍ ജനുവരി 19 ന്  നടക്കും. ഇതിന്റെ ഭാഗമായി ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡെപ്യൂട്ടി കലക്ടറുടെ ചേമ്പറില്‍ ഇന്ന് (ജനുവരി 14) ഉച്ചയക്ക് 2.30 ന് യോഗം ചേരും.

 

 

ജില്ലാ ശിശുക്ഷേമ സമിതി യോഗം 15 ന്

 

 

ജില്ലാ ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ജനുവരി 15 ന് രാവിലെ 10.30 ന് സിവില്‍സ്റ്റേഷനിലെ അസി. ഡെവലപ്മെന്റ് ഓഫീസറുടെ (ജനറല്‍) ചേമ്പറില്‍ ചേരും.

 

 

ഭൂമി ലേലം

 

 

കോഴിക്കോട് താലൂക്കില്‍ കടലുണ്ടി വില്ലേജില്‍  റി.സ. 85/1 ല്‍പ്പെട്ട 05  സെന്റ്  ഭൂമിയുടെ ലേലം ഫെബ്രുവരി 20 ന് 11.30  മണിക്ക് കടലുണ്ടി വില്ലേജ് ഓഫീസില്‍ നടക്കും.

 

 

 

ടെണ്ടര്‍ ക്ഷണിച്ചു

 

 

 

കോഴിക്കോട് ഐ.സി.ഡി.എസ് അര്‍ബന്‍ 2 പ്രോജക്ട് ശിശുവികസന പദ്ധതി ഓഫീസിനു പരിധിയിലെ 140 അങ്കണവാടികളിലേക്ക് 2019-20 വര്‍ഷത്തേക്ക് പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃതസ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 22 ന് രണ്ട് മണി വരെ. ഫോണ്‍ 0495 2373566.

 

 

 

ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമനം

 

 

 

കോഴിക്കോട് ജില്ല, കൊയിലാണ്ടി താലൂക്ക് എളമാരന്‍കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമതധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശ വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ  ജനുവരി 25 ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് സിവില്‍സ്റ്റേഷനിലെ ഡി ബ്ലോക്ക് മൂന്നാം നിലയിലെ മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസി. കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.  അപേക്ഷാ ഫോമിനും മറ്റ് വിശദ വിവരങ്ങള്‍ക്കും ഓഫീസില്‍ ബന്ധപ്പെടണം.

 

 

 

ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂള്‍ പ്രവേശനം 16 ന്

 

 

 

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന     അയ്യങ്കാളി മെമ്മോറിയല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളിലേക്ക് പ്രവേശനത്തിനായി കായികക്ഷമത പരിശോധന ജനുവരി 16 ന് 9.30 മുതല്‍ കോഴിക്കോട് ഗവണ്‍മെന്റ് ഫിസിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടത്തും. നിലവില്‍ പഠിക്കുന്ന സ്‌കൂളിലെ മേധാവിയുടെ കത്ത്, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നിശ്ചിത സമയത്ത് എത്തിച്ചേരണം. അഞ്ചാം ക്ലാസിലേക്ക് ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും, ഏഴ്, 11 എന്നീ ക്ലാസിലേക്ക് സബ്ജില്ല/ജില്ല/ സംസ്ഥാനതല മത്സരങ്ങളില്‍  വിജയിച്ച സര്‍ട്ടിഫിക്കറ്റിന്റെയും, ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും എട്ട്, ഒന്‍പത് ക്ലാസുകളിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് ജില്ല/സംസ്ഥാന തല മത്സരങ്ങളില്‍ വിജയിച്ച സര്‍ട്ടിഫിക്കറ്റിന്റെയും ഫിസിക്കല്‍ ടെസ്റ്റിന്റെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലും പ്രവേശനം നല്‍കും.

 

date