സ്വപ്ന വീടിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ലൈഫ് കുടുംബ സംഗമം
കയറിക്കിടക്കാന്‍ സ്വന്തമായൊരു വീട് അത് ഏതൊരു സാധാരണക്കാരന്റെയും സ്വപ്നമാണ്. ആ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സംതൃപ്തിയും സന്തോഷവുമാണ് സദസ്സിലിരിക്കുന്നവരുടെ മുഖത്ത്. സമാധാനത്തോടെ കിടന്നുറങ്ങാന്‍ ഒരു വീട് ഇല്ലാത്തതിനാല്‍ ഭൂതകാലത്തില്‍ നേരിട്ട ദുരിതങ്ങള്‍ മനസ്സില്‍ മായാതെ കിടപ്പുണ്ടെങ്കിലും ഇന്ന് അവര്‍ വാചാലരായത് പണിപൂര്‍ത്തിയായ തങ്ങളുടെ വീടുകളെകുറിച്ചാണ്. അപരിചിതരായ യശോദേച്ചിയും ദേവിയേച്ചിയും പരസ്പരം കണ്ടപ്പോള്‍ ചോദിച്ചത് 'ഇങ്ങള് പുതിയ വീട്ടില് കൂടിയോ എന്നാണ്. തങ്ങളുടെ സ്വപ്നവീട് പൂര്‍ത്തിയായതിന്റെ സന്തോഷം പങ്കുവെക്കാന്‍ വേണ്ടി മട്ടന്നൂര്‍ നഗരസഭ നടത്തിയ കുടുംബ സംഗമത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് നഗരസഭാ ലൈഫ് പിഎംഎവൈ ഗുണഭോക്താക്കള്‍.
ജനുവരി 22ന് ജില്ലാ തലത്തില്‍ സംഘടിപ്പിക്കുന്ന ലൈഫ് ഗുണഭോക്താക്കളുടെ സംഗമത്തിന്റെ മുന്നോടിയായി തദ്ദേശസ്വയഭരണ സ്ഥാപനങ്ങളില്‍ സംഗമം സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ ഭാഗമായാണ് നഗരസഭയിലെ ലൈഫ് പിഎംഎവൈ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും സംഘടിപ്പിച്ചത്. നിര്‍മ്മാണം പൂര്‍ത്തിയായ 290 വീടുകളിലെ കുടുംബങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഗുണഭോക്താ
ക്കള്‍ക്കുള്ള ഉപഹാര വിതരണവും, എക്സൈസ് വകുപ്പിന്റെ വിമുക്തി ലഹരി ബോധവല്‍ക്കരണ ക്ലാസും, പരിസരശുചീകരണവും മാലിന്യനിര്‍മാര്‍ജ്ജനവുമായി ബന്ധപ്പെട്ട ക്ലാസും സംഗമത്തില്‍ നടന്നു.
സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചിട്ടും അടിസ്ഥാനസൗകര്യ പ്രശ്‌നങ്ങള്‍ നേരിടുന്ന ഗുണഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത അദാലത്തും സംഗമത്തോടനുബന്ധിച്ച് നടന്നു. റേഷന്‍ കാര്‍ഡ്, ആധാര്‍, വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവയാണ് കൂടുതലായും ലഭിച്ചത്. മട്ടന്നൂര്‍ നഗരസഭ 'ഉയരെ' മേളയോടനുബന്ധിച്ച നടന്ന ചടങ്ങ് ടി വി രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ അനിത വേണു അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍, സെക്രട്ടറി പി എന്‍ അനീഷ്, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ എന്‍ അനില്‍, വി പി ബാബുരാജ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments