മിഡ്‌നൈറ്റ് മാരത്തണും മ്യൂസിക് നൈറ്റും ജനുവരി 25 ന്
സമൂഹത്തില്‍ ഐക്യം ഊട്ടിയുറപ്പിക്കാനും സുരക്ഷിതത്വബോധം പകര്‍ന്നുനല്‍കാനുമായി ജില്ലാ ഭരണകൂടം ജില്ലാടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'റണ്‍ ഫോര്‍ യൂണിറ്റി' മിഡ്‌നൈറ്റ് മാരത്തണിന്റെ മൂന്നാമത് എഡിഷന്‍ ജനുവരി 25 ന് അര്‍ദ്ധരാത്രി കണ്ണൂരില്‍ നടക്കും. ഇതോടനുബന്ധിച്ച് മ്യൂസിക് നൈറ്റും സംഘടിപ്പിക്കും.
കണ്ണൂര്‍ കലക്‌ട്രേറ്റില്‍ നിന്നാണ് മാരത്തോണിന് തുടക്കമാവുക. താവക്കര, ഫോര്‍ട്ട് റോഡ്, സെന്റ് മൈക്കിള്‍സ് സ്‌കൂള്‍, പയ്യാമ്പലം ഗസ്റ്റ്ഹൗസ് റോഡ്, മുനീശ്വരന്‍ കോവില്‍, പഴയബസ് സ്ന്റാന്റ്, താലൂക്ക് ഓഫീസ്, കാല്‍ടെക്‌സ് വഴി തിരിച്ച് കലക്‌ട്രേറ്റില്‍ സമാപിക്കും. 25ന് അര്‍ദ്ധരാത്രി 11.59 മണിക്ക് തുടങ്ങി 26ന് പുലര്‍ച്ചെ ഒരു മണിയോടെ ഏഴു കിലോമീറ്റര്‍ ദൂരം താണ്ടി എത്തുകയാണ് ലക്ഷ്യം. അഞ്ചു പേര്‍ അടങ്ങുന്ന സംഘങ്ങള്‍ക്ക് മിഡ്‌നൈറ്റ് മാരത്തണില്‍ പങ്കെടുക്കാം. 500 രൂപയാണ് ഒരു ടീമിന്റെ രജിസ്‌ട്രേഷന്‍ ഫീസ്.
പുരുഷന്‍ന്മാര്‍ മാത്രമുളള ടീമുകളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 7500 രൂപയും സ്ത്രീകള്‍ മാത്രമുള്ള ടീമുകളില്‍ നിന്നും സ്ത്രീകളും പുരുഷന്‍ന്മാരും ചേര്‍ന്നുളള ടീമുകളില്‍ നിന്നും ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 10000 രൂപ വീതവുമാണ് സമ്മാനം. മാരത്തോണ്‍ വിജയകരമായി പൂര്‍ത്തികരിക്കുന്നവര്‍ക്ക് മെഡലും നല്‍കും. കഴിഞ്ഞ രണ്ടു വര്‍ഷമായി നടന്നുവരുന്ന മിഡ്‌നൈറ്റ് മാരത്തണില്‍ കഴിഞ്ഞ വര്‍ഷം 600ഓളം പേര്‍ പങ്കെടുത്തിരുന്നു. വിവിധക്ലബുകള്‍, സന്നദ്ധ സംഘടനകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, ലൈബ്രറികള്‍, ബാങ്കുകള്‍, സ്വകാര്യസ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ മത്സരത്തില്‍ പങ്കെടുക്കും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 0497-2706336, 9447524545, 9447564545.
മിഡ്‌നൈറ്റ് മാരത്തോണിന്റെ ഭാഗമായി നടത്തുന്ന മ്യൂസിക് നൈറ്റിന് രാജസ്ഥാന്‍ സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും സരിഗമപധനിസ റിയാലിറ്റി ഷോ വിജയിയുമായ മുഹമ്മദ് വകീല്‍ നേതൃത്വം നല്‍കും.
- Log in to post comments