Skip to main content

പേവിഷബാധക്കെതിരെ ജാഗ്രത പാലിക്കണം: ഡി എം ഒ

പേവിഷബാധക്കെതിരെ  ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു.  മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കു പകരുന്ന ഒരു ജന്തുജന്യരോഗമാണ് പേവിഷബാധ അഥവാ റാബിസ്. പേവിഷബാധ ഉണ്ടാക്കുന്നത് ഒരു ആര്‍. എന്‍. എ വൈറസാണ്.  ഉഷ്ണരക്തമുള്ള എല്ലാ ജീവജാലങ്ങളെയും പേവിഷം ബാധിക്കും. വൈറസ് ബാധ തലച്ചോറിന്റെ ആവരണത്തിനു വീക്കമുണ്ടാക്കി മരണം സംഭവിക്കുന്ന എന്‍സെഫാലൈറ്റിസ് എന്ന രോഗാവസ്ഥ ഉണ്ടാക്കുന്നു. പട്ടികളിലും പൂച്ചകളിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നു. പന്നി, കഴുത, കുതിര, കുറുക്കന്‍, ചെന്നായ, കുരങ്ങന്‍, അണ്ണാന്‍ എന്നീ മൃഗങ്ങളെയും ഈ രോഗം ബാധിക്കാറുണ്ട്. വീട്ടുമൃഗങ്ങളെയും വന്യമൃഗങ്ങളെയും ഒരേപോലെ രോഗം ബാധിക്കാം.
രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരില്‍ കണ്ടേക്കാവുന്ന വൈറസുകള്‍ മൃഗങ്ങളുടെ കടികൊണ്ടോ മാന്തുകൊണ്ടോ ഉണ്ടായ മുറിവില്‍ക്കൂടി/പോറലില്‍ക്കൂടി ശരീരപേശികള്‍ക്കിടയിലെ സൂക്ഷ്മ നാഡികളില്‍ എത്തപ്പെട്ട് കേന്ദ്രനാഡീവ്യൂഹത്തില്‍ക്കൂടി സഞ്ചരിച്ച് സുഷുമ്നാനാഡിയെയും തലച്ചോറിനെയും ബാധിക്കുന്നു. വൈറസ് ബാധ ഉണ്ടായി രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതുവരെയുള്ള ഇടവേള മാസങ്ങള്‍ നീണ്ടു നില്‍ക്കാം. കേന്ദ്രനാഡീവ്യൂഹത്തില്‍ വൈറസ് എത്ര പെട്ടെന്ന് എത്തുന്നുവോ അത്രയും ദൈര്‍ഘ്യം മാത്രമേ രോഗ ലക്ഷണങ്ങള്‍ പ്രകടമാകുവാന്‍ എടുക്കുകയുള്ളൂ. എന്നാല്‍ അസാധാരണമായി ഒരാഴ്ച മുതല്‍ ഒരു വര്‍ഷം വരെ എടുക്കാം. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമായാല്‍ മരണം തീര്‍ച്ചയാണ്.
കടിയേറ്റ ഭാഗം വെള്ളവും സോപ്പും ഉപയോഗിച്ച് നന്നായി കഴുകണം. അതിനുശേഷം തുണിയോ പഞ്ഞിയോ കൊണ്ട് തുടയ്ക്കണം. പിന്നീട് ഏതെങ്കിലും അണുനാശിനി കൊണ്ടും തുടയ്ക്കണം. എത്രയും വേഗം ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളുടെ കടിയേല്‍ക്കുകയോ അവയുടെ പോറല്‍ ഏല്‍ക്കുകയോ നേരിട്ട് ഇവയുമായി സമ്പര്‍ക്കത്തില്‍ വരികയോ ചെയ്തിട്ടുണ്ടെങ്കില്‍ നിര്‍ബന്ധമായും ആന്റി റാബിസ് വാക്സിനേഷന്‍ (എ ആര്‍ വി)  എടുക്കേണ്ടതാണ്. സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി  എന്നിവിടങ്ങളില്‍ ഈ കുത്തിവെപ്പ് സൗജന്യമായി ലഭിക്കും.  നാല് ഡോസ് കുത്തിവെപ്പാണ് എടുക്കേണ്ടത്.

date