Skip to main content

പണിമുടക്ക് ദിനത്തില്‍ രക്ഷയായി കനിവ് 108; യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം

പണിമുടക്ക് ദിനത്തില്‍ കനിവ് 108 ആംബുലന്‍സില്‍ യുവതിക്ക് സുഖപ്രസവം. പേരാവൂര്‍ എടത്തൊട്ടി സ്വദേശി അമൃത വൈശാഖാണ് കൂത്തുപറമ്പ് മാനന്തേരിയില്‍ വെച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
പ്രസവവേദനയെത്തുടര്‍ന്ന്  ഓട്ടോറിക്ഷയില്‍ കോളയാട് നിന്നും തലശ്ശേരിയിലെ ആശുപത്രിയിലേക്കു പോകുന്നതിനിടെ യുവതിക്ക് പ്രസവവേദന കലശലാകുകയും തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ കീഴില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കനിവ് 108 എന്ന ആംബുലന്‍സ് സേവനത്തിനായി ബന്ധപ്പെടുകയും ചെയ്യുകയായിരുന്നു.
മിനുട്ടുകള്‍ക്കകം കുതിച്ചെത്തിയ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പോകും വഴി യാത്രാമദ്ധ്യേ യുവതി സുഖ പ്രസവത്തിലൂടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. തുടര്‍ന്ന് യുവതിയെയും കുഞ്ഞിനേയും സുരക്ഷിതമായി കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഡ്യൂട്ടിയിലല്ലായിരുന്നുവെങ്കിലും വിവരം അറിഞ്ഞു ആശുപത്രിയില്‍ എത്തിയ ഗൈനക്കോളജിസ്റ്റ് ഡോ. റജിന അസീസ് അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ പരിചരണം നല്‍കുകയും ചെയ്തു. പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സില്‍ ഇഎംടി ഹണി മോളും പൈലറ്റ്  ധനേഷ് കുനിത്തലയുമാണ് ഉണ്ടായിരുന്നത്.
      പണിമുടക്ക് ദിനത്തില്‍ 108 ആംബുലന്‍സിന്റെ സേവനം ഉറപ്പാക്കാന്‍ ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ നിര്‍ദ്ദേശ പ്രകാരം ഡിഎംഒ ഡോ. കെ നാരായണ നായ്ക്, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ വി ലതീഷ് എന്നിവര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

date