Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

സാക്ഷ്യപത്രം ഹാജരാക്കണം
ബീഡി-ചുരുട്ടു തൊഴിലാളികള്‍ക്കായി ക്ഷേമനിധി ബോര്‍ഡ് വഴി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മുട്ടക്കോഴി വളര്‍ത്തലുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ നടത്തിയ പരിശീലനത്തില്‍ പങ്കെടുത്ത ബീഡി തൊഴിലാളികള്‍ നിര്‍ദിഷ്ട അളവിലുള്ള കോഴിവളര്‍ത്തല്‍ ഷെഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതും സ്‌പെസിഫിക്കേഷന്‍ പ്രകാരമുള്ള മുട്ടക്കോഴി വളര്‍ത്തല്‍ ഷെഡ് പൂര്‍ത്തിയാക്കിയതിന്റെ പരിശോധനാ സാക്ഷ്യപത്രം ബന്ധപ്പെട്ട മൃഗഡോക്ടറില്‍ നിന്നും വാങ്ങി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, കേരള ബീഡി - ചുരുട്ട്  തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്,  കണ്ണൂര്‍ എന്ന വിലാസത്തില്‍ ജനുവരി 25 നകം സമര്‍പ്പിക്കേണ്ടതാണ്.  ഫോണ്‍: 0497 2706133.

ജില്ലാ ടാസ്‌ക് ഫോഴ്‌സ് യോഗം
ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായുള്ള ജില്ലാ ടാസ്‌ക് ഫോഴ്‌സ് യോഗം ജനുവരി 10 ന് രാവിലെ 11 മണിക്ക് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും.

വൈദ്യുതി പ്രവഹിപ്പിക്കും
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു സമീപം സ്ഥാപിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം യു ജി എ ബി മുതല്‍ ചേലോറ റോഡ് വഴി രാജീവ് ഭവന്‍ വരെ പുതുതായി നിര്‍മ്മിച്ച 833 മീറ്റര്‍, 11 കെ വി ഭൂഗര്‍ഭ കേബിളില്‍ കൂടി ജനുവരി ഒമ്പതിന് രാവിലെ ഒമ്പത് മണി മുതല്‍ വൈദ്യുതി പ്രവഹിപ്പിക്കുന്നതാണ്.  ആയതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനം
ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ പഞ്ചായത്ത് / ക്ലസ്റ്റര്‍ തലത്തില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നതിന് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫിഷറീസ് വിഷയത്തിലുള്ള വി എച്ച് എസ് സി / ഫിഷറീസ് വിഷയത്തിലുള്ള ബിരുദം / സുവോളജി ബിരുദം /എസ് എസ് എല്‍ സി യും കുറഞ്ഞത് മൂന്ന് വര്‍ഷം അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ തസ്തികയിലുള്ള പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായം 20 നും 56 നും ഇടയില്‍.  താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ ബയോഡാറ്റയും, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ജനുവരി 15ന് രാവിലെ 11 മണിക്ക് മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടത്തുന്ന വാക്ക്- ഇന്‍ - ഇന്റര്‍വ്യുവിന് പങ്കെടുക്കണം. ഫോണ്‍: 0497 2731081.

വിചാരണ മാറ്റി
ജനുവരി എട്ട് ബുധനാഴ്ച കലക്ടറേറ്റില്‍ വിചാരണക്ക് വെച്ച കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയകേസുകളുടെ വിചാരണ ജനുവരി 22ന് 11 മണിയിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
ജനുവരി എട്ട് ബുധനാഴ്ച കലക്ടറേറ്റില്‍ വിചാരണക്ക് വെച്ച ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ ദേവസ്വം പട്ടയകേസുകളുടെ വിചാരണ ജനുവരി 29ന് 10.30 ലേക്ക് മാറ്റിയതായി ഡി എം ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

ഗതാഗതം നിരോധിച്ചു
മയ്യില്‍ - കാഞ്ഞിരോട് റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായുള്ള കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ ജനുവരി ഒമ്പത് മുതല്‍ ഒരു മാസത്തേക്ക് പ്രസ്തുത റോഡില്‍ (നിരത്തുപാലം മുതല്‍ മയ്യില്‍ വരെ) വാഹന ഗതാഗതം നിരോധിച്ചു.   വാഹനങ്ങള്‍ കാര്യാറമ്പ് - കാഞ്ഞിരത്തട്ട് - എക്കോട്ടമ്പലം - പഴശ്ശി റോഡ് വഴി തിരിച്ച് പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു
2019-20 അധ്യയന വര്‍ഷം ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രീമെട്രിക് വിദ്യാഭ്യാസ  ആനുകൂല്യമായ പ്രതിമാസ സ്റ്റൈപ്പന്റ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.    ഫോറം നമ്പര്‍ ഒന്നില്‍ വിദ്യാര്‍ഥികളുടെ പേര് വിവരങ്ങളും ബാങ്ക് അക്കൗണ്ട് നമ്പറും ഐ എഫ് എസ് സി യും സഹിതം ജനുവരി 15 നകം ഐ ടി ഡി പി ഓഫീസില്‍ ഹാജരാക്കണം.  ഫോണ്‍: 0497 2700357.

സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ്:
644 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
ക്രിസ്തുമസ് - പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എക്‌സൈസ് വകുപ്പ് നടപ്പിലാക്കിയ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവില്‍ ജില്ലയില്‍ 644 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.  എക്‌സൈസ് മയക്കുമരുന്നുമായി ബന്ധപ്പെട്ട് 57 കേസുകളിലായി 9.547 കി ഗ്രാം കഞ്ചാവ്, 18 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 120.51 ഗ്രാം നൈട്രാസെപാം, 4.5 ഗ്രാം മെറ്റാഫറ്റമിന്‍, രണ്ട് കഞ്ചാവ് ചെടി, 0.44 ഗ്രാം എം ഭി എം എ യും മൂന്ന് വാഹനങ്ങളും കണ്ടെടുത്തു.  ഇതില്‍ ആഡംബര കാറില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയില്‍ ആറ് കി ഗ്രാം കഞ്ചാ.വും, മുംബൈയില്‍ നിന്നും വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പന നടത്തുന്നതിനായി കൊണ്ടുവന്ന 18 ഗ്രാം ബ്രൗണ്‍ഷുഗറും ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തുനിന്നും കണ്ടെത്തിയ രണ്ട് കഞ്ചാവ് ചെടികളും ഉള്‍പ്പെടുന്നു.
135 അബ്കാരി കേസുകളിലായി 2755 ലിറ്റര്‍ വാഷ്, 72 ലിറ്റര്‍ ചാരായം, 42.426 ലിറ്റര്‍ ഇതര സംസ്ഥാന മദ്യം, 429.7 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, 19.720 ലിറ്റര്‍ ബിയര്‍, ഒരു നാടന്‍ തോക്ക്, ആറ് വാഹനങ്ങള്‍ എന്നിവ പിടിച്ചെടുത്തു.
452 കോട്പ കേസുകളിലായി 827.51 കി ഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത് 90,400 രൂപ പിഴ ഈടാക്കി.  ഇതില്‍ പുതിയതെരു വാടക ക്വാര്‍ട്ടേഴസില്‍ നിന്നും 273 കി ഗ്രാം പുകയില ഉല്‍പ്പന്നങ്ങളുമായി ഉത്തര്‍പ്രദേശ് സ്വദേശികളെ അറസ്റ്റുചെയ്ത് പൊലീസിന് കൈമാറി ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം സംസ്ഥാനത്ത് ആദ്യമായി നടപടിയെടുത്തതും ഉള്‍പ്പെടുന്നു.

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പിലാക്കി വരുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സ്‌കീം പ്രകാരമുള്ള സ്‌കോളര്‍ഷിപ്പിന് 2020-21 അധ്യയന വര്‍ഷത്തെ പട്ടികവര്‍ഗ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനായി മാര്‍ച്ച് ഏഴിന് ഉച്ചക്ക് രണ്ട് മുതല്‍ നാല് മണി വരെ മത്സര പരീക്ഷ നടത്തും.  ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരും വാര്‍ഷിക വരുമാനം 50,000  രൂപയില്‍ കവിയാത്തവരുമായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം.  പ്രാക്തന ഗോത്രവര്‍ഗത്തില്‍പ്പെടുന്നവര്‍ക്ക് വരുമാന പരിധി ബാധകമല്ല.
2019-20 വര്‍ഷം നാലാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, സമുദായം, കുടുംബ വാര്‍ഷിക വരുമാനം, പഠിക്കുന്ന ക്ലാസ്/സ്‌കൂള്‍, ജനന തീയതി തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടെ ഫെബ്രുവരി അഞ്ചിനകം കണ്ണൂര്‍ ഐ ടി ഡി പി ഓഫീസിലോ, ഇരിട്ടി, തളിപ്പറമ്പ്, പേരാവൂര്‍, കൂത്തുപറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ, സൈറ്റ് മാനേജര്‍ ആറളം ഫാം ഓഫീസിലോ സമര്‍പ്പിക്കണം.  ഫോണ്‍: 0497 2700357.

സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവ്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലുള്ള ഒഴിവുകളിലേക്ക് ജനുവരി 10 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അഭിമുഖം നടത്തും.  
അക്കാദമിക്ക് കൗണ്‍സലര്‍, മള്‍ട്ടീമീഡിയ/അനിമേഷന്‍, അക്കൗണ്ടിങ്ങ്/ഡി ടി പി, കാഷ്യര്‍, സെയില്‍സ് എക്‌സിക്യുട്ടീവ്, ടീച്ചര്‍, ടെലി കോളേഴ്‌സ്, മാര്‍ക്കറ്റിങ്ങ് എക്‌സിക്യുട്ടീവ് എന്നിവയിലാണ് ഒഴിവുകള്‍. യോഗ്യത: എം എസ് സി/ ബി എസ് സി വിത്ത് ബി എഡ്, ബി കോം, മള്‍ട്ടീമീഡിയ അനിമേഷന്‍/ഡിപ്ലോമ ഇന്‍ അക്കൗണ്ടിങ്ങ്, ഡി ടി പി.  താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം.  നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പങ്കെടുക്കാവുന്നതാണ്.  ഫോണ്‍: 0497 2707610

 

date