തീരദേശചട്ട ലംഘന അദാലത്ത്: റിവ്യൂ റിപ്പോര്‍ട്ട് വ്യാഴാഴ്ച്ച് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം പരിഗണിച്ചത് അറുന്നൂറോളം പരാതികള്‍
ജില്ലയില്‍ തീരദേശ ചട്ടലംഘനവുമായി ബന്ധപ്പെട്ട് നടത്തിയ അദാലത്തില്‍ പരാതികള്‍ ഉണ്ടായ കേസുകളില്‍ അതത് പഞ്ചായത്തുകള്‍ റിവ്യൂ റിപ്പോര്‍ട്ട് വ്യാഴാഴ്ച്ച ഉച്ചയോടെ ടൗണ്‍ പ്ലാനിങ്ങ് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍ദ്ദേശിച്ചു. ഡിസംബര്‍ 30 ഓടേ അദാലത്തുകള്‍ പൂര്‍ത്തിയാക്കി ജനുവരി 12 ന് റിപ്പോര്‍ട്ടുകള്‍ സര്‍ക്കാറിന് കൈമാറാനായിരുന്നു നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് റിവ്യൂ റിപ്പോര്‍ട്ടുകള്‍ വ്യാഴാഴ്ച്ച ഉച്ചയോടെ തന്നെ സമര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. കരട് പട്ടികയില്‍ ഉള്‍പ്പെട്ടവരാണ് അദാലത്തില്‍ പങ്കെടുത്തത്. ഇതില്‍ 1996 നു മുമ്പ് കെട്ടിടം പണിയുകയും പ്രസ്തുത ലിസ്റ്റില്‍ ഉള്‍പ്പെടുകയും ചെയ്തവര്‍, ദൂരപരിധിയില്‍ വ്യത്യാസം വന്നവര്‍, നിരാക്ഷേപ പത്രം കൈപ്പറ്റിയവര്‍ തുടങ്ങിയവരാണ് പരാതിയുമായെത്തിയത്. പരാതികളില്‍ റിവ്യൂ നടത്താന്‍ ബന്ധപ്പെട്ട പഞ്ചായത്തുകള്‍ക്ക് അദാലത്തില്‍ തത്സമയം തന്നെ വിവരം നല്‍കുകയും നടപടികള്‍ക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തു. ചില പരാതികളില്‍ ഉടമസ്ഥരോട് വ്യാഴാഴ്ച്ച പഞ്ചായത്തില്‍ നേരിട്ട് ഹാജരായി വിവരങ്ങള്‍ കൈമാറാനും ആവശ്യപ്പെട്ടു.
ജില്ലയില്‍ 37 പഞ്ചായത്തുകളുടെയും ആറ് നഗരസഭകളുടെയും പരിധിയില്‍ വരുന്ന പ്രദേശങ്ങളാണ് കരട് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.നിയമലംഘനം നടത്തിയതായി കണ്ടെത്തിയ 2195 കെട്ടിടങ്ങളുടെ കൂട്ടത്തില്‍ 1900 വീടുകളാണ്. ധര്‍മ്മടം പഞ്ചായത്തിലാണ് ഏറ്റവും കൂടൂതല്‍ പേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന അദാലത്ത് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കൃത്യമായ വിവരങ്ങള്‍ നല്‍കിയാല്‍ മാത്രമെ നടപടികളും കൃത്യമാവുകയുള്ളൂവെന്നും കലക്ടര്‍ അഭിപ്രായപ്പെട്ടു.ടൗണ്‍ പ്ലാനിങ്ങ് ഓഫീസര്‍ കെ വി രഞ്ജിത്ത് അദാലത്ത് വിശദീകരിച്ചു.ഡപ്യൂട്ടി കലക്ടര്‍(ഡി എം) വിശാലാക്ഷി, ഡപ്യൂട്ടി കലക്ടര്‍(എല്‍ ആര്‍) ഹരികുമാര്‍ എന്നിവര്‍ സംബന്ധിച്ചു.ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് അരുണ്‍ കുമാര്‍, ഡപ്യൂട്ടി ടൗണ്‍ പ്ലാനിങ്ങ് ഓഫീസര്‍മാരായ കെ പി നിതിഷ്, സന്മ ജിഷ്ണു ദാസ്, അസിസ്റ്റന്റ് ടൗണ്‍ പ്ലാനിങ്ങ് ഓഫീസര്‍മാരായ വിപിന്‍ എ വി, ജിജി ഭാസ്‌കര്‍, ജൂനിയര്‍ സൂപ്രണ്ട് രജീഷ് ബാബൂ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
- Log in to post comments